കുപ്രസിദ്ധ മോഷ്ടാവ് ബിജു പോലീസ് പിടിയിൽ

konnivartha.com/പത്തനംതിട്ട : മോഷണം നടത്തി ജയിലിൽ പോകുകയും മോചിതനായശേഷം വീണ്ടും മോഷണം നടത്തുകയുംചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരംവെമ്പായം പോത്തൻകോട് സെന്റ് തോമസ് യു പിസ്കൂളിന് സമീപം ജൂബിലി ഭവൻ വീട്ടിൽ സൈറസിന്റെ
മകൻ സെബാസ്റ്റ്യൻ എന്ന് വിളിക്കുന്ന ബിജു (53)അറസ്റ്റിൽ.

വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽനിരവധി മോഷണകേസുകളിൽ പ്രതിയായ ഇയാളെകീഴ്‌വായ്‌പ്പൂർ പോലീസ് ആണ്ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽപിടികൂടിയത്.

മല്ലപ്പള്ളി കിഴക്ക് മുരണി മൂർത്തിപ്ളാക്കൽ വീട്ടിൽ വേണുഗോപാലിന്റെ മകൾ ബിന്ദു വേണുഗോപാലിന്റെ പരാതിപ്രകാരം കീഴ്‌വായ്‌പ്പൂർ പോലീസ് എടുത്ത കേസ്
ആണ് ആദ്യത്തേത്. ബിന്ദു ഫാർമസി അസിസ്റ്റന്റ് ആയി ജോലിനോക്കുന്ന മല്ലപ്പള്ളി ജോർജ്ജ് മാത്തൻ ആശുപത്രി ഫാർമസി റൂമിൽ മാർച്ച് 29 പുലർച്ചെ 5 മണിക്ക് അതിക്രമിച്ചുകടന്ന് ഇവരുടെ 80000 രൂപ വിലവരുന്ന രണ്ട് പവൻ സ്വർണമാല കവരുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപകമാക്കുകയും,
ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്‌ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. മോഷണം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച
വിരലടയാളങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തിയതിനെതുടർന്ന് ബിജുവിന്റെ വിരലടയാളം തിരിച്ചറിയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഒളിവിൽ കഴിഞ്ഞ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്നാണ് മറ്റ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. മല്ലപ്പള്ളി കിഴക്ക് ചാലുങ്കൽ പഞ്ചമി ദാസ് (36), ആനിക്കാട് നല്ലൂർ പടവ് കരിമ്പോലിൽ കമലസനന്റെ മകൻ വിശാൽ (28) എന്നിവരുടെ
പരാതികൾ പ്രകാരമാണ് ഈ കേസുകൾ എടുത്തത്.

പഞ്ചമിദാസിന്റെ വീടിന്റെ അടുക്കളയിൽ മാർച്ച് 29 ന് തന്നെ കയറി അടുക്കളഭാഗത്തെ ടാപ്പും ജനലിന്റെ നെറ്റ് ഇളക്കാൻ ശ്രമിച്ചു എന്നതാണ് പരാതി. ഏപ്രിൽ 9 രാത്രി 9 മണിക്കും 10 ന് രാവിലെ 7 മണിക്കുമിടയിൽ മല്ലപ്പള്ളി കെ മാർട്ട് ഷോപ്പിംഗ് കോംപ്ലക്സിലെ പലചരക്കു കടയുടെ മുൻഭാഗം ഗ്ലാസ്‌ തകർത്ത്‌ കടക്കുള്ളിൽ കയറി ജീവകാരുണ്യ സംഭാവനക്കായി വച്ചിരുന്ന രണ്ട് ബോക്സുകളിലെ 1500 രൂപയും, ഡ്രോയറിൽ നിന്നും 34800 രൂപയും മോഷ്ടിച്ചതാണ് മൂന്നാമത്തെ കേസ്.

കടയ്ക്ക് പുറത്ത് വച്ചിരുന്ന ഷോപ്പിംഗ് കോംപ്ലക്സ് ഉടമയുടെ 70000 രൂപയുള്ള സ്കൂട്ടറും മോഷ്ടാവ് കവർന്നു. ഇയാൾ മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവിടെ
നിന്നും പോലീസ് കണ്ടെത്തി. ഇവിടെ നിന്നും മോഷ്ടിച്ച സ്കൂട്ടർ അന്വേഷണത്തിൽ പായിപ്പാട് നിന്ന് കണ്ടെടുത്തു.

മോഷണം നടന്ന സ്ഥലങ്ങളിൽ നിന്നെടുത്ത വിരലടയാളങ്ങളെല്ലാം വിശദമായ ശാസ്ത്രീയ
പരീക്ഷണത്തിന് വിദഗ്‌ദ്ധർ വിധേയമാക്കിയത് പ്രതിയിലേക്ക് എത്താൻ പോലീസിനെ ഏറെ സഹായിച്ചു.

ചോദ്യം ചെയ്യലിൽ നിരവധി മോഷണങ്ങളെപ്പറ്റി പ്രതി വെളിപ്പെടുത്തി. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 6 ന് ബജാജ് പൾസർ ബൈക്ക് മോഷ്ടിച്ച് എടുത്താണ് 9 ന് ആനിക്കാട് കെ മാർട്ടിൽ എത്തി മോഷണം നടത്തിയത്. അവിടെ ആ ബൈക്ക് ഉപേക്ഷിച്ചിട്ട് അവിടെ നിന്നെടുത്ത സ്കൂട്ടറുമായി കടന്നു.പിന്നീട് പായിപ്പാട് ഉപേക്ഷിച്ചു. ഏപ്രിൽ 12 ന് ഇലവും
തിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ യമഹ ബൈക്ക് കവർന്നു. മാർച്ച്‌ 25 നാണ് ബിജു തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മോചിതനായത്. തുടർന്നാണ് ഈ മോഷണങ്ങളും കവർച്ചയും നടത്തിയത്. 26 ന് വെമ്പായത്തു നിന്നും ഹോണ്ട യുണികോൺ മോട്ടോർ
സൈക്കിൾ മോഷ്ടിച്ചാണ് മോഷണ പരമ്പരക്ക് തുടക്കമിട്ടത്.

അടുത്ത ദിവസം രാത്രിയും 28 ന് പുലർച്ചെക്കുമിടയിൽ അടൂരിൽ നിന്നും റേനാൾട്ട് കാർ കവർന്നു. പോലീസ് അന്വേഷണത്തിൽ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിന് സമീപമുള്ള വർക്ക്‌ ഷോപ്പിൽ നിന്നും കാർ കണ്ടെടുത്തു. തിരുവനന്തപുരം കഴക്കൂട്ടം, വെഞ്ഞാറമ്മൂട്, പോത്തൻകോട്, കോട്ടയം ഏറ്റുമാനൂർ, പള്ളിക്കാത്തോട്, ആലപ്പുഴ ചെങ്ങന്നൂർ, കൂടാതെ പുളിക്കീഴ്, ആറന്മുള, കീഴ്‌വായ്‌പ്പൂർ എന്നീ സ്റ്റേഷനുകളിൽഉൾപ്പെടെ 16 ഓളം
മോഷണക്കേസുകൾ ബിജുവിനെതിരെ നിലവിലുണ്ട്.

സാഹസികവും തന്ത്രപൂർവവും പിഴവുകളില്ലാതെയുമുള്ള കീഴ്‌വായ്‌പ്പൂർ പോലീസിന്റെ
അന്വേഷണമാണ് കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കാനിടയാക്കിയത്.

error: Content is protected !!