മലയോര പട്ടയം – കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലത്തിന്‍റെ ഫീൽഡ് പരിശോധനയ്ക്കായുള്ള കേന്ദ്ര സംഘമെത്തി

 

റിപ്പോർട്ട് ഈ മാസം തന്നെ സമർപ്പിക്കും.

കോന്നി മണ്ഡലത്തിലെ 6000 ത്തോളം കുടുംബങ്ങൾക്ക് നിയമാനുസൃതമായി നിലനില്ക്കുന്ന പട്ടയം നല്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയിലെ ആറായിരത്തോളം കൈവശ കർഷകർക്ക് പട്ടയ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഫീൽഡ് പരിശോധനയ്ക്കായി കേന്ദ്ര സംഘമെത്തി. ആദ്യ ദിനത്തിൽ കോന്നി നിയോജക മണ്ഡലത്തിൽ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നി, അരുവാപ്പുലം,കലഞ്ഞൂർ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. റിപ്പോർട്ട് ഈ മാസം തന്നെ കൈമാറും.

ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ റീജിയണൽ ഓഫീസിലെ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ബി.ജെ. അഞ്ജൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. സ്ഥലപരിശോധനയ്ക്കൊപ്പം ജനപ്രതിനിധികളുടെയും, പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും സ്വീകരിച്ചു.
പരിശോധന നടത്താനുള്ള നടപടികൾ വേഗത്തിലാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം തിരുവനന്തപുരത്ത് റവന്യൂ – വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും, റവന്യൂ-വനം വകുപ്പ് മന്ത്രിമാരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് പരിശോധന വേഗത്തിൽ നടത്തിയത്.

കോന്നി നിയോജക മണ്ഡലത്തിൽ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, കോന്നിതാഴം, കലഞ്ഞൂർ, അരുവാപ്പുലം എന്നീ വില്ലേജുകളിലെ കൈവശകർഷകർക്കാണ് പട്ടയം ലഭിക്കാനുള്ളത്.
1980 മുതൽ മലയോര കർഷകർ പട്ടയത്തിനായി പ്രക്ഷോഭത്തിലാണ്. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ആയ ശേഷം നിയമാനുസരണമുള്ള ഉപാധിരഹിത പട്ടയം വിതരണം ചെയ്യുന്നമെന്ന ആവശ്യം നിയമസഭയിൽ നിരന്തരമായി ഉന്നയിച്ചിരുന്നു.

 

2016ൽ ചിറ്റാറിൽ നടന്ന പട്ടയമേളയിൽ മുൻ സർക്കാർ വനം വകുപ്പിൻ്റെ അനുമതി വാങ്ങാതെ 40 പട്ടയങ്ങൾ തയ്യാറാക്കി വിതരണം ചെയ്തെങ്കിലും, അവ നിയമവിരുദ്ധമാണെന്നു കണ്ട് പിന്നീട് റദ്ദാക്കി.
തുടർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഉപാധിരഹിത പട്ടയവിതരണത്തിനായി നടപടി ആരംഭിക്കുകയും
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനായി സമീപിക്കുകയും ചെയ്തു. സീതത്തോട് പഞ്ചായത്തിൻ്റെ പഴയ കെട്ടിടത്തിൽ എം.എൽ.എ മുൻ കൈ എടുത്ത് സ്പെഷ്യൽ റവന്യൂ പട്ടയം ഓഫീസും പ്രവർത്തനം ആരംഭിച്ച് പട്ടയം നല്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി.

വനം റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തികരിക്കുകയും ചെയ്തു.പത്തനംതിട്ട ജില്ലാ കളക്ടർ,റാന്നി കോന്നി വനം ഡിവിഷൻ ഓഫീസർമാർ എന്നിവർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചതിനെ തുടർന്ന് സംസ്ഥാന മന്ത്രിസഭയുടെ അംഗികരത്തോടെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി നൽകുകയും ചെയ്തു.
ഫുഡ് പ്രൊഡക്ഷൻ ഏരിയായിലെ കൈവശക്കാർക്ക് 1964ലെ ഭൂമി പതിവു ചട്ടപ്രകാരവും, 1977 ജനുവരി ഒന്നിനു മുൻപ് വനഭൂമി കൈവശപ്പെടുത്തിയവർക്ക് 1993 ലെ സ്പെഷ്യൽ റൂൾ പ്രകാരവുമാണ് പട്ടയം നല്കേണ്ടത്.

പട്ടയം നല്കുമ്പോൾ ഭൂമിയ്ക്ക് പകരം ഭൂമിയും, വൃക്ഷങ്ങൾക്ക് പകരം വൃക്ഷങ്ങളും നല്കേണ്ടതുണ്ട്. പരിഹാരവനവല്ക്കരണ നടപടികൾ കേന്ദ്ര ഉദ്യോഗസ്ഥർക്ക് ബോധ്യമായിട്ടുണ്ട്. കോന്നിയുടെ മലയോര മേഖലയിൽ പട്ടയം നല്കുന്നതിന് പരിഹാര വനവത്കരണത്തിനായി ഇടുക്കി ജില്ലയിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. കമ്പക്കല്ലിലെ നീലക്കുറിഞ്ഞി സാങ്ങ്ചറിയ്ക്കായി മാറ്റി വച്ചിട്ടുള്ള 8000 ഏക്കർ ഭൂമിയിലാണ് പരിഹാര വനവത്കരണം നടപ്പിലാക്കുക. മരങ്ങൾക്ക് പകരമായി വനം വകുപ്പ് പ്ലാൻ്റേഷനുകളും സംഘം സന്ദർശിച്ചു.

ബംഗളുരുവിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ റീജിയണൽ ഓഫീസ് സന്ദർശന റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറും.ഇതോടെ നിയമാനുസൃതമായ പട്ടയം നല്കാനുള്ള കേന്ദ്ര അനുമതി ലഭ്യമാകും.
കേന്ദ്ര സംഘത്തിൻ്റെ സന്ദർശനം പൂർത്തിയായതോടെ മലയോര കുടുംബങ്ങൾക്ക് നിയമാനുസൃത പട്ടയം നല്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലായെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.തുടർ നടപടികളും വേഗത്തിലാക്കാൻ നിരന്തര ഇടപെടീൽ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.

സന്ദർശനത്തിൽ എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യ. എസ്. അയ്യർ,ഡി.എഫ്.ഒമാരായ പി.കെ.ജയകുമാർ ശർമ്മ, കെ.എൻ.ശ്യാം മോഹൻ ലാൽ,സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ,കോന്നി തഹസീൽദാർ ശ്രീകുമാർ,ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീലജ അനിൽ,റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!