പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/06/2023)

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് കാരംവേലിയില്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും
വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ വായനാദിന സന്ദേശം നല്‍കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ വായന അനുഭവം പങ്കുവയ്ക്കും.

രാവിലെ 10.30ന് ഉന്നതപഠനവും വായനയും എന്ന വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന്‍ സ്വാഗതവും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ നന്ദിയും പറയും.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജ•ദിനമായ ജൂലൈ ഏഴിന് സമാപിക്കുന്ന രീതിയിലാണ് വിപുലമായ പരിപാടികളോടെ ഈ വര്‍ഷത്തെ വായനപക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, മറ്റ് വിവിധ വകുപ്പുകളും സംഘടനകളും സംയുക്തമായാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഗ്രന്ഥശാലകളിലും വായനദിനത്തില്‍ പരിപാടികള്‍ നടക്കും. വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധ പ്രചാരണങ്ങള്‍, മത്സരങ്ങള്‍, സെമിനാറുകള്‍, ഗ്രന്ഥശാലകളില്‍ പുതിയ അംഗത്വ കാമ്പയിന്‍, പുസ്തകങ്ങളുടെ പ്രദര്‍ശനം, ആസ്വാദന കുറിപ്പ് തയാറാക്കല്‍, പാഠ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

അശരണര്‍ക്ക് ആശ്വാസമേകി സഹകാരി സാന്ത്വന ആശ്വാസ നിധി

ജില്ലയിലെ അശരണരായ സഹകാരികള്‍ക്കു സഹകാരി സാന്ത്വനം ആശ്വാസ നിധി പദ്ധതിയിലൂടെ 2,95,000 രൂപ ധനസഹായമായി നല്‍കി പത്തനംതിട്ട ജില്ലാ സഹകരണ വകുപ്പ്.രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന 13 അശരണരായ സഹകാരികള്‍ക്കാണ് പദ്ധതിയിലൂടെ സര്‍ക്കാരിന്റെ ചികിത്സാ ധനസഹായം ലഭിച്ചത്  സഹകരണ  സ്ഥാപനങ്ങളില്‍ അംഗങ്ങളായിട്ടുള്ളവരില്‍ മാരകരോഗങ്ങള്‍ ബാധിച്ചവര്‍,വാഹന അപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍,ശയ്യാവലംബരായവര്‍, അപകടത്തില്‍പ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെയും മരണപ്പെട്ട അംഗങ്ങളുടെയും ആശ്രിതര്‍ തുടങ്ങിയവര്‍ക്കായി നടപ്പിലാക്കിയ സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം ജില്ലയിലെ 2575 അംഗങ്ങള്‍ക്ക് 5,22,30,000 രൂപ അനുവദിച്ചിട്ടുണ്ട് .

 

ചികിത്സയ്ക്കായി പരമാവധി 50,000 രൂപ വരെയും സഹകാരികള്‍ മരിച്ചാല്‍ പരമാവധി 25,000 രൂപയുമാണ് ആശ്രിതര്‍ക്ക് ലഭിക്കുന്നത്.ഇതുകൂടാതെ സഹകരണ മേഖലയുടെ ഉന്നമനം, വിവിധോദ്ദേശ്യ സ്വയം പര്യാപ്ത സംരംഭങ്ങള്‍ നടപ്പിലാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഓഹരിമൂലധനം ശക്തിപ്പെടുത്തുക എന്നിവയ്ക്കായി സഹകരണ സംഘങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ പദ്ധതി വിഹിതമായി 5,17,27,900 രൂപയും അനുവദിച്ചിട്ടുണ്ട്. സഹകരണ മേഖലയിലേക്കും സഹകരണ തത്വങ്ങളിലേക്കും യുവസംരംഭകരേയും സേവനദാതാക്കളേയും ആകര്‍ഷിക്കുന്നതിനും സഹകരണ മേഖലയില്‍ നൂനത ആശയങ്ങള്‍ നടപ്പിലാക്കി തൊഴില്‍ സാധ്യത ഉറപ്പാക്കുന്നതിനുമായി ജില്ലയില്‍ യുവസംരംഭക സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

 

പട്ടികജാതി/പട്ടികവര്‍ഗ യുവജന സഹകരണ സംഘം ഈ വിഭാഗത്തില്‍പെട്ട യുവജനങ്ങളെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നു.അംഗങ്ങളില്‍ സഹകരണ മനോഭാവം, പരസ്പര സഹകരണം എന്നിവ വളര്‍ത്തുന്നതിനും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പുതുതായി 10 സഹകരണ സംഘങ്ങള്‍ കൂടി രൂപീകരിച്ചു. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനായി വിഷരഹിത പച്ചക്കറി വിതരണം ചെയ്യുക എന്ന ലക്ഷ്യവുമായി സഹകരണ വകുപ്പ് ആരംഭിച്ച അഞ്ഞൂറേക്കര്‍ സ്ഥലത്ത് കൃഷി എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 35 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു വരുന്നു.

 

തണ്ണിത്തോട് എസ്.സി.ബി , തുമ്പമണ്‍ താഴം എസ്.സി.ബി, റാന്നി എസ്.സി.ബി
എന്നീ ബാങ്കുകള്‍ നാഷണലൈസ്ഡ് ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന അത്യാധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ ഉള്ള യുപിഐ സംവിധാനമുള്ള എടിഎം കാര്‍ഡുകളുടെ വിതരണം,തണ്ണീര്‍ പന്തല്‍ പദ്ധതിയുടെ ഭാഗമായി വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 100ല്‍ അധികം തണ്ണീര്‍ പന്തലുകള്‍,ജില്ലയില്‍ സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയില്‍ നീതിമെഡിക്കല്‍ സ്റ്റോര്‍, ഹെഡ് ആഫീസ് മന്ദിരം, സൂപ്പര്‍ മാര്‍ക്കറ്റ്, ജനസേവനകേന്ദ്രം ,ഇ.എം.എസ്. സഹകരണ ആശുപത്രിയില്‍ പുതിയതായി ഫിസിയോതെറാപ്പി യൂണിറ്റ് ,മുണ്ടിയപ്പളളി സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ സൗരോര്‍ജ്ജപ്ലാന്റ് തുടങ്ങിയ സേവനങ്ങളും പൊതുജനങ്ങള്‍ക്കായി വകുപ്പ് നല്‍കി വരുന്നു.

അപേക്ഷ ക്ഷണിച്ചു
റാന്നി ഗവ. ഐ.ടി.ഐയില്‍ ആഗസ്റ്റ് 2023 സെഷനില്‍ ഓണ്‍ലൈന്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ജൂലൈ 15 വരെ www.itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്‍.സി.വി.ടി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക് (രണ്ട് വര്‍ഷം), ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍-04735-296090

കുരുമുളക് വളളികള്‍ വിതരണം ചെയ്യും
വള്ളിക്കോട്  കൃഷി  ഭവന്‍ പരിധിയില്‍ കുരുമുളക് വികസന പദ്ധതി പ്രകാരം കുരുമുളക് വളളികള്‍ ജൂണ്‍ 19 മുതല്‍ വിതരണം നടത്തും. ആവശ്യമുളള കര്‍ഷകര്‍ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളുമായി കൃഷി ഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പുതിയ സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് അപേക്ഷിക്കാം
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി ( പി.എം.ഇ.ജി.പി) പ്രകാരം പുതിയ സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉല്‍പാദന മേഖലയില്‍ 50 ലക്ഷം വരെയും സേവനമേഖലയില്‍ 20 ലക്ഷം വരെയും സബ്സിഡിയോടുകൂടി വായ്പ നല്‍കും. പട്ടികജാതി -വര്‍ഗ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ക്ക് 35ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷകള്‍ www.kviconline.gov.in./pmegpeportal എന്ന ലിങ്ക് വഴി ഓണ്‍ലൈനായും നേരിട്ട് ഓഫീസിലും സമര്‍പ്പിക്കാം. ഫോണ്‍ : 0468 2362070, 9020209296.

ലഹരിക്കെതിരെ വായനാ ലഹരി സംഘടിപ്പിക്കുന്നു
ദേശീയ വായനാ വാരാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വായനാ ലഹരി എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20 ന് രാവിലെ 9.30 ന് പന്തളം എന്‍.എസ്.എസ്. ബോയിസ് ഹൈസ്‌കൂളില്‍ പ്രശസ്ത നോവലിസ്റ്റ് രവിവര്‍മ്മ തമ്പുരാന്‍ ഉദ്ഘാടനം ചെയ്യും.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. എ പ്രദീപ് അധ്യക്ഷതവഹിക്കും.കേരള സര്‍ക്കാര്‍ വിമുക്തി മിഷന്‍ പ്രസിദ്ധീകരണമായ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകം ജില്ലയിലെ സ്‌കൂളുകളില്‍ വിമുക്തി ക്ലബുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ വായിച്ചു കേള്‍പ്പിക്കും.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സെര്‍വര്‍ നിലവില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുളളതിനാല്‍ തൊഴിലാളി-തൊഴിലുടമകള്‍ക്ക് ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി ഒടുക്കാം. ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ,ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടയ്ക്കാം. ക്ഷേമനിധി കുടിശികയുളള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് ജൂണ്‍ 30 വരെ സമയ പരിധി അനുവദിച്ചു. പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.

 

മഴനടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും 19ന്
തദ്ദേശസ്വയം ഭരണ വകുപ്പ് , വനം വകുപ്പ്, സീതത്തോട് ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ എന്നിവര്‍ സംയുക്തമായി ജൂണ്‍ 19ന് ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് മുതല്‍ നിലക്കല്‍ വരെ മഴനടത്തവും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവും സംഘടിപ്പിക്കും.

ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ നിന്നാരംഭിക്കുന്ന പരിപാടിയുടെ ഫ്ളാഗ് ഓഫ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രമോദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ സന്ദേശം നല്‍കും. ഗുഡിക്കല്‍ റേഞ്ച് ഓഫീസര്‍ എസ് മണി പരിസ്ഥിതിയും വനനിയമങ്ങളും സംബന്ധിച്ച് വിഷയാവതരണം നടത്തും.

 

സമാപനസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, എല്‍എസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ്‌കുമാര്‍, ഇലന്തൂര്‍ ബിഡിഒ സി.പി രാജേഷ്‌കുമാര്‍, തദ്ദേശസ്വയം ഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വനം മേഖലയിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

 

ഹരിതമിത്രം ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം
ആറന്മുള ഗ്രാമപഞ്ചായത്തിലെ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ഹരിതമിത്രം ആപ്ലിക്കേഷന്റെ സേവനവും തുക നല്‍കലിന്റേയും  പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി നിര്‍വഹിച്ചു.  അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്‍ പഞ്ചായത്തില്‍ ആരംഭിച്ചത്. പഞ്ചായത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങള്‍ ക്യൂ ആര്‍ കോഡിലൂടെ അറിയുവാന്‍ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് അംഗങ്ങളായ രമാദേവി, ഉഷാ രാജേന്ദ്രന്‍, ജോസ് തോമസ്, ബിജു വര്‍ണശാല, സിന്ധു എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി ആര്‍ രാജേഷ്, ഹരിതകര്‍മ്മ സേനപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

സ്മാര്‍ട്ട് ആയി അരുവാപ്പുലം കൃഷിഭവന്‍: സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍
സംസ്ഥാനത്തെ ആദ്യ സ്മാര്‍ട്ട്കൃഷി ഭവന്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ യാഥാര്‍ഥ്യമാവുമ്പോള്‍, സേവനങ്ങള്‍ സുതാര്യമായി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുകയാണ്. നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവര സാങ്കേതികവിദ്യ, ഫ്രണ്ട് ഓഫീസ് സേവന സംവിധാനം എന്നിവയുടെ പ്രയോജനം ഇതുവഴി കര്‍ഷകന് ലഭ്യമാകും. കൂടാതെ കൃഷി സ്ഥലങ്ങളുടെ ഫാം പ്ലാനിന്റെ ഡിജിറ്റലൈസേഷന്‍, വിള ഇന്‍ഷുറന്‍സ്, പി.എം. കിസാന്‍ അപ്‌ഡേഷന്‍, വിള നഷ്ടപരിഹാരം, എയിംസ് പോര്‍ട്ടല്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയവ സ്മാര്‍ട്ട്കൃഷി ഭവനിലൂടെ ലഭ്യമാകും.കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും രോഗകീടാക്രമണങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനുമായി പോസ്റ്ററുകളും മാതൃകകളും കൃഷിഭവനോട് ചേര്‍ന്നുള്ള വിള ആരോഗ്യ പരിപാലനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. മണ്ണിന്റെ പുളിരസം ടെസ്റ്റ് ചെയ്യുന്നതിന് പി.എച്ച്. മീറ്റര്‍, കീടാരോഗങ്ങളെ സൂക്ഷമമായി നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി മൈക്രോസ്‌കോപ്പും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

 

ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 155 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങളുടെ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26 ന് പകല്‍ മൂന്നു വരെ. വിശദവിവരങ്ങള്‍ക്ക് – ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, പുളിക്കിഴ്, വളഞ്ഞവട്ടം പി. ഒ. തിരുവല്ല, ഫോണ്‍ – 0469 2610016, 9188959679 ഇമെയില്‍ – cdpopkz9@gmail.com

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജിന് ശേഷം അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ടാക്സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 9497713258.

റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് /പൗള്‍ട്ടറി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍ /സ്റ്റോര്‍ കീപ്പര്‍/ എന്യുമറേറ്റര്‍ (കാറ്റഗറി നം. 534/19, 535/19, 536/19) എന്നീ തസ്തികകളുടെ  08.06.2023 തീയതിയിലെ 408/2023/ഡിഒഎച്ച് , 409/2023/ഡിഒഎച്ച്, 410/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം ജൂണ്‍ 24 ന്  
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ജൂണ്‍ 24 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്പോട്ട് ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ 351 ക്യുബിക് മീറ്റര്‍  മണലും /എക്കലും കലര്‍ന്ന മിശ്രിതം ജൂണ്‍ 26ന് രാവിലെ 11 ന് വായ്പൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് യാര്‍ഡില്‍ സ്പോട്ട് ലേലം നടത്തും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിഡി ആയോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പത്തനംതിട്ടയുടെ പേരില്‍ സ്വീകരിക്കും.ഫോണ്‍ : 9446337912, 9544213475.ഇ-മെയില്‍ : eemipta@gmail.com

പാലിയേറ്റീവ് കെയര്‍ നേഴ്സ് ഒഴിവ്
പളളിക്കല്‍ പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പാലിയേറ്റീവ് കെയര്‍ നേഴ്സിന്റെ നിലവിലുളള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള വ്യക്തികളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. മതിയായ രേഖകള്‍ സഹിതം ജൂണ്‍ 24 ന് അകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 04734 288621.

 

കാര്‍ഷിക സമഗ്ര സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി അരുവാപുലം ഗ്രാമപഞ്ചായത്തിലെ എല്ലാ കര്‍ഷകരുടേയും ഓണ്‍ലൈന്‍ വിവര ശേഖരണം നടത്തും. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരേയും ഉള്‍പ്പെടുത്തി, പൂര്‍ണ്ണമായും കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ച പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഇ-മാര്‍ക്കറ്റിങ്ങിനുള സോഫ്റ്റ് വെയര്‍ വികസനവും നടത്തും.

error: Content is protected !!