ടയർ വില കൂട്ടാൻ ഒത്തുകളി :ഈ  കമ്പനികൾക്ക്‌ 1,788 കോടി പിഴ

 

konnivartha.com : ടയർവില കൂട്ടിയതിന് എംആർഎഫ്‌ അടക്കം അഞ്ച്‌ ടയർ കമ്പനിക്ക്‌ 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ). അപ്പോളോ ടയേഴ്‌സ്‌–- 425.53 കോടി, എംആർഎഫ്‌–-622.09 കോടി, സിയറ്റ്‌ –-252.16 കോടി, ജെ കെ ടയർ –-309.95 കോടി, ബിർളാ ടയേഴ്‌സ്‌–-178.33 കോടി എന്നിങ്ങനെയാണ്‌ പിഴ. ഇതിനുപുറമേ ടയല്‍ ഉത്പാദകമ്പനികളുടെ കൂട്ടായ്മയായഓട്ടോമോട്ടീവ്‌ ടയർ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ (എടിഎംഎ) 8.4 ലക്ഷം രൂപ പിഴ ഒടുക്കണം.

 

എംആര്‍എഫ് ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ ഉത്പാദക കമ്പനിയാണ്.ദുർഘടവഴികളിൽ ഓടിക്കുന്ന വണ്ടികളിലുപയോഗിക്കുന്ന ക്രോസ്‌പ്ലൈ/ബയസ്‌ ടയറുകളുടെ ഉൽപ്പാദനവും വിതരണവും നിയന്ത്രിച്ച്‌ അവരവർ ഉൽപ്പാദിപ്പിക്കുന്ന ടയറുകളുടെ വില കൂട്ടാന്‍ കമ്പനികൾ ഒത്തുകളിച്ചെന്ന്‌ സിസിഐ കണ്ടെത്തി. എടിഎംഎ ഒരോ കമ്പനിയുടെയും ടയറുകളുടെ ഉൽപ്പാദനം, ആഭ്യന്തരവിൽപ്പന, കയറ്റുമതി തുടങ്ങിയ വിവരം ശേഖരിച്ച്‌ ടയർ കമ്പനികൾക്ക്‌ കൈമാറി. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടയർ കമ്പനികൾ ഒത്തുകളിച്ച്‌ വിലയുടെ കാര്യത്തിൽ തീരുമാനമെടുത്തു.

 

 

കമ്പനികൾ ഒത്തുകളിച്ച്‌ വില തീരുമാനിക്കുന്നത്‌ കോംപറ്റീഷൻ ആക്‌ടിന്റെ അന്തഃസത്തയ്ക്ക്‌ എതിരാണെന്നും സിസിഐ ചൂണ്ടിക്കാ‌ട്ടി. ഓൾ ഇന്ത്യ ടയർ ഡീലേഴ്‌സ്‌ അസോസിയേഷന്റെ പരാതിയിലാണ് നടപടി.

 

ഒത്തുകളിച്ച ടയർ കമ്പനികൾക്ക്‌ എതിരെ സിസിഐ 2018ൽ ഇറക്കിയ ഉത്തരവ് എംആർഎഫിന്റെ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. 2022 ജനുവരിയിൽ മദ്രാസ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും കമ്പനിയുടെ അപ്പീൽ തള്ളി.

error: Content is protected !!