പത്തനംതിട്ട ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല തയ്യാർ

 

konnivartha.com: പത്തനംതിട്ട : ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഗ്രന്ഥശാല നഗര ഹൃദയത്തിൽ ഉദ്ഘാടനത്തിന് തയ്യാറായി. 22 ന് നടക്കുന്ന ചടങ്ങിൽ പുതുതായി തയ്യാറാക്കിയ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് നഗരത്തിലെ വിവിധ സ്കൂളുകളിൽ ഉപന്യാസം, ക്വിസ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്കുള്ള സമ്മാനവും വിവിധ മേഖലകളിൽ വിജയം നേടിയ പ്രതിഭകൾക്കുള്ള ആദരവും ചടങ്ങിൽ നൽകും.

വായനക്കാർക്ക് അലമാരകളിൽ തെരയാതെ തന്നെ പുസ്തകങ്ങൾ എവിടെയുണ്ടെന്ന് കമ്പ്യൂട്ടറിൽ നിന്ന് മനസ്സിലാക്കാനാകുന്ന സൗകര്യമാണ് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നഗരസഭാ ലൈബ്രറിയിൽ ലഭ്യമാകുന്നത്. കൃതി, എഴുത്തുകാരൻ, പ്രസാധകൻ, വർഷം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കൃതികൾ തെരഞ്ഞെടുക്കാൻ എളുപ്പമാകും. വെബ്സൈറ്റിലൂടെ ആവശ്യക്കാർക്ക് മൊബൽഫോൺ ഉൾപ്പടെയുള്ള ഉപകരണങ്ങളിലൂടെ പുസ്തക വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കുന്ന ചുവടുവയ്പിലൂടെ കാലാനുസ്യതമായി മാറുകയാണ് നഗരത്തിന്റെ ഗ്രന്ഥശാല.

മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലായി 35,000 പുസ്തകങ്ങളാണ് നഗരസഭ ലൈബ്രറിയിൽ ഉള്ളത്. ഇവയുടെയെല്ലാം വിശദാംശങ്ങൾ ഡേറ്റാബേസിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുസ്തകങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന ഡിഡിസി നമ്പറും ബുക്ക് നമ്പറും നൽകി ബാർകോഡ് പതിച്ചു. തുടർന്ന് ഇവ നമ്പർ അനുസരിച്ച് നിശ്ചിത സ്ഥാനങ്ങളിൽ ക്രമീകരിക്കുന്ന ജോലികളും പൂർത്തിയായി. കോഹ സോഫ്റ്റ്വെയർ ഉപയോഗിച്ചാകും ഇനിയുള്ള പ്രവർത്തനങ്ങൾ.

വായനക്കാരുടെ അംഗത്വ വിവരങ്ങൾ, എടുത്ത പുസ്തകങ്ങൾ തുടങ്ങിയ വിവരങ്ങളും സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും കൈവശമുള്ള പുസ്തകങ്ങളും ഇതിലൂടെ അറിയാൻ കഴിയും.

ജില്ലയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഗ്രന്ധശാല നാടിന് സമർപ്പിക്കുന്നതിൽ നഗരസഭാ ഭരണ സമിതിക്ക് അഭിമാനിക്കുന്നു. വിവരങ്ങൾ വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തി പുസ്തകങ്ങളുടെ ലഭ്യത വിവരങ്ങൾ ഓൺലൈനിലൂടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടമായി നിശ്ചിത ദൂരപരിധിയിൽ താമസിക്കുന്നവർക്ക് ഓൺലൈനിൽ ഓർഡർ ചെയ്യുന്ന പുസ്തകങ്ങൾ വീട്ടിലെത്തിക്കാനുള്ള സേവനവും ഒരുക്കുമെന്ന് നഗരസഭാ ചെയർമാർ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.

error: Content is protected !!