കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കോവിഡ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പോലീസ്,
സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരുടെ സജീവ ഇടപെടല്‍ ഉറപ്പാക്കും: ജില്ലാ കളക്ടര്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്.

പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) 8 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ യോഗം വിലയിരുത്തി.

ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയില്‍ 584 ക്യാമ്പുകളിലായി 67000 പേരെ പാര്‍പ്പിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുക. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ നാലു വിഭാഗത്തിലാകും ക്യാമ്പുകള്‍ ഒരുക്കുക. സാധാരണ വിഭാഗങ്ങള്‍ക്കുള്ള ക്യാമ്പുകളും 60 വയസുകഴിഞ്ഞവര്‍ക്കുള്ള ക്യാമ്പുകളും കോവിഡ് രോഗികള്‍ക്കായുള്ള ക്യാമ്പുകളും ക്വാറന്‍ന്റെനില്‍ കഴിയുന്നവര്‍ക്കുള്ള ക്യാമ്പുകളുമാണു സജ്ജീകരിക്കുക.

എല്ലാ ഗ്രാമപഞ്ചായത്തുകളിലും 10 അംഗങ്ങള്‍ വരുന്ന എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനെ നിയോഗിച്ച് ആവശ്യമായ പരിശീലനം ഉറപ്പുവരുത്തണമെന്നു യോഗത്തില്‍ ഡി.ഡി.പിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു.
യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ.സി.എസ് നന്ദിനി, ജെ.എ.എം.ഒ ഡോ.എം.എസ് രശ്മി, ഡി.ഡി.പി കെ.ആര്‍ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!