പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :പ്രത്യേക കോടതി രൂപീകരിച്ചു

 

 

Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിന് എതിരായി നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്ക് വേണ്ടി ആലപ്പുഴയിൽ പ്രത്യേക കോടതി രൂപീകരിച്ചു.എല്ലാ കേസുകളും ഈ കോടതിയാണ് ഇനി പരിഗണിക്കുന്നത്.

രണ്ടായിരം കോടി രൂപയാണ് സ്ഥാപന ഉടമകൾ മുക്കിയത്. തട്ടിപ്പ് മൂടി വെക്കാൻ ആദ്യം മുതലേ പല കേന്ദ്രങ്ങളും ശ്രമിച്ചു. ഈ വിഷയത്തിൽ കോന്നി വാർത്ത ഡോട്ട് കോം ആദ്യ വാർത്ത നൽകിയതോടെ നിക്ഷേപകർ സംഘടിച്ചു. നിക്ഷേപകരുടെ നിരന്തര ശ്രമ ഫലമായി മറ്റ് മാധ്യമങ്ങളിൽ പിന്നീട് വാർത്ത വന്നു.

കോന്നി വകയാർ പോപ്പുലർ ഫിനാൻസ് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങളും കോടികളും ഉയർന്ന പലിശ വാഗ്ദാനം നൽകി വാങ്ങുന്ന ഇടപാടുകളിൽ ഇടപെട്ടിരുന്നു. മികച്ച പലിശ ലഭിച്ചതോടെ നിക്ഷേപകരുടെ എണ്ണം കൂടി. സ്ഥാപനത്തിന് എതിരെ പരാതി ഉയർന്നാൽ നിക്ഷേപ തുക മടക്കി നൽകിയിരുന്നു.

എന്നാൽ 2019 മുതൽ തട്ടിപ്പ് വ്യാപകമായി. പല പേരുകളിലും നിക്ഷേപം സ്വീകരിച്ചു. ലാബിന്റെ പേരിൽ പോലും സർട്ടിഫിക്കറ്റ് വിതരണം ചെയ്തതോടെ നിക്ഷേപകരിൽ സംശയം ജനിച്ചു. നിക്ഷേപം തിരികെ ആവശ്യപെട്ട് ആളുകൾ സമീപിച്ചതോടെ ഉടമയും മക്കളും മുങ്ങി. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

നിലവിൽ ഈ കേസ് സി ബി ഐ അന്വേഷിക്കുന്നു. ഇ ഡിയും സമാന്തരമായി അന്വേഷിക്കുന്നു. ഉടമയുടെ വകയാറിലെ പോപ്പുലർ ആസ്ഥാന മന്ദിരവും മറ്റൊരു കെട്ടിടവും വീടും വസ്തുവും മറ്റ് എല്ലാ കെട്ടിടവും സ്ഥലവും വാഹനവും കണ്ടു കെട്ടി.

ഉടമയും അമ്മയും ഭാര്യയും മൂന്ന് പെൺ മക്കളും ജാമ്യത്തിൽ ആണ്. നിക്ഷേപകരിൽ നിന്നും രണ്ടായിരം കോടി രൂപയെങ്കിലും തട്ടിച്ചു എന്നാണ് പ്രാഥമിക നിഗമനം.

നിക്ഷേപകർ നടത്തിയ നിരന്തര സമരം ആണ് സി ബി ഐ അന്വേഷണം ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യം. സമരങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. സി ബി ഐ കൊച്ചി യൂണിറ്റ് ആണ് അന്വേഷണം ഏറ്റെടുത്തത്. നിക്ഷേപകരിൽ നിന്നും മൊഴി എടുത്തിരുന്നു.

error: Content is protected !!