കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

 

പത്തനംതിട്ട : മുൻവിരോധം കാരണം അയൽവാസിയെ കമ്പിവടികൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച കേസിൽ പ്രതിയെ കൊടുമൺ പോലീസ് പിടികൂടി.

കൊടുമൺ കിഴക്ക് എരുത്വാക്കുന്ന് സുജാഭവനം വീട്ടിൽ  പ്രവീൺ കുമാറിന്റെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അമിത് കുമാർ (19) ആണ് അറസ്റ്റിലായത്. അയൽവാസി ചരുവിളയിൽ രാജപ്പന്റെ മകൻ രാജേഷി(31)നെയാണ് പ്രതി വെള്ളിയാഴ്ച്ച സന്ധ്യക്ക്‌ ആക്രമിച്ചത്.

രാജേഷിന്റെ സഹോദരൻ വിഷ്ണുവുമായി പ്രതി നേരത്തെ വഴക്കുണ്ടാക്കിയിരുന്നു. ഇതെപ്പറ്റി ഇവരുടെ മാതാവ് കണ്ണന്റെ വീട്ടിലെത്തി ചോദിച്ച വിരോധം കാരണം, ഇയാൾ ഇവരുടെ വീടിന്റെ മുറ്റത്ത് വന്നു നിന്ന് മാതാപിതാക്കളെ തെറിവിളിക്കുകയും, അച്ഛനെ പിടിച്ചുതള്ളുകയും ചെയ്തു. ഇതുകണ്ട് രാജേഷ് പുറത്തിറങ്ങിയപ്പോൾ തിരികെ വീട്ടിലേക്ക്
കയറിയശേഷം അവിടെ നിന്ന് അസഭ്യം വിളിക്കുകയും, കല്ലെടുത്ത് എറിയുകയും ചെയ്തു. ഏറുകൊള്ളാതെ ഒഴിഞ്ഞുമാറിയ രാജേഷിനെ, റോഡിൽ കിടന്ന കമ്പിവടികൊണ്ട് പ്രതി അടിക്കുകയായിരുന്നു.

കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് വീണ്ടും അടിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ ഓടിയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ തലയിൽ 13 തുന്നലുകൾ വേണ്ടിവന്നു. പോലീസ്  ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ശനി ഉച്ചക്ക് പ്രതിയെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ സതീഷ് കുമാർ, രതീഷ് കുമാർ, എസ് സി പി ഓ ശിവപ്രസാദ്, സി പി ഓമാരായ ഷിജു, പ്രദീപ്‌, ബിജു, അതുൽ, നഹാസ് എന്നിവരാണുള്ളത്.

error: Content is protected !!