മാലിന്യ നിര്‍മാര്‍ജനം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണം : മന്ത്രി വീണാ ജോര്‍ജ്

മാലിന്യ നിര്‍മാര്‍ജനത്തിനും സമ്പൂര്‍ണ ശുചിത്യത്തിനുംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ പ്രോജക്ടുകളുടെ ജില്ലാതല അവലോകനയോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാന്‍ കേരള സര്‍ക്കാര്‍  സമഗ്രപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.
ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികളെല്ലാം സമയപരിധിക്കുള്ളില്‍ നടപ്പിലാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  ജില്ലയിലെ ത്രിതല പഞ്ചായത്തുകളും, നഗരസഭകളും ചേര്‍ന്ന് ഈ വര്‍ഷം 75 കോടി രൂപയുടെ 1713 പ്രൊജക്ടുകളാണ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തയ്യാറാക്കിയിട്ടുള്ളത് . ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തേക്ക് മാറ്റി വെക്കരുതെന്നും ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.സമ്പൂര്‍ണ ശുചിത്വ പദ്ധതികള്‍ പകര്‍ച്ചവ്യാധികളെയും മാറാരോഗങ്ങളെയും തടയാനും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും സഹായമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

 

നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പേരില്‍ ജില്ല പ്ലാനില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമഗ്ര പദ്ധതിയുടെ നടത്തിപ്പിനെ പറ്റി യോഗത്തില്‍ അവലോകനം നടത്തി. ശുചിത്വവുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യങ്ങളെ പറ്റി വിവരശേഖരണം നടത്തുന്നതിന് ആവശ്യമായ ഹരിതമിത്രം സര്‍വേ ജില്ലയില്‍ നടന്നു വരികയാണ്. എല്ലാ ഭവനങ്ങളിലും , വ്യാപാര സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് വിവരശേവരണം നടക്കും. ഗാര്‍ഹിക ശൗചാലയങ്ങള്‍, പൊതു ശൗചാലയങ്ങള്‍, സോക്പിറ്റുകള്‍, കമ്പോസ്റ്റ് കേന്ദ്രങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന മിനി എംസിഎഫുകള്‍ എല്ലാ വാര്‍ഡിലും സ്ഥാപിക്കും.

 

പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. മാലിന്യ ശേഖരണം നടത്തുന്ന ഹരിതകര്‍മസേന ഒരു വാര്‍ഡില്‍ രണ്ട് എന്ന ക്രമത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പു വരുത്തും. പ്ലാസ്റ്റിക്ക് പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുന്ന ഫാക്ടറി കുന്നന്താനം കിന്‍ഫ്രപാര്‍ക്കില്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാകും.

 

കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് പൊതുമേഖലയും സ്വകാര്യ മേഖലയിലും വരുത്തും. ഹരിത കര്‍മ സേനയ്ക്ക് എല്ലാ ഭവനങ്ങളില്‍ നിന്നും യൂസര്‍ഫി നല്‍കണം. മാലിന്യ നിക്ഷേപം കൂടുതലായി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഹോട്ട് സ്‌പോട്ടുകളായി നിശ്ചയിച്ച് നീരീക്ഷണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ദേവാലയങ്ങള്‍ എന്നിവടങ്ങളില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൂണ്‍ 30 ന് മുന്‍പ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ശുചിത്വ കൗണ്‍സില്‍ അംഗങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേരണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

 

ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങള്‍, ശുചിത്വവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികള്‍, ശുചിത്വ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!