ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അരുവാപ്പുലം ബാങ്ക് മാതൃകയാകുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന
വായ്പാ – നിക്ഷേപ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് ജില്ലയിൽ മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയായി.

 

കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ച ആളുകൾക്കുള്ള അടിയന്തിര ധനസഹായം എന്ന നിലയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി പ്രകാരം ബാങ്കിന്റെ 4 ശാഖകൾ വഴി 65 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 60,30,000 രൂപയുടെ സാമ്പത്തിക സഹായം നൽകി. 603 അയൽക്കൂട്ട അംഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

 

ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയപ്പോൾ ലാപ്ടോപും മൊബൈൽ ഫോണും വാങ്ങുന്നതിന് പ്രത്യേക വായ്പാ പദ്ധതി ആവിഷ്ക്കരിച്ച് 2005000 രൂപ നൽകി. ഇതിനു പുറമേ സർക്കാർ പദ്ധതിയായ വിദ്യാതരംഗിണി വായ്പാ പദ്ധതി പ്രകാരം
3,30,000 രൂപയും നൽകി. ലാപ്ടോപ്, മൊബൈൽ ഫോൺ വായ്പയുടെ പ്രയോജനം 134 അംഗങ്ങൾക്കാണ് ലഭിച്ചത്. ആവണിപ്പാറ ഗിരിജൻ കോളനിയിലെ വിദ്യാർത്ഥികൾക്ക്
ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് ഇൻവെർട്ടറും ബാറ്ററികളും വാങ്ങി നൽകി കോളനി നിവാസികളെ സഹായിച്ചു. ഇതിനു പുറമേ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന് കീഴിലുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പുസ്തക സഞ്ചി പദ്ധതി പ്രകാരം 119504 രൂപയുടെ
പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഈ കാലയളവിൽ അംഗങ്ങളുടെ മാത്രം ജാമ്യത്തിൽ 6750000 രൂപയാണ് സാധാരണവായ്പ നൽകിയത്. 374 കുടുംബങ്ങൾക്ക് ഈ വായ്പാ പദ്ധതി ആശ്വാസമായി.

 

യുവജനങ്ങളെ ബാങ്കുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ മുട്ടക്കോഴി വളർത്തൽ മൈക്രോ യൂണിറ്റുകൾ തുടങ്ങുന്നതിന് 20 യൂണിറ്റുകൾക്ക് വായ്പ നൽകി. കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പി ച്ചെടുത്ത അത്യുല്പാദന ശേഷിയുള്ള തെങ്ങിൽ തൈകൾ 200 കർഷർക്ക് നൽകി. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും ബാങ്കും സംയുക്തമായി 7000 കശുമാവ് ഗ്രാഫ്റ്റ് തൈകൾ വിതരണം ചെയ്തു.

സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ കോന്നി താലൂക്ക് തല ഉദ്ഘാടനം ബാങ്ക് പരിസരത്ത് പുളിമരത്തിന്റെ തൈ നട്ട് കോന്നി എം എല്‍ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറ് കർഷകർക്ക് പുളിമരം വിതരണം ചെയ്തു. കോവിഡ് വ്യാപന കാലയളവിൽ 78 ലക്ഷം രൂപ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ നൽകിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് അരുവാപ്പുലം കൃഷിഭവനുമായി ചേർന്ന് 350 കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

ഓണം, മുഹറം, ഈസ്റ്റർ വിപണികൾ നടത്തി ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്ക് നൽകി സഹായിച്ചു. വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമുള്ള പച്ച മത്സ്യവും മറ്റ് ഉല്പന്നങ്ങളും ന്യായവിലയ്ക്ക് പൊതുജനങ്ങൾക്ക് നൽകുന്നതിന് മത്സ്യഫെഡ് ഫിഷ്മാർട്ടും, മീറ്റ് പ്രോഡക്സ് മീറ്റ് മാർട്ടും തുടങ്ങിയത് ഈ കാലയളവിലാണ്. സാമൂഹ്യ സുരക്ഷാ പെൻഷനും, കെ എസ്സ് ആര്‍ ടി സി പെൻഷനും,ബി പിഎല്‍ പെൻഷനും വീടുകളിൽ എത്തിക്കുന്നതിൽ മാതൃകാപരമായ സേവനമാണ് നടത്തിവരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ എല്ലാ രാസവളവും ജൈവവളവും ഇവിടെ ലഭ്യമാണ്.

ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രഘുനാഥ് ഇടത്തിട്ട, ജോജു വർഗ്ഗീസ്, വിജയ വിൽസൺ,
കെ പി . നസീർ, മാത്യുവർഗ്ഗീസ്, എംകെ . പ്രഭാകരൻ, ബിജു. പി വി , മോനിക്കുട്ടി
ദാനിയേൽ, അനിത ട കുമാർ, റ്റി.ശ്യാമള എന്നിവർ ഭരണ സമിതി അംഗങ്ങളാണ്. സലിൽ വയലാത്തല മാനേജിംഗ് ഡയറക്ടറും,
എസ്സ് . ശിവകുമാർ ജനറൽ മാനേജരുമായി സേവനം നടത്തുന്നു. ആകെ 4 ബ്രാഞ്ചുകളിലായി 13 ജീവനക്കാരുണ്ട്.

error: Content is protected !!