പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/06/2023)

ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ്
konnivartha.com :സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സേവനസന്നദ്ധരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി / അടിയ / പണിയ/  മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന.  നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് മുഖന സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കണം.  ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20 ന്  വൈകുന്നേരം അഞ്ചുവരെ . നിയമന കാലാവധി രണ്ട് വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് റാന്നി ട്രൈബല്‍ ഡവലപ്പ്മെന്റ്  ഓഫീസിലോ , റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. ഫോണ്‍  -04735 227703.

കിറ്റ്സില്‍ ടൂറിസം ഡിപ്ലോമ കോഴ്സുകള്‍
ടൂറിസം വകുപ്പ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്)ല്‍ പ്ലേസ്മെന്റോടുകൂടിയ ഹ്രസ്വകാല ഡിപ്ലോമ /പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.പിജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഒരു വര്‍ഷം) യോഗ്യത ബിരുദം.പിജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍ ഇന്‍ ടൂറിസം (പിഎസ്സി അംഗീകൃതം -ഒരു വര്‍ഷം) യോഗ്യത ബിരുദം. പിജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് (ഒരു വര്‍ഷം) യോഗ്യത ബിരുദം.ഡിപ്ലോമ ഇന്‍ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് (ഒന്‍പത് മാസം) യോഗ്യത പ്ലസ് ടു. അപേക്ഷ ഫോറം കിറ്റ്സ് വെബ് സൈറ്റില്‍ (www.kittsedu.org) ലഭിക്കും. ഫോണ്‍ : 0471 2329468/2339178.

ശാസ്ത്രീയ ജാതികൃഷി പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ജാതികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂണ്‍ 17 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍  പരിശീലനം നടക്കും.   കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂണ്‍ 16 ന് 3.30 മുമ്പായി  8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ഒറ്റത്തവണ പ്രമാണ പരിശോധന 
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍/ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട്  (കാറ്റഗറി നം. 527/2019, 598/2019, 600/2019 ,601/2019)  തസ്തികയുടെ  സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ജൂണ്‍ 15,16,17,19 തീയതികളില്‍  പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ  യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
ഫോണ്‍ : 0468 -2222665.

കിക്മ എം.ബി.എ അഭിമുഖം
സഹകരണ വകുപ്പിന്  കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 എം.ബി.എ. (ഫുള്‍ടൈം) കോഴ്സിലേക്ക്  ജൂണ്‍ 17 ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ അഭിമുഖം നടത്തും.കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും, എസ്.സി./എസ്.ടി/ ഒ.ഇ.സി/ ഫിഷര്‍മാന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍  യൂണിവേഴ്സിറ്റി  നിബന്ധനകള്‍ക്ക്   വിധേയമായി  ഫീസ് ആനുകൂല്യവും ലഭിക്കും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicma.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9446835303/ 8547618290.


ജി20 ജന്‍ഭാഗിദാരി പരിപാടികള്‍ സംഘടിപ്പിച്ചു

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ ജി 20  ജന്‍ഭാഗിദാരി പരിപാടികള്‍ സംഘടിപ്പിച്ചു.
ജി 20 ലോകരാഷ്ട്ര ഉച്ചകോടി സമ്മേളനത്തിന്റെ ബോധവല്‍ക്കരണ പരിപാടിയായ ജന്‍ഭാഗിദാരി പരമ്പരയുടെ ഭാഗമായി കേന്ദ്രീയ വിദ്യാലയ  വിദ്യാര്‍ഥികള്‍ക്കായി ക്വിസ് , പോസ്റ്റര്‍ മേക്കിഗ് , നേച്ചര്‍ വോക്കിംഗ്, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു . രക്ഷിതാക്കള്‍ക്കായി അടിസ്ഥാന സാക്ഷരതയും സംഖ്യാ ശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാലയും നടത്തി.

വാര്‍ഷിക പുതുക്കല്‍; തീയതി നീട്ടി
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള  പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്ത എല്ലാ അംഗതൊഴിലാളികളുടെയും 2022 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ ജൂണ്‍ 10 മുതല്‍ ജൂണ്‍ 30 വരെ നീട്ടി. നാളിതുവരെ വാര്‍ഷിക പുതുക്കല്‍ നടത്തിയിട്ടില്ലാത്ത അംഗതൊഴിലാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ . 0468 2324947.


വിദ്യാഭ്യാസ ആനുകൂല്യ വിതരണം

ജില്ലയില്‍ പ്രീമെട്രിക് തലത്തില്‍ പഠനം നടത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 2023-24 അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യുന്നു. നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി , വിദ്യാര്‍ഥിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് , സ്‌കൂള്‍ ഇമെയില്‍ അഡ്രസ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ സ്ഥാപന മേധാവി മുഖേന അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഡിബിടി മുഖേന അനുവദിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പേരിലുളള ബാങ്ക് അക്കൗണ്ട് സഹിതം അപേക്ഷ ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ജൂണ്‍ 30 ന് അകം എത്തിക്കണം.ഫോണ്‍ :04735 227703

ഇലക്ട്രീഷ്യന്‍, ഡ്രൈവര്‍ കം ഹെല്‍പര്‍ ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ തെരുവു വിളക്ക് പരിപാലന പ്രവൃത്തികളുമായി ബന്ധപ്പെട്ട്  തെരുവു വിളക്കുകള്‍ അറ്റകുറ്റപണികള്‍ തീര്‍ക്കുന്നതിനായി ഒരു ഇലക്ട്രീഷ്യന്റെയും  ഒരു ഡ്രൈവര്‍ കം ഹെല്‍പറിന്റെയും ഒഴിവുകള്‍ ഉണ്ട്. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 ന് രാവിലെ 11.30 ന് കൊടുമണ്‍ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.ഇലക്ട്രീഷ്യന്‍ :യോഗ്യത – ഐടിഐ (ഇലക്ട്രിക്കല്‍) പ്രായം -20-35.
ഡ്രൈവര്‍ കം ഹെല്‍പര്‍ : യോഗ്യത – എസ് എസ് എല്‍ സി, പ്രായം -20-35. ഫോര്‍ വീലര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. ഫോണ്‍ : 04734 285225.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് ഓഫീസിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിന്റെ ഒരു താത്കാലിക  ഒഴിവ്. യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 ന് രാവിലെ 10.30 ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. യോഗ്യത – ബി കോം, പിജിഡിസിഎ. ഫോണ്‍ : 04734 285225.

ക്വട്ടേഷന്‍
ടൂറിസം വകുപ്പ് ഡിടിപിസി യുടെ നിയന്ത്രണത്തിലുളള അരുവിക്കുഴി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്ന് വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 26 ന് പകല്‍ 12 വരെ. ഫോണ്‍ : 0468 2311343, 9447709944.

 

ജില്ലാതല പട്ടയമേള (16) റാന്നിയില്‍;റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

166 പട്ടയങ്ങള്‍ വിതരണം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പട്ടയമേള (16) ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നിയിലെ വളയനാട് ഓഡിറ്റോറിയത്തില്‍ റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയിലെ അടൂര്‍, കോന്നി, മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി, റാന്നി താലൂക്കുകളില്‍ പെട്ട 166 കുടുംബങ്ങള്‍ക്കാണ് പട്ടയ വിതരണം നടത്തുന്നത്. മല്ലപ്പള്ളി 42, തിരുവല്ല 22, റാന്നി 72, കോന്നി 17, കോഴഞ്ചേരി എട്ട്, അടൂര്‍ അഞ്ച് എന്നിങ്ങനെയാണ് താലൂക്ക്തലത്തില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍.

തടസങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് കൈവശക്കാര്‍ക്ക് വേഗം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുള്ള പട്ടയങ്ങള്‍ ഇതു ലഭ്യമായ ശേഷമായിരിക്കും വിതരണം ചെയ്യുക. ഇതിന് അനുമതി നേടിയെടുക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരുകയാണ്. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പട്ടയ മിഷന് രൂപം നല്‍കിയിട്ടുണ്ട്.

 

കോന്നി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം (ജൂണ്‍ 16)

കോന്നി ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം (16) 9.30 ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്, ക്ഷീര വികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ഗതാഗത നിയന്ത്രണം
കുമ്പഴ പ്ലാവേലി റോഡില്‍ റോഡ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കളിയിക്കപടി മുതല്‍ തോട്ടമുക്ക് വരെ ജൂണ്‍ 16 മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം
പരിയാരം വെട്ടിപുറം റോഡില്‍ റോഡ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ പരിയാരം  മുതല്‍ തോണിക്കുഴി  വരെ ജൂണ്‍ 16 മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ പത്തനംതിട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ശാസ്ത്രീയ ഇഞ്ചികൃഷി  പരിശീലനം ജൂണ്‍ 20ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ഇഞ്ചികൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ജൂണ്‍ 19 ന് 3.30 ന് മുമ്പായി  9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജി ഒഴിവ്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍  ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജിയില്‍ ഒഴിവുള്ള നാല്  തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് ജൂണ്‍ 19 ന് രാവിലെ  10.30 ന് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഹാജരാകണം. അതാത് വിഷയങ്ങളിലെ ഒന്നാം ക്ലാസ് ബാച്ചിലര്‍ ഡിഗ്രിയാണ് (ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ്ക്ലാസ് ) ലക്ചറര്‍ തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: എം.ടെക്,  അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍ ; 04734 231776.

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ ന്യൂനപക്ഷ ( ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാമപ്രദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. എട്ട്  ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭിക്കും.

കാര്‍ഷിക (പശു, ആട്, കോഴി വളര്‍ത്തല്‍),ചെറുകിട വ്യവസായ സേവന മേഖലയില്‍ പെട്ട ഓട്ടോറിക്ഷാ വാങ്ങുന്നതുള്‍പ്പെടെ വരുമാനദായകമായ ഏതു സംരംഭത്തിനും വായ്പ നല്‍കും.  തിരിച്ചടവ് കാലാവധി പരമാവധി 60 മാസം.വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം.
കൂടാതെ വിദ്യാഭ്യാസം, ഭവന വായ്പ, ഭവന പുനരുദ്ധാരണ വായ്പ വിവാഹ ധനസഹായ വായ്പ എന്നീ വായ്പകള്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കാം. ഫോണ്‍: 0468-2226111, 2272111,

ടെന്‍ഡര്‍
റാന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന് കീഴിലുളള നാല് പഞ്ചായത്തുകളിലെ 107 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്നിന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 8281865257.

error: Content is protected !!