ഇന്ന്‌ ലോക ഫോട്ടോഗ്രാഫി ദിനം : ആർ .കെ .കൃഷ്‌ണരാജ്‌ , ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ

 

ഇന്ന്‌ ലോക ഫോട്ടോഗ്രാഫി ദിനം :ആർ .കെ .കൃഷ്‌ണരാജ്‌ ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ

 

വിസ്‌മൃതിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയേക്കാവുന്ന മഹാസംഭവങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പുതിയ തലമുറക്കായി തിരുശേഷിപ്പുകള്‍പോലെ കരുതുകയും കൈമാറുകയും ചെയ്ത കലാ സാങ്കേതിക മികവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഫോട്ടോഗ്രാഫി .

പ്രകാശസംവേദനശേഷിയുള്ള പ്രതലത്തില്‍ അഥവാ പ്രത്യേക പേപ്പറില്‍ ജോസഫ് ഫോര്‍ നൈഫി എന്ന ഫ്രഞ്ചുകാരന്‍ ഒബ്‌സ്ക്യുറ ക്യാമറ വഴി ആദ്യമായി ചിത്രം പകര്‍ത്തിയത് 1816 ല്‍ .ദൃശ്യകലാമാധ്യമങ്ങളില്‍ ഫോട്ടോഗ്രാഫിക്ക് അന്ന് ഇന്നും ഏറെ പ്രധാന്യമാണുള്ളത് .

മുക്കാലിയിലുറപ്പിച്ച ഫോട്ടോ എടുക്കുന്ന പെട്ടിയുമായായി വരുന്ന ഫോട്ടോഗ്രാഫര്‍ പെട്ടിക്കടുത്ത് ഒട്ടിനിന്ന് തലവഴി പുതപ്പുപോലുള്ള കറുത്ത തുണിയിട്ട് മൂടി റെഡി വണ്‍ ടൂ ത്രീ എന്ന നിര്‍ദ്ദേശവുമായി ലെന്‍സിന്റെ മൂടി തുറന്നടച്ചുകൊണ്ട് ഫോട്ടോ എടുത്ത ഒരു കാലമുണ്ടായിരുന്നു . ജനനം മരണം വിവാഹം ഉദ്‌ഘാടനം അനുസ്മരണം ഗൃഹപ്രവേശം എന്നുവേണ്ട സര്‍വ്വവിധപരിപാടികള്‍ക്കും ഫോട്ടോഗ്രാഫര്‍ അനിവാര്യമായിരുന്നു .

 

സ്‌റ്റുഡിയോക്കാരെ അഥവാ ഫോട്ടോഗ്രാഫര്‍മാരെ പുറന്തള്ളിക്കൊണ്ട് കൊച്ചുകുട്ടികള്‍ക്കുവരെ അയത്നലളിതമായി ഫോട്ടോ എടുക്കാന്‍ മൊബൈല്‍ സ്‌ക്രീനില്‍ വിരലമര്‍ത്തിയാല്‍ മതിയെന്ന നിലയിലെത്തിനില്‍ക്കുന്നു നമ്മുടെ ആധുനിക സമൂഹം .

 

ഫോട്ടോഗ്രാഫിയുടെ ആദ്യകാലരൂപങ്ങളിലൊന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകജനതക്കായി ഫ്രഞ്ചുസർക്കാർ സമർപ്പിച്ചതിൻറെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ആഗസ്ത് 19 ന്റെ ഫോട്ടോഗ്രാഫി ദിനാചരണം .ഏകദേശം 180 വർഷങ്ങൾക്ക് മുമ്പാണ് ആദ്യത്തെ ഫോട്ടോ നിർമ്മിക്കപ്പെട്ടതെന്ന് ഫോട്ടോഗ്രാഫിയുടെ ചരിത്രസ്‌മൃതികൾ സാക്ഷ്യപ്പെടുത്തുന്നു .

ക്യാമറക്കണ്ണുകൾ പകർന്നുനൽകുന്ന ചില ചിത്രങ്ങൾക്ക് ആയിരം വാക്കുകളേക്കാൾ മൂർച്ചയും അർത്ഥവ്യാ പ്‌തിയും ഉണ്ടെന്നുള്ളതും നിഷേധിക്കാനാവാത്ത സത്യം .പ്രായഭേദമില്ലാതെ ,ലിംഗവ്യത്യാസമില്ലാതെ ആർക്കും അനുവദയനീയമായ എവിടെവെച്ചും എപ്പോൾ വേണമെങ്കിലും എങ്ങിനെവേണമെങ്കിലും പരാശ്രയമില്ലാതെ സ്വന്തം മൊബൈൽ ക്യാമറയിൽ വിരലമർത്തിയാൽ ഫോട്ടോ ലഭിക്കുന്ന കാലത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത് .

 

കൊച്ചുകുഞ്ഞുങ്ങൾവരെ കയ്യിലിരിക്കുന്ന മൊബൈൽ ഫോണിലെ ക്യാമറകളിൽ വിസ്മയകരങ്ങളായ ചിത്രങ്ങളും വീഡിയോകളും സ്വന്തം താല്പര്യങ്ങൾക്കും ഭാവനയ്ക്കും അനുസൃതമായ രീതിയിൽ എഡിറ്റുചെയ്‌തും അല്ലാതെയും സോഷ്യൽ മീഡിയകളിൽ അപ്പൂപ്പൻ താടി പോലെ ഊതി പറത്തിക്കളിക്കുന്നതും അത്യന്താധുനികകാലഘട്ടത്തിന്റെ ചില നേർക്കാഴ്ചകൾ .ഒന്നനങ്ങിയാൽ ഫോട്ടോ ,അല്ലെങ്കിലൊരു സെൽഫി .ഏതെങ്കിലുമൊരു സെലിബ്രിറ്റിയെ കണ്ടാൽമതി ഉടനെ കയ്യകലം കൂടും .അടുത്തൊട്ടിനിൽക്കുന്നതിനൊപ്പം തന്നെ സെൽഫി ക്യാമറയിൽ വിരലമരും .ഇത്തരം ഘട്ടങ്ങളിൽ ഗാനഗന്ധർവ്വൻ യേശുദാസിനെപ്പോലുള്ളവരുടെ പരസ്യ വിമർശനങ്ങൾ ഉണ്ടായെങ്കിലും സെൽഫി വൈറൽ രോഗംപോലെ പടരുകതന്നെയാണ്. അതിരുവിട്ട സെൽഫി ഭ്രമം നിരവധിപേരുടെ ജീവഹാനിക്കും കാരണമായിട്ടുണ്ട് .

 

പുതിയ ചുരിദാർ വാങ്ങിയാൽ ജീൻസ് വാങ്ങിയാൽ , മോട്ടോർ സൈക്കിൾ വാങ്ങിയാൽ, ഹെയർസ്റ്റൈൽ മാറ്റിയാൽ, ലിപ്സ്റ്റിക്കിന്റെ നിറം മാറ്റിയാൽ സെൽഫിയോ അല്ലാതെയോ ഫോട്ടോഷെയറിംഗ് പെരുമഴയാവും പിന്നെ .ആത്മരതിയെന്നോ നാർസിസമെന്നോ എന്ത്പേരിട്ടുവിളിച്ചാലും വേണ്ടില്ല ഇത്തരക്കർക്കും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്നത്തെ ഫോട്ടോഗ്രാഫിദിനം .

 

ഫോട്ടോഗ്രാഫി എന്ന കലയെ പ്രാണന് തുല്യം സ്നേഹിക്കുകയും തൊഴിൽ എന്ന നിലയിൽ ഫോട്ടൊസ്റ്റുഡിയോ രംഗത്ത് ദീർഘകാലമായി ചുവടുറപ്പിക്കുകയും കഠിനാദ്ധ്വാനത്തിലൂടെ ഫോട്ടോസ്റ്റുഡിയോ ബിസിനസ്സ് രംഗത്ത് മലബാർ മേഖലയിൽ വളർന്ന് പന്തലിച്ച വടകരക്കടുത്ത് അഴിയൂർ സ്വദേശി ആർ .കെ .കൃഷ്‌ണരാജിന്റെ ഫോട്ടോഗ്രാഫി ജീവിതത്തിലേക്ക് ഫോട്ടോഗ്രാഫി ദിനത്തിൽ ഒരു തിരനോട്ടം .

 

 

ചെറുപ്രായത്തിലേ ഫോട്ടോഗ്രാഫിയിൽ കമ്പം കയറിയ കൃഷ്‌ണരാജ്‌ എന്ന യുവാവിന്റെ ഫോട്ടോഗ്രാഫി ജീവിതം തുടങ്ങുന്നത് സുമാർ 60 വർഷങ്ങൾക്ക് മുമ്പ് .സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോട്ടോഗ്രാഫി എന്ന കലയെ ആരാധനയോടെയാണ് കൃഷ്ണരാജ് നോക്കിക്കണ്ടത് . കൊച്ചു പയ്യനായിരിക്കുമ്പോൾ തന്നെ അഗ്‌ഫാ ക്യാമറയില്‍ ബ്ളാക് ആന്‍ഡ് വൈറ്റ്‌ ഫോട്ടോ എടുത്തുകൊണ്ട് ഫോട്ടോഗ്രാഫിയില്‍ ഹരിശ്രീകുറിച്ച കൃഷ്‌ണരാജിന് ഗുരു എന്നുപറയാന്‍ വിശേഷിച്ചാരുമുണ്ടായിരുന്നില്ല .വൺ മിനിറ്റ് ഫോട്ടോഗ്രാഫിയിലൂടെ തുടക്കം കുറിച്ച കൃഷ്ണരാജ്    കോഴിക്കോട് മിട്ടായി തെരുവിലെ ആദ്യകാലത്തെ പ്രമുഖ സ്റ്റുഡിയൊ ആയ നേഷണൽ സ്റ്റുഡിയോവിൽ ഫോട്ടോഗ്രാഫറായി തുടക്കം .അവിടുത്തെ ഡാർക്ക് റൂമിലും മുഖ്യസഹകാരി .

ഫോട്ടോഗ്രാഫിയിലുള്ള കഴിവും കർമ്മശേഷിയും കൊണ്ടുതന്നെയാവാം നേഷണൽ സ്റുഡിയോവിലെ ശ്രദ്ധേയനായ ഒന്നാംകിട ഫോട്ടോഗ്രാഫർ പദവിയിലേക്കുയരാൻ അദ്ദേഹത്തിന് ഏറെക്കാലം വേണ്ടിവന്നില്ല . ബ്ളാക് ആൻഡ് വൈറ്റ്‌ ഫോട്ടോ മാത്രം അരങ്ങുവാഴുന്നകാലം.ആകാലഘട്ടത്തിൽ ഫോട്ടോ കളറിങ്ങിലും അത്യാവശ്യം ഫോട്ടോ വരക്കുന്നതിലും ഫോട്ടോ റീടെച്ചിങ്ങിലും വരെ ചിത്രകലയിലും താൽപ്പര്യമുള്ള കൃഷ്‌ണരാജ്‌ അടിവെച്ചുകയറുകയായിരുന്നു .

 

സുപ്രസിദ്ധ ചലച്ചിത്ര സംവിധായകനും കോഴിക്കോട്ടുകാരനുമായ ഐ .വി .ശശിയെ നേഷണൽ സ്റ്റുഡിയോ വിലെ ഡാർക്ക് റൂമിൽ നിന്ന് ഡാർക്ക്റൂം വർക്കും തുടർന്ന് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങളും പകർന്നുനൽകിയതും താനാണെന്ന് അഹങ്കാരലേശമില്ലാതെ പറയുമ്പോഴും തികഞ്ഞ ആത്മസംതൃപ്‌തി മാത്രമാണ് കൃഷ്ണരാജിന്റെ മുഖത്ത് തെളിഞ്ഞുകണ്ടത് .കമ്പ്യുട്ടർ സംവിധാനങ്ങളോ ഡിടിപി യോ കോഴിക്കോട്ടില്ലാത്ത കാലം .

പ്രമുഖ മലയാളപത്രങ്ങൾക്ക് പരസ്യ ലേഔട്ടുകൾ ചെയ്യുന്നതിൽ ഏറെ പ്രമുഖർ വാസുപ്രദീപ് ,രചന രാമദാസ് . അങ്ങാടി പോലുള്ള ഹിറ്റ്‌ ചിത്രങ്ങൾക്കുവരെ ഫോട്ടോകൾ മുറിച്ചൊട്ടിച്ചും കളർ ചെയ്‌തും ഇന്ത്യനിങ്കിൽ ബ്രഷ് മുക്കി അക്ഷരങ്ങൾ എഴുതിയും ലൂക്കോസ് ബ്ലോക്‌സിന്റെ സാങ്കേതിക സഹകരണത്തോടെ പരസ്യ ലേഔട്ടുകൾ ഒരുക്കിയെടുത്ത് പത്രങ്ങൾക്കയച്ച പഴയകാലത്ത് വാസുപ്രദീപിനും മറ്റും പരസ്യാവശ്യങ്ങൾക്കും മറ്റുമായി ഫോട്ടോ എടുത്തുനൽകാനും കൃഷ്ണരാജ് ഏറെ മുന്നിലായിരുന്നു .

 

 

സ്‌റ്റുഡിയോ ഫ്ലോറുകൾക്കുപുറമെ പൊതുപരിപാടികളിലും വിവാഹം ജന്മദിനാഘോഷം തുടങ്ങിയ മറ്റെല്ലാ പരിപാടികളിലൂമായി ഇതിനകം പതിനയിരക്കണക്കിന് വ്യക്തികളെ ക്യാമറക്കണ്ണുകളിലൂടെ നോക്കിക്കാണാൻ ഭാഗ്യം സിദ്ധിച്ച ആർ കെ .കൃഷ്ണരാജ് എൺപത്തിനാലാമത്തെ വയസ്സിലും മുടങ്ങാതെ ദിവസവും വടകരയിലെ സ്വന്തം സ്റുഡിയോവിലെത്തിയിരുന്നു .മുതലാളിയായല്ല ഫോട്ടോഗ്രാഫി യെ ജീവാത്മാവായികരുതുന്ന ഫോട്ടോഗ്രാഫറായി മുടങ്ങാതെ ജോലി ചെയ്യാന്‍ .സംസ്ഥാന ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ വക ആദരവും അദ്ദേഹം ഏറ്റുവാങ്ങുകയുണ്ടായി .

നേഷണൽ സ്റ്റുഡിയോവിൽ ദീർഘകാല സേവനത്തിനുശേഷം കൃഷ്ണരാജ് നേരെ ദുബായിയിലേക്ക് .ദുബായിയിലെ അക്കാലത്തെ പ്രമുഖ സ്റുഡിയോവും കളർ പ്രോസസിങ് സ്ഥാപനവുമായ അപ്പോളോ സ്റ്റുഡിയോവിൽ ഏതാനും വർഷങ്ങൾ .സ്റ്റിൽ ഫോട്ടോഗ്രാഫർമാർ കയ്യടക്കിവെച്ചിരുന്ന മലബാർ മേഖലയിലെ നാട്ടുമ്പുറങ്ങളിലെ വിവാഹവേദികളിൽ വീഡിയോ ചിത്രീകരണത്തിന് തുടക്കം കുറിച്ചത് കൃഷ്ണരാജ് ആയിരുന്നു .

 

ഇടത് തോളിൽ വീസിയാറും വലതു ചുമലിൽ വലിയ ഹിറ്റാച്ചി വീഡിയോ ക്യാമറയുമായി പ്രായത്തിന് തോൽപ്പിക്കാനാവാത്ത യവൗനപ്രസരിപ്പുമായി വീഡിയോ ലൈറ്റിൻറെ അകമ്പടിയോടെ താരപ്പൊലിമയിൽ വിവാഹച്ചടങ്ങുകൾ പകർത്തുന്ന കൃഷ്‌ണരാജിനെ ആരാധനയോടെയായിരുന്നു ആ കാലത്തെ യുവതലമുറ നോക്കി കണ്ടത് .വധൂവരന്മാർ ബസ്സിൽ യാത്രചെയ്യുമ്പോഴും വീഡിയോഗ്രാഫർമാർക്ക് കാറ് ഏർപ്പാട് ചെയ്തുകൊടുക്കുന്ന അക്കാത്ത് ശാന്തിക്കാരനുണ്ടെങ്കിലും താലികെട്ട് ,മോതിരം മാറൽ തുടങ്ങിയ പ്രധാനചടങ്ങുകളെല്ലാം വീഡിയോഗ്രാഫറായിരിക്കും നിയന്ത്രിക്കുക.

 

വടക്കേ മലബാറിൽ വിവാഹവീഡിയോ ചിത്രീകരണത്തിന് തുടക്കം മുതൽ ഒടുക്കം വരെ ചില അടുക്കും ചിട്ടയും അവതരണശൈലിയും ആസൂത്രണം ചെയ്തതും കൃഷ്ണരാജിന്റെ മിടുക്കാണെന്നുവേണം പറയാൻ .കാലമേറെയായിട്ടും ഡിജിറ്റൽ സാങ്കേതികതയുടെ വരവോടെ വിവാഹചിത്രീകരണം ബഹുദൂരം മുന്നോട്ടു പോയെങ്കിലും ഇപ്പോഴും ഇവിടങ്ങളിലെ ബഹുഭൂരിഭാഗം വീഡിയോഗ്രാഫർമാരും കൃഷ്‌ണരാജ്‌ തുടങ്ങിവെച്ച ചിത്രീകരണരീതി പിന്തുടരുന്നവർ .

അത്യാവശ്യം സമ്പന്നകുടുംബങ്ങളിൽ മാത്രം ബ്ളാക് ആൻഡ് വൈറ്റ് ടി വി ഉള്ള കാലം .വിവാഹത്തിന്‌ വീഡിയോ എടുപ്പിക്കുന്നവരിൽ ബഹുഭൂരിഭാഗം പേർക്കും സ്വന്തം വീടുകളിൽ ടി വിയോ വീസിയാറോ ഇല്ലാത്തവർ .എന്നാൽ വധൂവരന്മാർക്കൊപ്പം ബന്ധുമിത്രങ്ങളും എല്ലാം കൂടി വലിയൊരു ആൾക്കൂട്ടമായായിരിക്കും തങ്ങളുടെ വിവാഹ വീഡിയോ പ്ലേ ചെയ്തുകാണാൻകൃഷ്ണരാജിൻറെ അഴിയൂരിലുള്ള വസതിയിലെ സ്വീകരണമുറിയിലെത്തുക .രണ്ടും മൂന്നും മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും അന്നത്തെ പല വിവാഹ വീഡിയോകളും .ഏറെ താമസിയാതെയ നാലും അഞ്ചും അതിലധികവും വീഡിയോ യൂനിറ്റുകൾ ഒരേദിവസം തന്നെ ബുക്കിങ്ങ് ആകുന്ന തരത്തിലായിരുന്നു കൃഷ്ണരാജിന്റെ പിന്നീടങ്ങോട്ടുള്ള വളർച്ച .

 

വിവാഹ നിശ്ചയം കഴിഞ്ഞാൽ വിവാഹമണ്ഡപം ബുക്ക് ചെയ്യുന്നതിന് മുൻപേ വീഡിയോചിത്രീകരണത്തിന് കൃഷ്‌ണരാജിന്റെ തീയതി ബ്ലോക്ക് ചെയ്യുന്ന രീതിയും അന്നത്തെ ചില കല്യാണവിശേഷം , വീഡിയോ എടുക്കാൻ കൃഷ്ണരാജിന് ഡേറ്റ് ഇല്ലാതെവന്നപ്പോൾ അദ്ദേഹത്തിന്റെ ഡേറ്ററിനനുസരിച്ച് വിവാഹത്തീയതി ഉറപ്പിച്ചവരെയും എനിക്കടുത്തറിയാം ,

വടകരയിൽ കൃഷ്ണരാജിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആർ കെ സ്റ്റുഡിയോ സ്ഥാപിച്ചു . തുടർന്ന് സാങ്കേതിക പഠനം നേടിയ മൂത്തമകൻ മനോജ് ഫോട്ടോ സ്റ്റുഡിയോ ബിസിനസ്സുമായി കുറച്ചുകാലം ദുബായിയിൽ .

തലശ്ശേരിയിൽ ആർ കെ സ്‌റ്റുഡിയോ സ്ഥാപിച്ചുകൊണ്ട് മനോജിനെ ചുമതലക്കാരനാക്കി . രണ്ടാമത്തെ മകൻ രാഗേഷ് എം ബി എ ക്കാ രനാണെങ്കിലും മറ്റു ജോലിക്ക് ശ്രമിക്കാതെ അച്ഛന്റെ പാത പിന്തുടരുന്നു .കോഴിക്കോട് മാവൂർ റോഡിലെ ആർ കെ സ്റുഡിയോവിന്റെ പിറവി അങ്ങിനെ .മൂത്തമക മകൻറെ മകൻ വിഷ്‌ണു കെമിക്കൽ എഞ്ചിനീയറിങ് ബിരുധധാരിയായിട്ടും മുത്തച്ഛൻ കൃഷണരാജിന്റെ താൽപ്പര്യം മാനിച്ചു ഇവന്റ് മാനേജ്മെന്റും ഫോട്ടോഗ്രാഫിബിസ്സിലേക്കും ചുവട് വെച്ച് തുടങ്ങി .

ക്രോക്കറി ,സ്റ്റേഷനറി ബിസിനസ്സുകാരനായ മകളുടെ ഭർത്താവിനെയും കൃഷ്ണരാജ് കൊയിലാണ്ടിയിൽ സ്റ്റുഡിയോ ബിസ്സിനസ്സുകാരനാക്കി , സ്വന്തം ജ്യേഷ്ടന്റെ മകൻ രാജുവിന് വടകരയിൽത്തന്നെ മറ്റൊരു സ്‌റ്റുഡിയോ ,ഭാര്യയുടെ സഹോദരന്മാരും പ്രമുഖ ശിഷ്യന്മാരുമായ ഗായത്രി സുരേന്ദ്രനും ,ദൃശ്യാരവീന്ദ്രനും സ്റ്റുഡിയോ രംഗത്തെ മറ്റു മുതലാളിമാർ ,സഹോദരിമാരുടെ മക്കളിൽ പലരും നാട്ടിലും ഗൾഫുനാടുകളിലും സ്റ്റുഡിയോ ബിസിനസ്സിൽ . കൃഷ്‌ണരാജിന്റെ ശിക്ഷണത്തിൽ ഫോട്ടോ ഗ്രാഫിപഠിക്കാനെത്തിയവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് സ്വന്തം സ്റ്റുഡിയോ ഉടമകളും ഫ്രീലാൻസ് ഫോട്ടോഗ്രാഫർമാരുമായി അമ്പതിലേറെ പേർ സാമ്പത്തിക പരാധീനതയില്ലാതെ കുടുംബം പോറ്റുന്നു .

ഫോട്ടോഗ്രാഫിയെ ജീവന് തുല്യം സ്നേഹിക്കുന്ന കൃഷ്ണരാജ് യുവാവിന്റെ പ്രസരിപ്പോടെ മുടങ്ങാതെ എന്നും വടകരയിലെ സ്വന്തം സ്റുഡിയോവിലെത്തും .

കൃഷ്‌ണരാജ്‌ തന്നെ ഫോട്ടോ എടുത്തുകിട്ടണമെന്ന് ആഗ്രഹിക്കുന്ന കസ്‌റ്റമേഴ്സിനെ അയാൾ നിരാശപ്പെടുത്താറുമില്ല. സ്റ്റുഡിയോ ഫ്ലോറിലായാലും പൊതുവേദിയിലായാലുംഎന്നും തിരക്കുപിടിച്ച ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നതിലാണ് ആർ ,കെ ,കൃഷ്‌ണരാജ്‌ സന്തോഷം കണ്ടെത്തിയിരുന്നത് .

 

ഫോട്ടോഗ്രാഫിയെ ജീവനോപാധി എന്നതിലുപരി മഹത്തായ ഒരു കർമ്മം എന്നനിലയിൽ നെഞ്ചിലേറ്റിക്കൊണ്ട് നീണ്ട വർഷങ്ങൾ ക്യാമറകണ്ണിലൂടെ നോക്കിക്കണ്ട അഴിയൂർ സ്വദേശി ആർ കെ കൃഷ്‌ണരാജ് എൺപത്തി നാലാമത്തെ വയസ്സിൻറെ നിറവിലാണ് ഈ ലോകത്തോട് യാത്രപറഞ്ഞത് .. വടകര ഗവ ആശുപത്രിയിൽ ജോലിയിലിരുന്ന കെ ടി കമലമായിരുന്നു സഹധർമ്മിണി . അവരുമിന്നില്ല.

എഴുത്ത് : ദിവാകരൻ ചോമ്പാല

 

 

 

error: Content is protected !!