പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 28/11/2022 )

നിലയ്ക്കല്‍ വിമുക്തി പവലിയന്‍ ഉദ്ഘാടനവും ഫുട്ബോള്‍ ഷൂട്ട് ഔട്ടും 

 

ലഹരിമുക്ത  നവകേരളം സാക്ഷാത്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നോ റ്റു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല്‍ കെഎസ്ആര്‍റ്റിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായി പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പവലിയനും ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന ലക്ഷ്യത്തോടെ ഫുട്ബോള്‍ ഷൂട്ട് ഔട്ടും സംഘടിപ്പിക്കും.

 

വിമുക്തി പവലിയന്‍ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ (29) രാവിലെ ഒന്‍പതിന് നിര്‍വഹിക്കും. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയായുളള ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ; ശാരീരിക അളവെടുപ്പും കായികക്ഷമതാ
പരീക്ഷയും നവംബര്‍ 30 ന്

പത്തനംതിട്ട ജില്ലയില്‍ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- പട്ടികവര്‍ഗം- ആദിവാസി) (കാറ്റഗറി നമ്പര്‍. 92/2022 ആന്റ്  93/2022) തസ്തികകളുടെ 21/11/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 30 ന് രാവിലെ 5.30 ന് അടൂര്‍ വടക്കടത്തുകാവ് കെ.എ.പി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍, മെസേജ്,എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ :  0468 2222665.

   കോന്നി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം ഡിസംബര്‍ മൂന്ന്. നാല്  തീയതികളില്‍ നടക്കും. ഡിസംബര്‍ മൂന്നിന് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.  കലാ-കായികമല്‍സരങ്ങള്‍ ഡിസംബര്‍ മൂന്ന്, നാല്  തീയതികളില്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലുമായി നടക്കും.ഡിസംബര്‍ നാലിന് വൈകുന്നേരം അഞ്ചിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.  ഗ്രാമപഞ്ചായത്ത്തല വിജയികള്‍ നവംബര്‍ 29-ന് അഞ്ചിന്  മുന്‍പായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

 

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയുടെ (കാറ്റഗറി നം. 296/2014)തസ്തികയിലേക്ക് 29/05/2017 തീയതിയില്‍  പ്രാബല്യത്തില്‍ വന്ന 516/2017/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്‍ഷ കാലാവധിയും കെപിഎസ് സി റൂള്‍സ് ഓഫ് പ്രൊസിഡ്യൂര്‍ റൂള്‍ 13 പ്രകാരമുളള ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും തുടര്‍ന്ന് ദീര്‍ഘിപ്പിക്കപ്പെട്ട അധിക കാലാവധിയും 04/08/2021 അര്‍ധരാത്രിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ പബ്ലിക് ചാര്‍ജിംഗ്
എന്ന വിഷയത്തില്‍ വെബിനാര്‍

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമാക്കാന്‍ ആഗ്രഹിക്കുന്ന സാരംഭകര്‍ക്കായും ചാര്‍ജിങ് സ്റ്റേഷന്റെ അടിസ്ഥാന കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്മെന്റ് (കീഡ്), വ്യവസായ  വാണിജ്യ വകുപ്പ്,  ഓപ്പര്‍ച്യൂണിറ്റീസ് ഇന്‍ പബ്ലിക് ചാര്‍ജിംഗ് എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നിക്കല്‍ മാനേജര്‍ ആന്റ് ഹെഡ് ഇ-മൊബിലിറ്റി അനേര്‍ട്ട്  ജെ മനോഹരന്‍ നയിക്കുന്ന പരിശീലനം നവംബര്‍ 28ന് വൈകുന്നേരം ആറു മുതല്‍ ഏഴു വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ് ഫോം)മാര്‍ഗത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍   www.kied.info എന്ന വെബ്സൈറ്റ്  സന്ദര്‍ശിച്ച് അപേക്ഷിക്കണം.


ഇലന്തൂര്‍ -ബ്ലോക്ക് തല കേരളോത്സവം നടത്തി

ഇലന്തൂര്‍ -ബ്ലോക്ക് തല കേരളോത്സവം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു.
കേരളോത്സവം വര്‍ക്കിംഗ്് ചെയര്‍പേഴ്സണ്‍ സാലി ലാല പുന്നക്കാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, അംഗങ്ങളായ ജിജി ചെറിയാന്‍ മാത്യു,  അജി അലക്സ്, സാറാമ്മ ഷാജന്‍, സാം പി മാത്യു, കെ.ആര്‍. അനീഷ,  ആതിര ജയന്‍ മൈലക്കല്‍, വി. ജി. ശ്രീവിദ്യ,  കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി ഈശോ എന്നിവര്‍ പങ്കെടുത്തു.
ചെറുകോല്‍ അറീനയില്‍ ആരംഭിച്ച ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.  ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ക്ക് ശേഷം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും.

സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് 2022-23 അധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമകോഴ്സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇന്ന് (29) നടക്കുന്ന സ്പോട്ട്അഡ്മിഷനില്‍ സ്പോട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇപ്പോള്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ക്കും ബ്രാഞ്ച്മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവമാത്രം ഹാജരാക്കിയാല്‍ മതിയാകും. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. കോഷന്‍ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍(ഏകദേശം 4000 രൂപയും)ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകപ്പുകളില്‍ ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലര്‍ക്ക് (നേരിട്ടുളള നിയമനം- കാറ്റഗറി നമ്പര്‍. 103/2019) (തസ്തികമാറ്റം- കാറ്റഗറി നമ്പര്‍. 104/2019) തസ്തികയുടെ 16/11/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 15/2022/ഡിഒഎച്ച് ആന്റ് 16/2022/ഡിഒഎച്ച്  നമ്പര്‍ സാധ്യതാപട്ടികകളുടെ പകര്‍പ്പുകള്‍ പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

മെഡിക്കല്‍ ക്യാമ്പ്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെയും  സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും  ചുമതലയില്‍ ജില്ലാ ശിശുക്ഷേമ സമിതിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് നവംബര്‍ 30 ന് രാവിലെ 9.30 ന് ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപിഎസില്‍ ആറു വയസിന് താഴെ പ്രായമുളള കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.  രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പും ഒന്നു മുതല്‍ രണ്ടു വരെ രക്ഷകര്‍ത്താക്കള്‍ക്കുളള സെമിനാറുമാണ് സംഘടിപ്പിച്ചിട്ടുളളത്.

ഇ-ടെന്‍ഡര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴ്  പൊതുമരാമത്ത് പ്രവര്‍ത്തികളുടെ (ഇലക്ട്രിക്കല്‍ വര്‍ക്ക് ഒന്ന്) അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വെബ് സൈറ്റ് : www.lsgkerala.gov.in , www. etenders.kerala.gov.in.

error: Content is protected !!