പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് യാർഡ് നവീകരണത്തിന് കൗൺസിൽ അനുമതി

 

konnivartha.com : പത്തനംതിട്ട നഗരസഭ വക ഹാജി സി മീരാ സാഹിബ്‌ സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.

 

ആദ്യ ഘട്ടത്തിൽ യാർഡ് ബലപ്പെടുത്തുന്നതിനും രണ്ടാം ഘട്ടത്തിൽ നിലവിലുള്ള കെട്ടിടം മോഡി പിടിപ്പിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ 10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണ്ണമായും തകർന്ന നിലയിലാണ്.

മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡ് നിർമ്മാണ വേളയിൽ ശരിയായ നിലയിൽ മണ്ണിട്ട് ഉറപ്പിച്ച് യാർഡ് നിർമ്മിക്കുന്നതിൽ പോരായ്മയുണ്ടായി.

2008 ൽ ബസ് സ്റ്റാൻഡ് ഉദ്‌ഘാടനതോടനുബന്ധിച്ച് രണ്ട് ഘട്ട മെറ്റലിങ് നടത്താനാണ് ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗം ശുപാർശ നൽകിയിരുന്നത് തുടർന്ന് നടത്തിയ രണ്ട് ഘട്ട മെറ്റലിങ് കൊണ്ടും യാർഡ് ബലപ്പെടുത്താനായില്ല. യാർഡ് നിർമാണത്തിനായി വൻ തുകയാണ് നഗരസഭയ്ക്ക് നഷ്ടമായത്.

പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതോടെ യാർഡ് ബലപ്പെടുത്തുന്നതിനായി ശാസ്ത്രീയ പഠനം നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കൊളേജിലെ ഗവേഷണ വിഭാഗം പ്രൊഫസറായ ഡോ. എൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പഠനം നടത്തി. ബസ് സ്റ്റാൻഡിന്റെ ഒരു യാർഡിൽ നിലവിൽ ഭാഗികമായി ചെയ്തിട്ടുള്ള ബി എം ആൻഡ് ബി സി വർക് ദീർഘ കാലം നില നിൽക്കുന്നതല്ല എന്നും പഠന സംഘം അഭിപ്രായപെട്ടു. യാർഡിന്റെ ഒന്നര മീറ്റർ ആഴത്തിൽ പ്ലാസ്റ്റിക് അടക്കമുള്ള അവശിഷ്ടങ്ങൾ ഉപയോഗിച്ചിട്ടുള്ളതായി പഠനത്തിൽ കണ്ടെത്തി. ഇക്കാരണത്താലാണ് യാർഡ് തുടർച്ചയായി താഴുന്നതെന്നും മണ്ണ് പരിശോധനയിൽ കണ്ടെത്തി.

നാലര മീറ്ററോളം മണ്ണ് യാർഡിൽ നിന്നും മാറ്റിയതിനു ശേഷം ഓരോ ലെയർ മണ്ണിട്ട് കോംപാക്ട് ചെയ്ത് ഉറപ്പിക്കുന്നതിനും ബിയറിങ് കപ്പാസിറ്റി അനുസരിച്ച് കോൺക്രീറ്റൊ ഇന്റർലോക്കോ ചെയ്യണമെന്നുമാണ് നിർദ്ദേശം. പ്രവർത്തനങ്ങൾ വേനൽക്കാലത്തു നടത്താനാണ്
എഞ്ചിനീയറിങ് വിഭാഗം ശുപാർശ ചെയ്തിട്ടുള്ളത്. നിലം നികത്തിയ ഭൂമിയായതിനാൽ ഉയർന്ന ജല വിതാനം ഉള്ളതിനാലാണ് ഈ നിർദേശം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എഞ്ചിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്.

5 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. തുക വായ്പയായി കണ്ടെത്താൻ കൗൺസിൽ മുൻപ് തീരുമാനം എടുക്കുകയും സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.

error: Content is protected !!