ശബരിമല വാര്‍ത്തകള്‍ ( 28/12/2022)

വൈദ്യുതി മുടങ്ങിയത് 39 സെക്കന്റ് മാത്രം

ശബരിമല: മണ്ഡല കാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39 സെക്കന്റ് മാത്രം. വൈദ്യുതി കേബിളില്‍ ചെറു ജീവികളുണ്ടാക്കിയ തകരാര്‍ സെക്കന്റുകള്‍ക്കകം പരിഹരിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വൈദ്യുതി എത്തിച്ചത്. എന്നാല്‍ വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതോടെ വന്യജീവികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാകുകയും വൈദ്യുതി തടസം കുറയുകയും ചെയ്തു. കൂടാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി കണ്ടെത്തുന്ന ലൈനിലെ പ്രശ്നങ്ങള്‍ അതാത് സമയം പരിഹരിക്കുന്നുണ്ട്. മണ്ഡല പൂജക്ക് ശേഷം നട അടച്ചതോടെ അവശേഷിക്കുന്ന പ്രവൃത്തി നടത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. കേബിള്‍ കടന്ന് പോകുന്ന വഴിയിലെ പരിശോധന, തകരാറിലായ ഫ്യൂസ്, ബള്‍ബ് എന്നിവ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്. ഇത് ഡിസംബര്‍ 30നകം പൂര്‍ത്തിയാകും.

ജല വിതരണം സുഗമമാക്കാന്‍ അറ്റകുറ്റ പ്രവൃത്തി

ശബരിമല: പമ്പ മുതല്‍ സന്നിധാനം വരെയുള്ള ജല വിതരണം സുഗമമാക്കാന്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റ പ്രവൃത്തി പുരോഗമിക്കുന്നു. അഞ്ച് പമ്പ് ഹൗസുകളിലെയും പൈപ്പ് ലൈനിലെയും പ്രവൃത്തിയാണ് നടത്തുന്നത്.

നാല് ടാങ്കുകളിലാണ് പ്രധാനമായും കുടിവെള്ളം ശേഖരിക്കുന്നത്. ശരംകുത്തിയില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട്, ആറ് ലക്ഷം ലിറ്ററിന്റെ ഒന്ന്, ജ്യോതി നഗറില്‍ 10 ലക്ഷം ലിറ്ററിന്റെ ഒന്ന് എന്നിങ്ങനെയാണ് ടാങ്കുകളുള്ളത്. നട തുറക്കുന്ന ഡിസംബര്‍ 30നകം ഈ സംഭരണികളില്‍ വെള്ളം നിറച്ചുവെക്കും. പമ്പു ഹൗസുകളിലും ചരല്‍മേട്, മരക്കൂട്ടം, ശബരീ പീഠം എന്നിവിടങ്ങളിലെ കുടിവെള്ള ലൈനിലുമുണ്ടായ ചോര്‍ച്ച പരിഹരിച്ചു. സ്റ്റാന്‍ഡ് ബൈ പമ്പുകളുടെ പ്രിവന്റീവ് അറ്റകുറ്റ പ്രവൃത്തിയും നടത്തി. ശുദ്ധജലം ഉല്‍പ്പാദിപ്പിക്കുന്ന ആര്‍ ഒ പ്ലാന്റുകളിലും പ്രവൃത്തി നടത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള 12 ആര്‍ ഒ പ്ലാന്റുകളില്‍ നിന്നും മണിക്കൂറില്‍ 35,000 ലിറ്റര്‍ വെള്ളമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

error: Content is protected !!