വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും; പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഉടൻ

വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലയ്ക്കും; പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഉടൻ

konnivartha.com : വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തോട്ടം മേഖലക്കും ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരണത്തിന്റെ ഭാഗമായി തോട്ടം ഉടമകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ വ്യവസായ വകുപ്പിനോട് കൂട്ടിച്ചേർത്തതിനെത്തുടർന്നാണ് പുതിയ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത്.

പ്ലാന്റേഷൻ മേഖലയിലെ തുടർ വികസന സാധ്യതകൾ പ്രയോജനപ്പെടുത്താൻ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്പൈസസ് ബോർഡ്, കോഫി ബോർഡ് പ്രതിനിധികൾ, തോട്ടം ഉടമകളുടേയും തൊഴിലാളികളുടേയും പ്രതിനിധികൾ ഉൾപ്പെടുന്നതാവും കമ്മിറ്റി. പുതിയ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കും. കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി രണ്ട് മേഖലകൾ ഡയറക്ടറേറ്റിന് കീഴിൽ ഉണ്ടാകും.

തോട്ടം മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന നിർദ്ദേശങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇടവിള കൃഷി, ഇക്കോ ടൂറിസം എന്നിവ അനുവദിക്കണമെന്ന തോട്ടമുടമകളുടെ ആവശ്യം പരിശോധിക്കും. സംസ്ഥാനത്തെ തോട്ടങ്ങളുടെ മാപ്പിംഗ് ഉടനെ നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പദ്ധതികൾക്ക് രൂപം നൽകും. തോട്ട വ്യവസായത്തിലെ അനുമതികൾക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വ്യവസായമന്ത്രി പി.രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, തോട്ടമുടമാ സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!