പത്തനംതിട്ട ജില്ലയിലും ഡിജിറ്റല്‍ സര്‍വ്വേ : റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ 12 വില്ലേജുകള്‍

ഡിജിറ്റല്‍ സര്‍വേ ജില്ലാതല ഉദ്ഘാടനം ചെയ്തു

ജനകീയമായ പ്രക്രിയയായി പത്തനംതിട്ട ജില്ലയിലെ ഡിജിറ്റല്‍ സര്‍വേയെ മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനവും പരിശീലനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

പരാതിരഹിതമായി ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിക്കണം. സ്ഥലം സ്വന്തമായുള്ള എല്ലാവര്‍ക്കും വ്യക്തമായ രേഖ നല്‍കുകയാണു ലക്ഷ്യം. സംസ്ഥാനത്തെ 1550 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സമഗ്ര ഡിജിറ്റല്‍ സര്‍വേ നടത്താനുള്ള പദ്ധതി നടപ്പാക്കുന്നത്. സര്‍വേ മാപ്പിങ് പൂര്‍ണ്ണമാകുന്നതോടെ വില്ലേജ് രജിസ്‌ട്രേഷന്‍ ഭൂസര്‍വേ വകുപ്പുകളുടെ രേഖകള്‍ വിവരസാങ്കേതിക വിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. ജില്ലയില്‍ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണു ഡിജിറ്റല്‍ സര്‍വേ നടപ്പിലാകുക.

 

 

റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കല്‍, പെരുനാട്, കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, ചിറ്റാര്‍, കോന്നിതാഴം, തണ്ണിത്തോട്, കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, കോഴഞ്ചേരി, ചെന്നീര്‍ക്കര, ഇലന്തൂര്‍ എന്നീ വില്ലേജുകളിലുമാണ് സര്‍വേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍, ഇലന്തൂര്‍ വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വേയാണു നടത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.

 

എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ ഷൈന്‍, സര്‍വേ ഡയറക്ടര്‍ സാംബശിവ റാവു, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാര്‍, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ബി സിന്ധു, സര്‍വേ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പുഷ്പ, ഡ്രോണ്‍ സര്‍വേ നോഡല്‍ ഓഫീസര്‍ സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!