കാസർഗോട്ടെ ഭക്ഷ്യവിഷബാധ മരണം; ഹോട്ടലിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി

 

കാസർഗോഡ് ഭക്ഷ്യവിഷബാധയെത്തുടർന്ന് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തി. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിൽ ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു. നേരത്തെ അൽ റൊമാൻസിയ ഹോട്ടലിന്റെ പ്രവർത്തനം നിർത്തി വക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകിയിരുന്നു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. കാസർഗോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അഞ്ജുശ്രീ കുഴിമന്തിക്കൊപ്പം സൂപ്പും കഴിച്ചിരുന്നു എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം.

 

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും പരാജയം വ്യക്തമാക്കുന്നതാണ്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.

error: Content is protected !!