പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

 

പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍  സബ് സ്റ്റേഷന്‍ നിര്‍മാണ ഉദ്ഘാടനം 30ന് 

ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്റെ നിര്‍മാണ ഉദ്ഘാടനം മേയ് 30ന് ഉച്ചയ്ക്ക് 12ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ആരോഗ്യ, കുടുംബക്ഷേമ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

220 കെവി ജിഐഎസ് പത്തനംതിട്ട സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രസരണ നഷ്ടം ഗണ്യമായി കുറയുകയും അടൂര്‍, ഏനാത്ത് സബ് സ്റ്റേഷനുകള്‍ 110 കെവി വോള്‍ട്ടേജ് നിലവാരത്തിലേക്ക് ഉയരുകയും പത്തനംതിട്ട, കൂടല്‍, റാന്നി, കോഴഞ്ചേരി, കക്കാട് എന്നീ 110 കെവി സബ് സ്റ്റേഷനുകളുടെ വൈദ്യുത ലഭ്യത വര്‍ധിക്കുകയും ചെയ്യും.

സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി. അശോക്,  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍
ഓഫീസുകള്‍ക്ക് കഴിയണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളിലെ ഓഫീസുകളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിന് ക്ലീന്‍ കേരളാ കമ്പനി നിര്‍മിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സാമൂഹ്യ ശുചിത്വവും മാലിന്യ സംസ്‌കരണവും സ്വന്തം ഉത്തരവാദിത്വമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടാവണം. അത്തരം ബോധ്യത്തെ സൃഷ്ടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയും വെടിപ്പും ഉള്ളതാക്കി നിലനിര്‍ത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങള്‍ പൂര്‍ണമായി മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയും മാലിന്യമുക്ത കേരളത്തിനായി കൈകോര്‍ത്തും കൊണ്ടാണ് ഈ പദ്ധതി തുടങ്ങിയത്. സംസ്ഥാനമൊട്ടാകെ ആദ്യഘട്ടത്തില്‍ 32 കേന്ദ്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചതില്‍ 15 എണ്ണം പൂര്‍ത്തീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായി പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഇതിനോടകം മാതൃകാപരവും ജനകീയവുമായിമാറി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് എംസിഎഫ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ മൂന്നാമത്തെ എം സി എഫ് അടൂരിലാണ് നിര്‍മിക്കുന്നത്.

സ്വയം ശുചിത്വത്തില്‍ നാമോരോരുത്തരും മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ പരിസരം എത്രത്തോളം മാലിന്യമുക്തമാണെന്ന് കാണാതെ പോകുന്ന സാഹചര്യത്തിനാണ് മാറ്റം വരേണ്ടതെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഓഫീസുകള്‍ ഗ്രീന്‍ ഓഫീസുകളായി മാറ്റണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

യോഗത്തില്‍ എഡിഎം (ഇന്‍ ചാര്‍ജ്) ജേക്കബ് റ്റി. ജോര്‍ജ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, സിവില്‍ സ്റ്റേഷന്‍ എസ്റ്റേറ്റ് ഓഫീസറും ഹുസൂര്‍ ശിരസ്തദാറുമായ അന്നമ്മ കെ. ജോളി, മിനി സിവില്‍സ്റ്റേഷന്‍ എസ്റ്റേറ്റ് ഓഫീസറും തഹസീല്‍ദാരുമായ ആര്‍.കെ സുനില്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, ക്ലീന്‍ കേരളാ കമ്പനി റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവ് എഞ്ചിനീയര്‍ സോമരാജന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

നഗസഭ ബസ്‌സ്റ്റാന്‍ഡ് നവീകരണം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ബസ്സ്റ്റാന്‍ഡ് യാര്‍ഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് സമര്‍പ്പിച്ച മണ്ണ് പരിശോധന റിപ്പോര്‍ട്ടിന് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ബസ്റ്റാന്‍ഡ് നവീകരണത്തിന് ആവശ്യമായ രൂപരേഖ ജില്ലാ ടൗണ്‍പ്ലാനിംഗ് വിഭാഗമാണ് തയ്യാറാക്കുന്നത്.

 

യാര്‍ഡ് ബലപ്പെടുത്തുന്നതിനൊപ്പം കെട്ടിടം കൂടുതല്‍ മനോഹരമാക്കി പൊതുജനങ്ങളെ ആകര്‍ഷിക്കുന്നതിനാണ് നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ കൗണ്‍സില്‍ ലക്ഷ്യംവെയ്ക്കുന്നത്. കെട്ടിട സമുച്ചയത്തിലെ മൊത്തം 112 കടമുറികളില്‍ 32 കടമുറികളും നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

 

കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് മുകളിലത്തെ നിലയിലെ ഏതാണ്ട് എല്ലാ മുറികളും ഒഴിഞ്ഞു കിടക്കാന്‍ കാരണമായതെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നത്. ബസ്‌സ്റ്റാന്‍ഡിന് മുന്‍വശത്തു നിന്നും മുകളിലത്തെ നിലയിലേക്ക് എത്തുന്നതിനുള്ള പ്രവേശന മാര്‍ഗമില്ലാത്തതിനാലാണ് കടമുറികള്‍ വാടകയ്ക്ക് പോകാത്തതെന്നാണ് പ്രാഥമിക നിഗമനം. കടമുറികള്‍ ലേലത്തില്‍ പോകാത്തതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി നഗരസഭാ കൗണ്‍സിലിന് ഉണ്ടായത്. ഒന്നാം നിലയിലെ പാരപ്പെറ്റുകള്‍ ഒഴിവാക്കാനും മുന്‍വശത്തു നിന്നും കൂടുതല്‍ പ്രവേശന മാര്‍ഗ്ഗങ്ങള്‍ നല്‍കാനുമാണ് ആലോചിക്കുന്നത്.

 

കെട്ടിടത്തിന്റെ മുന്‍വശത്തെ പാര്‍ക്കിംഗ് പൂര്‍ണമായും ഒഴിവാക്കി സായാഹ്ന വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നു. ബസ്‌സ്റ്റാന്‍ഡ് യാര്‍ഡിനോട് ചേര്‍ന്നുള്ള വിശാലമായ ഭാഗം പാര്‍ക്കിംഗിനായി ക്രമീകരിക്കും. നഗരസഭാ പുതിയ ബസ്‌സ്റ്റാന്‍ഡ് മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാക്കി പ്രത്യേക സ്‌കീം ഏരിയ ആക്കുന്നതിനും ആലോചിക്കുന്നു. കെട്ടിടത്തിന്റെ സ്‌കെച്ച് തയാറാക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ ജില്ലാടൗണ്‍ പ്ലാനിങ് വിഭാഗം സന്ദര്‍ശനം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എസ്.ഷെമീര്‍, ജെറി അലക്സ്, ജില്ലാ പ്ളാനിംഗ് സമിതി അംഗം പി.കെ.അനീഷ്, ടൗണ്‍ പ്ളാനര്‍ ജി.അരുണ്‍, അസിസ്റ്റന്റ് ടൗണ്‍ പ്ളാനര്‍ വിനീത്, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ളാ ബീഗം, എന്‍ജിനീയര്‍ എസ്. സുധീര്‍ രാജ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

 

പദ്ധതി പൂര്‍ത്തീകരണത്തിന് സംയോജിതമായി പ്രവര്‍ത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ത്രിതല പഞ്ചായത്തുകള്‍ സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതി രൂപീകരണത്തിനുള്ള ഗ്രാമസഭ ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സംയോജിത പദ്ധതികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിക്കണം. സംയുക്ത പദ്ധതികളുടെ നിര്‍വഹണവും നേരത്ത ആരംഭിക്കണം. നിശ്ചയിച്ച പദ്ധതി പൂര്‍ത്തീകരിച്ചായിരിക്കണം ചെലവ് വിനിയോഗിക്കേണ്ടതെന്നും  പ്രസിഡന്റ് പറഞ്ഞു.

നിര്‍മല ഗ്രാമം – നിര്‍മല നഗരം – നിര്‍മല ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ഹരിത കര്‍മസേനയെ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവമാക്കണം. സമ്പൂര്‍ണ ശുചിത്വ കണ്‍വന്‍ഷന്‍, ക്രിമിറ്റോറിയം, സോക്ക് ഇറ്റ്, ടേക്ക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുക. ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

നദീസംരക്ഷണത്തിനായി ജില്ലയിലെ ചെറുതും വലുതുമായ ജലാശയങ്ങളുടെ സര്‍വേ നടത്തി  റെക്കോര്‍ഡ് ചെയ്യണം. നദികളുടെ കൈവഴികളും കണ്ടെത്തി സംരക്ഷിക്കാന്‍ തീരുമാനിച്ചു.
കാര്‍ഷിക മേഖലയില്‍ നിലവിലുള്ള പൊതു പദ്ധതികള്‍ക്ക് ഒപ്പം നൂതന പദ്ധതികളും കൊണ്ടുവരണം.  ജില്ലയിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി കര്‍ഷകരുടെ ഗ്രൂപ്പ് രൂപീകരിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.

കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ പ്രതിരോധ വേലി നിര്‍മിക്കുന്ന പ്രോജക്ട്, നെല്‍ക്കൃഷി മുന്നിട്ട് നില്‍ക്കുന്ന പഞ്ചായത്തുകളില്‍ റൈസ് മില്‍, അംഗന്‍വാടികള്‍  സ്മാര്‍ട്ട് ആക്കുക തുടങ്ങി പൊതുവായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വികസന കാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ബീന പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പൊതു ബോധവല്‍ക്കരണ ശില്പശാല നടത്തി
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ഏനാദിമംഗലം പഞ്ചായത്ത്തല ശില്പശാല ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഏനാദിമംഗലം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏനാദിമംഗലം സിഎച്ച്‌സിയില്‍ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇളമണ്ണൂര്‍ എസ്ബിഐ ബ്രാഞ്ച് മാനേജര്‍ എസ്. ആര്‍ ഹേമന്ത, കേരളബാങ്ക് ഏരിയ മാനേജര്‍ രാജീവ്, പറക്കോട് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പ്രവീണ്‍ പ്രകാശ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലിജ മാത്യു, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വരുന്ന നാശനഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

പ്രോത്സാഹന ധനസഹായ പദ്ധതിയുമായി വനം വകുപ്പ്

സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2022-23 വര്‍ഷത്തേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നോ ംംം.സലൃമഹമളീൃെേല.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.

കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും
കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30(തിങ്കള്‍)ന്
ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ഡിആര്‍ഐപി)പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മിച്ച കക്കാട് ഡാം ഡാം സേഫ്റ്റി ഡിവിഷന്റേയും അനുബന്ധ ഫീല്‍ഡ് ഓഫീസായ കൊച്ചുപമ്പ ഡാം സേഫ്റ്റി സബ് ഡിവിഷന്‍ ഓഫീസിന്റേയും ഉദ്ഘാടനം മെയ് 30(തിങ്കള്‍)ന് മൂന്നിന് സീതത്തോട് ശ്രീനാരയണ സാംസ്‌കാരിക നിലയത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. അഡ്വ.കെയു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അഡ്വ. വി മുരുകദാസ് , ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സീതത്തോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാം സേഫ്റ്റി ഡിവിഷന്‍ ഓഫീസ് പദ്ധതിയുടെ തുടക്കകാലത്ത് നിര്‍മിച്ച താത്കാലിക കെട്ടിടങ്ങളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

പി.എസ്.സി അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍(പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-എല്‍.സി/എഐ) (കാറ്റഗറി നം.454/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 30

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 30ന് ആലപ്പുഴ കളക്ടറേറ്റില്‍ സിറ്റിംഗ് നടത്തും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുളള പരാതികള്‍ പരിഗണിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

ലോക പുകയിലരഹിത ദിനാചരണം 2022 റീല്‍സ് തയ്യാറാക്കല്‍ മത്സരം

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് റീല്‍സ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്നതാണ് വിഷയം. പരമാവധി 30 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കത്തക്കവിധം notobaccoday2022 @ gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ഥികളുടെ പേര്. വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ റീലുകളോടൊപ്പം ലഭ്യമാക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15000,10000, 7500 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 2500 രൂപവീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സമ്മാനാര്‍ഹമായ റീലുകളുടെ ഉടമസ്ഥാവകാശം ആരോഗ്യ കുടുംബ ക്ഷേമവകുപ്പിനായിരിക്കും. ഫോണ്‍ : 9447472562, 9447031057.

ലോക പുകയില രഹിത ദിനാചരണം: ഉപന്യാസ രചനാ മത്സരം

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുകയിലയും പരിസ്ഥിതിവാതവും എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരം നടത്തുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കുകളില്‍ കവിയാതെ ഉപന്യാസം രചിക്കാം. എഴുതി തയാറാക്കിയ ഉപന്യാസത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ 2022 ജൂണ്‍ അഞ്ചിന് വൈകുന്നേരം ആറിന് മുന്‍പായി notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്. സ്‌കൂള്‍ മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെ സാക്ഷ്യപത്രം എന്നിവയും ഉപന്യാസത്തോടൊപ്പം സമര്‍പ്പിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടുപേര്‍ക്ക് 1000 രൂപവീതവും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ഫോണ്‍: 9447472562, 9447031057

എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,നന്ദാവനം, വികാസ് ഭവന്‍.പി.ഒ,തിരുവനന്തപുരം-695033. ഫോണ്‍: 0471 2325101, 8281114464. ഇ-മെയില്‍ : keralasrc@gmail.com, srccommunitycollege@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ അംഗീകൃത പഠനകേന്ദ്രവുമായി ബന്ധപ്പെടാം (9846033001).

അധ്യാപക നിയമനം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ഒഴിവുള്ള എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്സ് തസ്തികകളിലേക്ക് പിഎസ്‌സി യോഗ്യത പ്രകാരം അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലെ നിയമനത്തിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെ. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689672 എന്നവിലാസത്തിലോ rannitdo@gmail.com എന്ന ഇമെയില്‍വിലാസത്തിലോ അപേക്ഷിക്കാം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ രണ്ട്. ഫോണ്‍ : 04735 227703.

 

 

error: Content is protected !!