പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നര ബലി : ഞെട്ടിക്കുന്ന മറ്റു വിവരങ്ങള്‍ പോലീസ് ശേഖരിച്ചു

നരബലി : ഷാഫിയും ലൈലയും ചേർന്ന് ഭഗവലിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു : പോലീസ്

konnivartha.com : ഇലന്തൂരിൽ നരബലിയ്ക്ക് ശേഷം കൊല്ലപെട്ടവരുടെ മാംസം ഭക്ഷിച്ചതായി പ്രതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ പിടിയിലായ ലൈലയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. റോസ്ലിന്‍റെ മൃതദേഹത്തിൽ നിന്ന് വാരിയെല്ലിന്റെ മുൻഭാഗത്തെ മാംസം അറുത്തു മാറ്റിയ നിലയിൽ ആയിരുന്നു. പത്മയുടെ ലൈംഗികാവയവം ഭഗവൽ സിംഗ് ഭക്ഷിച്ചത് യുവത്വം നിലനിർത്താണെന്നും ലൈല പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.നരബലിയ്ക്ക് പത്മയെ എത്തിക്കാൻ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുൻകൂറായി ഇലന്തൂരിലെ ഭഗവൽസിംഗ് -ലൈല ദമ്പതികളിൽ നിന്ന് ഷാഫി വാങ്ങി.

ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലൈല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യ കൊലയ്ക്ക് ശേഷം തന്നെ ഭഗവൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. രണ്ടാം കൊല കൂടി നടന്ന ശേഷം ഭഗവൽ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോ എന്ന പേടി ലൈലക്കും ഷാഫിക്കുമുണ്ടായിരുന്നു. തുടർന്ന് ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ പദ്ധതി പ്രാവർത്തികമാക്കും മുൻപേ തന്നെ പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പദ്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇന്നലെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.

ഇലന്തൂരിലെ നരബലി; മൂന്ന് പ്രതികളും റിമാൻഡിൽ, ലൈല വനിതാ ജയിലിലേക്ക്

ഇലന്തൂരിലെ നരബലി കേസിൽ മൂന്ന് പ്രതികളെയും ഈമാസം 26 വരെ റിമാൻഡ് ചെയ്തു. ഷാഫിയെയും ഭഗവൽ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാർപ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നരബലിയെ കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും.

ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചു 

ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 ദിവസം മുൻപ് എറണാകുളത്ത് ഉള്ള ലോട്ടറി വിൽക്കുന്ന മറ്റൊരു സ്ത്രീയെയും ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചു. 24 മണിക്കൂറിനുള്ളിൽ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്.ഇലന്തൂരിൽ ദിവ്യശക്തിയുള്ള ദമ്പതികൾ ഉണ്ടെന്നും അവിടെ പോയാൽ സാമ്പത്തിക പ്രശ്നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം.ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്നും സ്ത്രീകൾ പൊലീസിനോട് വെളിപ്പെടുത്തി.

പത്മയും റോസ്ലിയും ധരിച്ച സ്വർണ്ണവും ഷാഫി കൈക്കലാക്കി

പത്മയും റോസ്ലിയും ധരിച്ച സ്വർണ്ണവും ഷാഫി കൈക്കലാക്കിയിരുന്നു. ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം ഇലന്തൂരില്‍ വരുന്നോ, പണവും സമ്പാദ്യവും ഉണ്ടാകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.

ഇലന്തൂരിലെ നരബലിയിൽ പ്രതികൾക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ

ഇലന്തൂരിലെ നരബലിയിൽ പ്രതികൾക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളിൽ ആളൂരും പൊലീസുമായി തർക്കം. പ്രതികളെ കാണാൻ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം. മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി ജയകുമാർ വ്യക്തമാക്കിയതോടെയാണ് സംഭവം തർക്കത്തിലേക്കെത്തിയത്. പ്രതികളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അപേക്ഷ തയാറാക്കുകയാണ്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എ സി പിയും, എ സി പിക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനും ആവശ്യപ്പെട്ടു.

ഭ​ഗവൽ സിം​ഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികൾക്കുവേണ്ടിയും താൻ ഹാജരാകുമെന്നാണ് ആളൂർ അറിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്.

ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു

പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്.

വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.ഭഗവൽ സിങ്ങിന് 7.45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്. ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടവ് നീണ്ട നാൾ മുടങ്ങിക്കിടക്കുകയായിരുന്നു. മകൾക്ക് ജോലി ലഭിച്ചശേഷം കുറച്ചു തുക തിരികെ അടച്ചുവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി

ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളും ഗൂഢാലോചന നടത്തി

സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകാന്‍ ദേവീ പ്രീതിയ്ക്കായി മനുഷ്യക്കുരുതി നടത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളും ഗൂഢാലോചന നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അതിക്രൂരമായാണ് രണ്ടു സ്ത്രീകളേയും പ്രതികള്‍ കൊലപ്പെടുത്തിയതെന്നും മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തതെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് കാണിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു

ലൈംഗികവൃത്തിക്കായി വന്നാല്‍ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയില്‍വെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് പ്രതികള്‍ പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു.തുടര്‍ന്ന് പത്മയെ മറ്റൊരു മുറിയില്‍ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാന്‍ നേരത്തെ എടുത്തുവെച്ച കുഴിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഭഗവല്‍ സിങ്ങ് റോസ്ലിന്റെ മാറിടം അറുത്തുമാറ്റി പ്രത്യേകം സൂക്ഷിക്കുകയും ചെയ്തു

നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഷാഫി കോട്ടയത്തുനിന്ന് റോസ്ലിനെ ഇലന്തൂരിലെത്തിച്ചത്.കിടപ്പുമുറിയില്‍വെച്ച് നീലച്ചിത്രം ഷൂട്ട് ചെയ്യാനെന്ന വ്യാജേന വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ച് കൈകാലുകള്‍ ബന്ധിച്ച് റോസ്ലിനെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഇതിനുശേഷം ജീവനോടെയിരുന്ന റോസ്ലിന്റെ രഹസ്യഭാഗത്ത് ലൈല കത്തി കയറ്റിയശേഷം അതുവലിച്ചൂരി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.ഭഗവല്‍ സിങ്ങ് റോസ്ലിന്റെ മാറിടം അറുത്തുമാറ്റി പ്രത്യേകം സൂക്ഷിക്കുകയും ചെയ്തു.മൂന്നുപ്രതികളും ചേര്‍ന്ന് മൃതദേഹത്തില്‍നിന്ന് കൈകളും കാലുകളും വെട്ടുകത്തികൊണ്ടും മൂര്‍ച്ചയുള്ള മറ്റൊരു കത്തികൊണ്ടും അറുത്തും വെട്ടിയും കഷണങ്ങളാക്കിയ ശേഷം പറമ്പിലെ കുഴിയില്‍ മറവുചെയ്യുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫി: സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്

പത്തനംതിട്ട ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫിയാണെന്ന് പോലീസ്. ചോദ്യംചെയ്യലുമായി ഇയാള്‍ ആദ്യം സഹകരിച്ചില്ലെന്നും ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

 

ഈ കേസില്‍ ആദ്യം കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളും സ്‌കോര്‍പിയോ കാറുമാണ് തുമ്പായത്.അങ്ങനെ ഷാഫിയിലേക്ക് എത്തി. എന്നാല്‍ ഷാഫിയെ ചോദ്യംചെയ്തിട്ട് ഒന്നും ലഭിച്ചില്ല. ഇയാള്‍ ചോദ്യംചെയ്യലുമായി സഹകരിച്ചില്ല. ഇതോടെ ശാസ്ത്രീയ തെളിവുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും ശേഖരിച്ചു.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്ക് എത്തി. അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷനും ശേഖരിച്ച് നടത്തിയ അന്വേഷണം ദമ്പതിമാരിലേക്ക് എത്തി. അവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യംചെയ്തപ്പോളാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. ഈ നരബലിയിലെ മുഖ്യപ്രതി ഷാഫിയാണ്. ആറാംക്ലാസ് വരെ മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസം. ഇയാള്‍ താമസിക്കാത്ത സ്ഥലങ്ങളില്ല. ചെയ്യാത്ത ജോലികളില്ല.കടുത്ത ലൈംഗികവൈകൃതത്തിന് അടിമയായ ഷാഫിയാണ് നരബലിയുടെ മുഖ്യസൂത്രധാരന്‍.മറ്റുള്ളവരില്‍ മുറിവുകളുണ്ടാക്കി ആനന്ദം കണ്ടെത്തുന്ന ഇയാള്‍ ഒരു സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്.ഷാഫിക്കെതിരേ പുത്തന്‍കുരിശില്‍ 75-കാരിയെ ബലാത്സംഗം ചെയ്ത കേസുണ്ട്. ആ സ്ത്രീയെയും കത്തി കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ ആക്രമിച്ചിരുന്നു.അതേരീതിയില്‍ തന്നെയാണ് നരബലിക്കിരയായ സ്ത്രീകളുടെയും സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍പ്പിച്ചത്. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഷാഫി ഭഗവല്‍സിങ്ങിനെ പരിചയപ്പെടുന്നത്. ഗൂഗിളില്‍നിന്നെടുത്ത ഒരു ഫോട്ടോയാണ് ഈ പ്രൊഫൈലിന്റെ ചിത്രമായി ഉപയോഗിച്ചിരുന്നത്. വ്യാജ പ്രൊഫൈല്‍ ഐ.ഡി.യിലുള്ള ആളെ ഭഗവല്‍സിങ് സ്‌നേഹിച്ചു.കുടുംബം പൂര്‍ണമായും ഇവരെ വിശ്വസിക്കുന്നനിലയിലെത്തി.അത് നരബലി വരെ എത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു.സമാനരീതിയില്‍ മറ്റുസംഭവങ്ങളുണ്ടായോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഇയാള്‍ കൂടുതല്‍ സ്ത്രീകളെ സമാന രീതിയില്‍ അപായപ്പെടുത്തിയോ എന്ന നിലയില്‍ ആണ് നിലവില്‍ അന്വേഷണം . കേരളത്തിലെ മുഴുവന്‍ കാണ്മാന്‍ ഇല്ലാത്ത കേസും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു . അതില്‍ യുവതികളുടെ കേസുകള്‍ പ്രത്യേകം വിശകലനം ചെയ്യുന്നു . സ്ത്രീകളെ അതി ക്രൂരമായി കൊല്ലുന്ന ഒരാളെ ആദ്യമായി ആണ് കേരളം കാണുന്നത് .അതില്‍ ആനന്തം കണ്ടെത്തുന്ന ആളാണ്‌ മുഹമ്മദ് ഷാഫി.

 

error: Content is protected !!