ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;എന്റെ കേരളം പ്രദര്‍ശന വിപണമേള ഇന്ന് (11) തുടങ്ങും

konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് തുടങ്ങുമെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജില്ലയിലാകമാനം സാമൂഹിക, സാമ്പത്തിക ഉത്തേജ്ജനം നല്‍കുന്ന മേളയാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഇത്തരമൊരു വിപുലീകൃത പ്രദര്‍ശന മേള നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

ഇന്ന്  (11) മുതല്‍ 17 വരെയാണ് മേള. ഇന്ന് രാവിലെ 10ന് ആരോഗ്യ-കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ എന്നിവര്‍ വിഷിടാതിഥികളാവും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്വാഗതം പറയും. സര്‍ക്കാരിന്റെ വിവിധ വകുപ്പ് ബോര്‍ഡ് അധ്യക്ഷന്മാരും ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.

 

സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളും ജനങ്ങളില്‍ എത്തിക്കുകയാണ് ഈ പ്രദര്‍ശനമേളയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടക്കം ശീതീകരിച്ച 179 സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുക. ഇതില്‍ 79 സ്്റ്റാളുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതാണ്. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പതുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു കുതിക്കാന്‍ വ്യവസായ സംരംഭങ്ങള്‍ക്കും കലാകാരന്മാര്‍ക്കും വിവിധ മേഖലകളിലുള്ളവര്‍ക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

 

വിനോദസഞ്ചാര മേഖലയിലെ സവിശേഷതകള്‍ വ്യക്തമാക്കുന്ന കേരളത്തെ അറിയാം പ്രദര്‍ശനം, നമ്മുടെ നാടിന്റെ ചരിത്രവും അഭിമാനവും നേട്ടങ്ങളും പ്രതീക്ഷകളും ഭാവിയും വിവരിക്കുന്ന എന്റെ കേരളം പ്രദര്‍ശനം എന്നിവ കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവവും വിജ്ഞാനവും പകര്‍ന്നുനല്‍കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈവിധ്യമായ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളയും ഒരുങ്ങുന്നുണ്ട്. ഇതോടൊപ്പം കാര്‍ഷിക പ്രദര്‍ശന വിപണന മേള, നവീന സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന ടെക്‌നോ ഡെമോ എന്നിവയും മേളയുടെ സവിശേഷതയാണ്. ജില്ലയില്‍നിന്നുള്ള വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുമാണ് ടെക്‌നോ ഡെമോ സംഘടിപ്പിക്കുന്നത്. ഈ യുവ പ്രതിഭകളുടെ കഴിവ് തിരിച്ചറിയാനും അവര്‍ക്ക് ആവശ്യമായ സമൂഹപിന്തുണ ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

ഏഴു ദിവസവും രാവിലെ സെമിനാറുകളും വൈകുന്നേരങ്ങളില്‍ കലാസാംസ്‌കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. പാരമ്പര്യ കലകള്‍ക്കും കലാരൂപങ്ങള്‍ക്കും മേളയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജില്ലാ കഥകളി ക്ലബ്ബ് അവതരിപ്പിക്കുന്ന കഥകളി, ആറന്‍മുള, ശ്രീ ഷഡങ്കുര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ നയിക്കുന്ന പാട്ടുപടേനി, വേലകളി, ബോഡുബെറു നാടന്‍ സംഗീതം, യൗവന ഡ്രാമാ വിഷന്റെ നാടകം, ഗസല്‍ സന്ധ്യ, സാംസ്‌കാരിക വകുപ്പിന്റെ നേതൃത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങളുടെ അവതരണം, സുനില്‍ വിശ്വത്തിന്റെ പാട്ടുകളം, അപര്‍ണ രാജീവിന്റെ സ്മൃതി സന്ധ്യ, കരുനാഗപ്പള്ളി ഗിരീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗല്‍ബന്ദി, രാഹുല്‍ കൊച്ചാപ്പിയും സംഘത്തിന്റെയും പാട്ടുവഴി, പ്രശസ്ത സിനിമാ സീരിയല്‍, താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലയും സംഘവും അവതരിപ്പിക്കുന്ന കോമഡി മിമിക്രി മഹാമേള, വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.
വിന്റേജ് വാഹനങ്ങളുടെ പ്രദര്‍ശനവും ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പോലീസ് ഡോഗ്‌സ്‌ക്വാഡിന്റെ ഡോഗ് ഷോയും. സര്‍ക്കാരിന്റെ സേവനങ്ങളെ കൂടുതല്‍ അടുത്തറിയാനും മേള സഹായകരമാകും. മേളയ്ക്ക് മുന്നോടിയായി പ്രൗഢഗംഭീരമായ വിളംബരറാലി നടന്നിരുന്നു. റാലിയില്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയുണര്‍ത്തുന്ന ഫ്‌ളോട്ടുകളും അണിനിരന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫ്‌ളാഷ്‌മോബ്, ചിത്രരചനാ മത്സരം, റാലികള്‍ തുടങ്ങിയവ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിരുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ എന്നിവരും സന്നിഹിതരായിരുന്നു.

കാലികപ്രസക്തമായ 13 സെമിനാറുകള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി കാലിക പ്രസക്തമായ 13 സെമിനാറുകള്‍ സംഘടിപ്പിക്കും. ഇന്ന് (11) ഒരു സെമിനാറും നാളെ മുതല്‍ 17 വരെ ദിവസേന രണ്ടുവീതം സെമിനാറുകളുമാണ് പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലെ പ്രദര്‍ശന നഗരിയില്‍ അരങ്ങേറുക.

ഇന്ന് രാവിലെ 11.30ന് പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ‘സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും’ സെമിനാര്‍ നടക്കും. മേയ് 12ന് രാവിലെ 10ന് ‘തൊട്ടറിയാം പിഡബ്ല്യുഡി: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്’ സെമിനാര്‍ പൊതുമരാമത്ത് വകുപ്പും 11.30ന് ‘വിജ്ഞാനാധിഷ്ഠിത സമൂഹവും പാഠ്യപദ്ധതി പരിഷ്‌കരണവും’ സെമിനാര്‍ വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിക്കും. മേയ് 13ന് രാവിലെ 10ന് മൃഗസംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്ന ‘ജന്തുജന്യരോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍’ സെമിനാറും 11.30ന് കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ സെമിനാറും നടക്കും.

‘കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും’ എന്ന വിഷയമാണ് മേയ് 14ന് രാവിലെ 10ന് നടക്കുന്നത്. റവന്യു വകുപ്പാണ് സംഘാടകര്‍. അന്ന് 11.30ന് ആരോഗ്യവകുപ്പ് അലോപ്പതി വിഭാഗം സംഘടിപ്പിക്കുന്ന ‘എലിപ്പനി പ്രതിരോധവും നിയന്ത്രണവും’ സെമിനാറും നടക്കും. മേയ് 15ന് രാവിലെ 10ന് ‘തൊഴില്‍ നിയമങ്ങള്‍’ സെമിനാര്‍ തൊഴില്‍ വകുപ്പിന്റെയും 11.30 ന് ‘ലിംഗനീതിയും വികസനവും’ സെമിനാര്‍ വനിത ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടക്കും.

മേയ് 16ന് രാവിലെ 10ന് ജീവിത ശൈലി രോഗങ്ങളും ആയുര്‍വേദവും സെമിനാറില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കും. ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗമാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് 11.30ന് ‘വയോജനക്ഷേമവും സംരക്ഷണവും നിയമം 2007’ സെമിനാര്‍ സാമൂഹികനീതി വകുപ്പിന്റെ നേൃത്വത്തിലും നടക്കും.
മേയ് 17ന് രാവിലെ 10ന് ‘ശാസ്ത്രീയ മത്സ്യകൃഷിയും നൂതനസാങ്കേതികവിദ്യകളും’ സെമിനാര്‍ ഫിഷറീസ് വകുപ്പും 11.30ന് ‘അതിക്രമനിവാരണ നിയമവും എസ്‌സി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളും’ സെമിനാര്‍ പട്ടികജാതി വികസന വകുപ്പും നടത്തും.

പ്രദര്‍ശന നഗരി ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്ത്. സ്‌റ്റോളുകളും കലാവേദികളും ഭക്ഷണശാലകളും അടക്കം ഈ പ്രദേശത്ത് വിന്യസിക്കപ്പെടുന്നു.
1250 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുള്ളത്. നമ്മുടെ ഇന്നലെകള്‍ മുതല്‍ നാളെകള്‍വരെ വിശദീകരിക്കുന്ന എന്റെ കേരളം പ്രദശനത്തിന് മാത്രം 1625 ചതുരശ്ര മീറ്റര്‍ സ്ഥലം നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനം കടന്നുവന്ന വഴികള്‍, ഇതിനിടയില്‍ കൈവരിച്ച നേട്ടങ്ങളും അഭിമാനങ്ങളും നവകേരള സൃഷ്ടിക്കായി ഇനി കൈവരിക്കേണ്ട ഉയര്‍ച്ചകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ പവലിയന്‍ കാണികള്‍ക്ക് പകര്‍ന്ന് നല്‍കുക.
ശീതീകരിച്ച 179 സ്റ്റാളുകളാണ് മേളയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 79 സ്റ്റാളുകളും
100 കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമുണ്ട്. മികച്ച തീം – വിപണന – ഭക്ഷ്യമേള സ്റ്റാളുകള്‍ക്ക് പുരസ്‌കാരം നല്‍കും.
വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും ഈ സ്‌റ്റോളുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. സൗജന്യ സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍- ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ പരിശോധനകളും ലഭ്യമാകും.
രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കുന്ന ഭക്ഷ്യമേളക്ക് മാത്രമായി 1125 ചതുരശ്ര മീറ്റര്‍ നീക്കിവച്ചിട്ടുണ്ട്. മലബാര്‍, ചെട്ടിനാടന്‍, ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുങ്ങുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ടുനില്‍ക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യം.

(11/05/2022)
ജില്ലാ സ്‌റ്റേഡിയം
വേദിയില്‍ ഇന്ന്

10.00 രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള. ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അധ്യക്ഷന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
11.30 സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും സെമിനാര്‍.
2.30 സാംസ്‌കാരിക പരിപാടികള്‍: പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം.
4.00 ജില്ല കഥകളി ക്ലബ് അവതരിപ്പിക്കുന്ന കഥകളി.
5.00 ആറന്മുള ശ്രീ ഷഡങ്കര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്.
6.00 ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ നയിക്കുന്ന പാട്ടുപടേനി.

error: Content is protected !!