ആറന്‍മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത് ആലോചിക്കും

 

കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മാരകമായ ആറന്മുള വാഴുവേലില്‍ തറവാട് ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നതിനെ സംബന്ധിച്ച് ആലോചിക്കുമെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ആറന്‍മുള വാഴുവേലില്‍ തറവാട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തറവാടിന്റെ ബാക്കി നവീകരണ പ്രവര്‍ത്തനം നടപ്പാക്കാനുള്ള നിര്‍ദേശം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്‍കി. പ്രാഥമിക വിലയിരുത്തലാണ് വാഴുവേലില്‍ തറവാട്ടില്‍ നടന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പുരാവസ്തു വകുപ്പിലെ കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ ഭൂപേഷ്, ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിക്ക് തറവാട്ടിന്റെ ചരിത്ര പൗരാണികതയെപ്പറ്റി വിശദീകരിച്ചു നല്‍കി. ആറന്‍മുളയിലെ പ്രസിദ്ധ ചരിത്രകാരനായ ശ്രീരംഗനാഥന്‍ വാഴുവേലില്‍ തറവാടിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് പദ്ധതിരേഖ സമര്‍ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ ട്രസ്റ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിനുള്ള നിര്‍ദേശം മന്ത്രി നല്‍കി.
ഐഎന്‍എല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ താമരശേരി, ആര്‍ക്കിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!