ലഹരി നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍

ലഹരി ഉപയോഗം  നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നടത്തുന്ന  ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍  ഏകോപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. ലഹരിമുക്ത കേരളം യാഥാര്‍ഥ്യമാക്കുന്നതിന് ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും  എക്‌സൈസ്, പോലീസ്, ആരോഗ്യ വകുപ്പുകള്‍ ഇതിന്റെ ഭാഗമായി വലിയ മുന്‍കരുതലുകളാണ് എടുത്തിരിക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ഐഎച്ച്ആര്‍ഡി കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ലത അധ്യക്ഷയായിരുന്നു.  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍, ഡോ. എല്‍. ഷാജി, പിറ്റിഎ പ്രസിഡന്റ് ജോര്‍ജ് കുട്ടി, മാളവിക തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!