പോപ്പുലര്‍ ഫിനാന്‍സ് : ശാഖകളില്‍ കണക്കെടുപ്പ്; കണ്ടെത്തല്‍ ഇങ്ങനെ

പോപ്പുലര്‍ ഫിനാന്‍സ് : ശാഖകളില്‍ കണക്കെടുപ്പ്; കണ്ടെത്തല്‍ ഇങ്ങനെ

KONNIVARTHA.COM : കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തും പുറത്തുമായി 281 ശാഖകള്‍ ഉള്ള നിക്ഷേപത്തട്ടിപ്പിനെത്തുടര്‍ന്ന് പൂട്ടിപ്പോയ പോപ്പുലര്‍ ഫിനാന്‍സിന്റെ വിവിധ ശാഖകളില്‍ റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് തുടങ്ങി.

പുനലൂര്‍ താലൂക്കിലെ ശാഖകളില്‍ താലൂക്കില്‍ മൊത്തമുള്ള ഏഴുശാഖകളില്‍ ചണ്ണപ്പേട്ടയിലെ ശാഖയില്‍ വെള്ളിയാഴ്ചയും പുനലൂരിലെ ശാഖയില്‍ ശനിയാഴ്ചയും പരിശോധന നടന്നു. മൊത്തം 18 ലക്ഷത്തിലധികം രൂപയും സ്വര്‍ണവും ചെക്ക് ബുക്കുകളും പാസ്ബുക്കുകളും അനുബന്ധരേഖകളും കണ്ടെടുത്തു.

ചണ്ണപ്പേട്ട ശാഖയില്‍നിന്ന് 18,37,058 രൂപയും 385 പായ്ക്കറ്റുകളിലായി സ്വര്‍ണവും രേഖകളുമാണ് ലഭിച്ചത്. സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പുനലൂര്‍ ശാഖയില്‍നിന്ന് 1,100 രൂപയും 94 ഗ്രാം സ്വര്‍ണവും അനുബന്ധരേഖകളുമാണ് ലഭിച്ചത്. കണ്ടെടുത്ത പണവും സ്വര്‍ണവും മറ്റുവസ്തുക്കളും ട്രഷറിയില്‍ ഏല്‍പ്പിച്ചു.

കൊല്ലം താലൂക്കില്‍ കുണ്ടറ, ഇളമ്പല്ലൂര്‍, ചിന്നക്കട പോളയത്തോട് ശാഖകളിലായിരുന്നു ശനിയാഴ്ച കണക്കെടുപ്പ് നടന്നത്. കുണ്ടറ, ഇളമ്പല്ലൂര്‍ ശാഖയില്‍ 5,000 രൂപമാത്രമാണ് കണ്ടത്. ചിന്നക്കടയില്‍ 2500 ഗ്രാം സ്വര്‍ണവും 88,900 രൂപയും കണ്ടെടുത്തു.

കണ്ടെടുത്ത പണവും സ്വര്‍ണവും രേഖകളും ട്രഷറിയില്‍ ഏല്‍പ്പിച്ചു. കൊല്ലം താലൂക്കില്‍ മൊത്തം 13 ശാഖകളാണുള്ളത്. കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളില്‍ നാലുവീതം ശാഖകളാണുള്ളത്.

തിങ്കളാഴ്ച ഇടമണ്‍, കുളത്തൂപ്പുഴ ശാഖകളിലും ചൊവ്വാഴ്ച അഞ്ചല്‍, ആര്യങ്കാവ് ശാഖകളിലും ബുധനാഴ്ച ഇടമുളയ്ക്കല്‍ ശാഖയിലും പരിശോധന നടക്കും. കുന്നത്തൂര്‍ താലൂക്കില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പരിശോധന നടക്കും.

കരുനാഗപ്പള്ളി താലൂക്കിലും കണക്കെടുപ്പ് തുടങ്ങി. 46 സ്വര്‍ണ ഉരുപ്പടികളും ചെക്ക് ബുക്കുകളും രജിസ്റ്ററുകളും കണ്ടെടുത്തു. സ്വര്‍ണം തൂക്കി തിട്ടപ്പെടുത്തി കരുനാഗപ്പള്ളി സബ്ട്രഷറിയിലേക്ക് മാറ്റി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ഓച്ചിറ, കരുനാഗപ്പള്ളി ശാഖകളില്‍ കണക്കെടുപ്പ് നടത്തും.സംസ്ഥാനത്തെ ബാക്കി ശാഖകളില്‍ വരും ദിവസങ്ങളില്‍ കണക്ക് എടുപ്പ് നടക്കും .വകയാര്‍ ആസ്ഥാന ഓഫീസിലും ഒരിക്കല്‍ കൂടി കണക്ക് എടുപ്പ് നടക്കും .വകയാര്‍ ഹെഡ് ഓഫീസിലും വകയാറിലെ വീട്ടിലും പോലീസ് ആദ്യം തന്നെ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു .

പോപ്പുലര്‍ ഫിനാന്‍സ്സ് ഇടപാടുകള്‍ ഉള്ള എല്ലാ ബാങ്ക് ഇടപാടുകളും മരവിപ്പിച്ചിരുന്നു . ഈ ബാങ്കുകളില്‍ മിച്ചം ഉള്ള പണം സംബന്ധിച്ചുള്ള കണക്കുകള്‍ എടുത്തിട്ടുണ്ട് .
സ്വത്തുക്കളുടെ ക്രയവിക്രയം നേരത്തെ തടഞ്ഞിരുന്നു

error: Content is protected !!