പ്രത്യാശയുടെ നിറവുമായി സോമര്‍സെറ്റ് ദേവാലയത്തില്‍ വീണ്ടുമൊരു ക്രിസ്മസ് കരോള്‍

 

സെബാസ്റ്റ്യൻ ആൻ്റണി

konnivartha.com/ ന്യൂജേഴ്‌സി: നിലാവിന്റേയും, നക്ഷത്രങ്ങളുടേയും, ചിമ്മിനിവെട്ടത്തിന്റേയും ഇത്തിരിവെളിച്ചത്തില്‍ ലോകരക്ഷകന്റെ ജനനം വിളിച്ചറിയിച്ച്‌ കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്‌മസ്‌ രാവുകളെ സമ്പന്നമാക്കുമ്പോള്‍, ശാന്തിയുടേയും സമാധാനത്തിന്റേയും, സ്‌നേഹദൂതുമായി സോമര്‍സെറ്റ്‌ സെൻറ് തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയവും വാര്‍ഡ്‌ തോറുമുള്ള ക്രിസ്‌മസ്‌ കരോള്‍ ഈ വർഷവും ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്‌മസ്‌ കാലത്തിന്റെ ഓര്‍മയുണര്‍ത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാര്‍ത്ത ഉത്‌ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോള്‍ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിന്‌ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു, ക്രിസ്‌മസ്‌ സന്ദേശം നല്‍കി ക്രിസ്‌മസ്‌ ഗാനാലാപനത്തോടെയാണ്‌ സമാപിച്ചത്‌. വികാരി അച്ചനും കരോളിംഗില്‍ സജീവമായി പങ്കെടുത്തു.

ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ഓരോ ക്രിസ്മസ് എന്നും, വേദനിക്കുന്ന മനസുകള്‍ക്ക്‌ ആശ്വാസത്തിന്റെ സന്ദേശം നല്‍കി മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്ന ഈ നാളുകള്‍ ശാന്തിയുടേയും, സമാധാനത്തിന്റേയും സന്ദേശം നാമോരോരുത്തരിലും നിറയ്‌ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ വികാരി റവ.ഫാ. ആൻ്റണി പുല്ലുകാട്ട്‌ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

ദേവാലയത്തിലെ ഭക്തസംഘടനകള്‍ ഒത്തുചേര്‍ന്ന്‌ വാര്‍ഡ്‌തോറും ഇടവകയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശനം നടത്തി. വാര്‍ഡുകള്‍ തോറും നടത്തിയ ക്രിസ്‌മസ്‌ കരോളിന്‌ അതത്‌ വാര്‍ഡ്‌ പ്രതിനിധികള്‍ നേതൃത്വം നല്‍കി.

ക്രിസ്‌മസ്‌ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ ഭവന സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു.
കരോൾ സർവീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേൽക്കാൻ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു.

ഒമ്പത് വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 -ല്‍പ്പരം ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

തെരേസ ജോർജ് (സെൻറ്.അൽഫോൻസാ വാര്‍ഡ്‌), ജിജീഷ് തോട്ടത്തിൽ (സെൻറ്. ആൻ്റണി വാർഡ്), റോണി മാത്യു ( സെൻറ്. ജോർജ് വാർഡ് ), സാം മാത്യു (സെൻറ്‌. ജോസഫ് വാർഡ്), ദീപു വർഗീസ് (സെൻറ്‌. ജൂഡ് വാർഡ്), ബോബി വർഗീസ് (സെൻറ്‌. മേരിസ് വാർഡ്), ടോം ആൻ്റണി (സെൻറ്‌. പോൾ വാർഡ് ), റോബിൻ ജോർജ് (സെൻറ്‌. തെരേസ ഓഫ് കൽക്കത്ത വാർഡ് ), ജെയിംസ് പുതുമന (സെൻറ്‌. തോമസ് വാർഡ്) എന്നിവരാണ് വാര്‍ഡ്‌ പ്രതിനിധികള്‍.

സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി) 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.

error: Content is protected !!