സാന്ത്വനപ്രഭ പുരസ്കാരം ജിതേഷ്ജിക്ക്

 

konnivartha.com: മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ‘സാന്ത്വനപ്രഭ പുരസ്കാരം’വിഖ്യാത അതിവേഗ ചിത്രകാരനും എക്കോ -ഫിലോസഫറുമാമായ ജിതേഷ്ജിക്ക് സമ്മാനിക്കും.

‘വരയരങ്ങ്’ എന്ന തനതുകലാരൂപത്തിന്റെ ആവിഷ്കരണത്തിലൂടെയും പ്രചരണത്തിലൂടെയും പുതിയതലമുറയിൽ പൊതുബോധവും ജീവിതമൂല്യങ്ങളും സാമൂഹ്യ അവബോധവും പകരുന്ന ജിതേഷ്ജിയുടെ സാംസ്കാരിക – പാരിസ്ഥിതിക പ്രവർത്തനങ്ങൾ മുൻനിർത്തിയാണ്
പുരസ്‌കാരം നൽകുന്നത്.

ഇൻസ്റ്റാഗ്രാമിൽ 20 മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യ മലയാളിയെന്ന നിലയിലും
ഏഴ് ഏക്കറിലേറെ സ്ഥലത്ത് സ്വാഭാവികവനം വെച്ചുപിടിപ്പിച്ചു സംരക്ഷിച്ചുവരുന്ന പരിസ്ഥിതിപ്രവർത്തകനെന്ന നിലയിലും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനാണ് അന്താരാഷ്ട്രഖ്യാതി നേടിയ ഈ അതിവേഗചിത്രകാരൻ.
20 ലേറെ രാജ്യങ്ങൾ സഞ്ചരിച്ച് സചിത്രപ്രഭാഷണം നടത്തിയിട്ടുമുണ്ട്.

പതിനയ്യായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിഖ്യാത മജീഷ്യൻ സാമ്രാജ് ചെയർമാനായുള്ള ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

പുരസ്കാര സമർപ്പണ സമ്മേളനം 2023 ഡിസംബർ മാസം ഒമ്പതാം തീയതി ശനിയാഴ്ച നാലുമണിക്ക് മാവേലിക്കര പുന്നമൂട് അരമനയോട് ചേർന്നുള്ള സെന്റ് മേരിസ് ഹാളിൽ വച്ച് നടക്കും.
മലങ്കര കാത്തൊലിക്ക മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ ഇഗ്നാതിയോസ് തിരുമേനി,കേരളശ്രീപുരസ്കാര ജേതാവ്  ഡോ :  പുനലൂർ സോമരാജൻ, മജീഷ്യൻ സാമ്രാജ് എന്നിവർ ചേർന്ന് ജിതേഷ്ജിയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാരജേതാവിന് മാവേലിക്കര പൗരാവലിയുടെ സ്വീകരണവും നൽകും.സാംസ്കാരിക സമ്മേളനത്തിൽ സാന്ത്വനം പ്രസിഡന്റ് അഡ്വ. കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. രാമചന്ദ്രൻ മുല്ലശ്ശേരി സ്വാഗതം ആശംസിക്കും.

error: Content is protected !!