ഇടമുറിയാത്ത പരാതി പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്

 

കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളുടെ പത്തനംതിട്ട ജില്ലാതല അവലോകന യോഗം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നയിച്ചത് എട്ടു മണിക്കൂര്‍ 30 മിനിറ്റ് . ഓരോ പരാതിയിലും ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ആരോഗ്യ മന്ത്രി കൃത്യമായി വിലയിരുത്തി.

കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിരുന്ന പരിഹാര നിര്‍ദേശങ്ങളിന്മേല്‍ കൈക്കൊണ്ട നടപടികളാണ് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍
വിലയിരുത്തിയത്.

തിരക്ക് കൂട്ടാതെ ക്ഷമയോടു കൂടി ഓരോ വകുപ്പ് മേധാവികളെയും വിളിച്ചിരുത്തി ഓരോ പരാതിയും, അവയുടെ പരിഹാര നടപടികളും സൂക്ഷ്മമായി മന്ത്രി പരിശോധിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അത്രത്തോളം ഗൗരവം ഉള്ളതാണെന്ന് ഉറപ്പ് വരുത്തുന്ന വിലയിരുത്തല്‍. രാവിലെ 9.45 നു തന്നെ മന്ത്രി ഓഡിറ്റോറിയത്തില്‍ എത്തി. പത്തു മണിക്ക് തന്നെ ഫയല്‍ പരിശോധന തുടങ്ങി. ഒരു പരാതി പോലും വിട്ടു പോകാത്ത പരിശോധന.

അദാലത്ത് അവലോകന യോഗത്തില്‍ അടൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട പരാതി വിഷയങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് പത്തനംതിട്ട , തിരുവല്ല, പന്തളം നഗരസഭ കളുടെയും പിന്നീട് ഗ്രാമ പഞ്ചായത്തുകളുമായും വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട പരാതികളുടെ തുടര്‍നടപടികള്‍ പരിശോധിച്ചു. രാത്രി 7.30 ന് അദാലത്ത് നടപടി അവലോകന യോഗം പൂര്‍ത്തീകരിച്ചു.

ഇതിനിടയില്‍ ഉച്ചഭക്ഷണത്തിനുള്ള സമയം ഒഴിച്ചാല്‍ ആരോഗ്യ മന്ത്രിയുടെ ഇന്നലത്തെ ദിവസം പൂര്‍ണമായി അദാലത്ത് നടപടികള്‍ വിലയിരുത്തുന്നതിനാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള എന്നിവര്‍ അവലോകന യോഗം ഏകോപിപ്പിച്ചു.

 

വര്‍ഷങ്ങളായുള്ള പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കരുതലും കൈത്താങ്ങും അദാലത്തിലൂടെ കഴിഞ്ഞു:മന്ത്രി വീണാ ജോര്‍ജ്

 

വര്‍ഷങ്ങളായുള്ള പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കരുതലും കൈത്താങ്ങും അദാലത്തിലൂടെ കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്കുതല പരാതി പരിഹാര അദാലത്തില്‍ ലഭിച്ച പരാതികളില്‍ മന്ത്രിമാര്‍ നല്‍കിയ നിര്‍ദേശ പ്രകാരം സ്വീകരിച്ച പരിഹാര നടപടികള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അര്‍ഹതയുള്ളവര്‍ക്ക് നീതി ഉറപ്പാക്കുകയെന്നതാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1657 പരാതികളാണ് താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിച്ചതിലൂടെ ജില്ലയില്‍ നിന്ന് ലഭിച്ചത്. അദാലത്തില്‍ വച്ച് തന്നെ അവയില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിയിരുന്നു. റേഷന്‍ കാര്‍ഡ്, ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ അദാലത്തില്‍ വച്ച് തന്നെ വിതരണം ചെയ്യാനും സാധിച്ചു. അദാലത്തുകളില്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തവ തുടര്‍നടപടികള്‍ക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയിരുന്നു. അവയിലുണ്ടായ നടപടി പുരോഗതിയാണ് അവലോകനയോഗത്തില്‍ വിലയിരുത്തിയത്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം എല്ലാ പരാതികളും പൂര്‍ണമായ അര്‍ഥത്തില്‍ പരിഹരിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഓരോ ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചത്. ജില്ലാതല അവലോകനയോഗത്തിലും എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും എത്തി പുരോഗതി അറിയിച്ചു. കെട്ടിട നമ്പര്‍ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ച പരാതികള്‍ പൂര്‍ണമായും പരിഹരിച്ച് കുന്നന്താനം ഗ്രാമപഞ്ചായത്ത് മാതൃകയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!