കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.ഗുരുതര സാമ്പത്തിക ക്രമക്കേടിലും ബിനാമി ഇടപാടിലുമാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്.

 

സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി നിക്ഷേപം ആയി പ്രതികൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐയുടെ അന്വേഷണവും തുടരുകയാണ്.കേസിൽ തോമസ് ഡാനിയലിന്‍റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്‍ മക്കള്‍ എന്നിവർക്കെതിരെയും ഇ ഡിയുടെ അന്വേഷണം നടക്കുന്നുണ്ട്.കേസിൽ സിബിഐയുടെ അന്വേഷണവും തുടരുകയാണ്

 

2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.വിദേശത്തേക്ക് കടക്കുവാന്‍ ഉള്ള ശ്രമത്തില്‍ ഉടമയുടെ രണ്ടു പെണ്‍ മക്കളെ വിമാനത്താവളത്തില്‍ വെച്ചു പിടികൂടിയിരുന്നു .ഒരു മകളെ കേരളത്തിലും വെച്ചു പിടികൂടിയതോടെ ഉടമയും ഭാര്യയും പോലീസില്‍ കീഴടങ്ങിയിരുന്നു . നിക്ഷേപകരുടെ നിരന്തര സമരം മൂലം കേസ്സ് സി ബി ഐ ഏറ്റെടുത്തു . മറ്റൊരു പ്രതി വിദേശത്താണ് . ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

1976 ല്‍ കോന്നി വകയാര്‍ ആസ്ഥാനമാക്കിയാണ് പോപ്പുലര്‍ ഫിനാന്‍സ് തുടങ്ങിയത് .  കേരളത്തില്‍ 245 ശാഖകള്‍ ഉള്ള ഗ്രൂപ്പിന് കേരളത്തിന് വെളിയിലും വിദേശത്തും ആസ്തി ഉണ്ട് . നിക്ഷേപകരുടെ പണം തിരികെ ലഭിക്കുവാന്‍ ഇനിയും കടമ്പകള്‍ ഏറെ ഉണ്ട് .
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്.

കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പിന് കേരളത്തിലും പുറത്തും ശാഖകള്‍ ഉണ്ട് . 21 കടലാസ് കമ്പനിയിലൂടെ കോടികണക്കിന് രൂപയുടെ നിക്ഷേപം വക മാറ്റി എന്നാണ് പരാതി .തട്ടിപ്പ് ജന മധ്യത്തില്‍ ആദ്യം എത്തിച്ചത് കോന്നി വാര്‍ത്ത ഡോട്ട് കോമാണ് . പിന്നീട് നിക്ഷേപകര്‍ സംഘടിച്ചു സമരം നടത്തിയതോടെ മറ്റ് മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി .

കോന്നി പോലീസില്‍ ആണ് ആദ്യം നിക്ഷേപകര്‍ പരാതി നല്‍കിയത് . പരാതി ഒന്നിച്ചു ഒറ്റ എഫ് ഐ ആര്‍ ഇടുവാന്‍ ഉന്നതങ്ങളില്‍ നിന്നും പോലീസിന് മേല്‍ സമ്മര്‍ദം ഉണ്ടായി . നിക്ഷേപകര്‍ സംഘടിച്ചതോടെ ഓരോ പരാതിയിലും വേറെ വേറെ എഫ് ഐ ആര്‍ ഇടുവാന്‍ പോലീസ് തയാറായി .

കേരളത്തിലും പുറത്തും നൂറുകണക്കിനു പരാതികള്‍ പോലീസിന് ലഭിച്ചു . കോടികണക്കിന് രൂപ നിക്ഷേപിച്ച പലരും ഇന്നും പരാതി നല്‍കിയിട്ടില്ല . കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കൃത്യമായി പലിശ നല്‍കി ജനങ്ങള്‍ക്ക് ഇടയില്‍ കുറഞ്ഞ കാലം കൊണ്ട് വിശ്വസ്തത നേടിയിരുന്നു . നിക്ഷേപകരില്‍ പകുതിയും പ്രവാസി മലയാളികളാണ് .
നിക്ഷേപം വക മാറ്റി ചിലവഴിക്കുന്ന വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം പുറത്തു കൊണ്ടുവന്നിരുന്നു .ഇതിന് 6 മാസത്തിനു ശേഷമാണ് ഉടമയും മക്കളും വകയാറിലെ വീട്ടില്‍ നിന്നും മുങ്ങിയത് . വകയാറിലെ പ്രധാന ഓഫീസ് പിന്നേയും 7 ദിവസം പ്രവര്‍ത്തിച്ചു . മിക്ക ശാഖകളും ബ്രാഞ്ച് മാനേജര്‍മാര്‍ തുറന്നിരുന്നു . പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍ ശാഖകളില്‍ എത്തിയതോടെ ശാഖകള്‍ അടച്ചു .

പത്തനംതിട്ട എസ്സ് പിയായിരുന്ന സൈമണ് ആയിരുന്നു ഈ കേസ് അന്വേഷണ ചുമതല . നിക്ഷേപകരുടെ സമരത്തെ തുടര്‍ന്നും ഹൈക്കോടതി ഇടപെടലുകളെ തുടര്‍ന്നും കേസ് സി ബി ഐയ്ക്കു കൈമാറിയിരുന്നു . കേസ്സ് സി ബി ഐ ഏറ്റെടുക്കാന്‍ വൈകിയതോടെ നിക്ഷേപകര്‍ സി ബി ഐയുടെ തിരുവനന്തപുരം ഓഫീസ് പടിക്കല്‍ സമരം നടത്തിയിരുന്നു . പിന്നീട് ആണ് സി ബി ഐ വകയാറിലെ പ്രധാന ഓഫീസില്‍ എത്തിയത് . പോലീസ് നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു . പ്രധാന പ്രതികളില്‍ .ഒരാളായ റോയിയുടെ മാതാവ് വിദേശത്തു ഇപ്പൊഴും കഴിയുന്നു . അവിടേയ്ക്ക് പോകാന്‍ ഉള്ള യാത്രയ്ക്ക് ഇടയിലാണ് റോയിയുടെ രണ്ടു പെണ്‍ മക്കള്‍ പിടിയിലാകുന്നത് . പത്തനംതിട്ട ജില്ലയില്‍ കാറുകളില്‍ സഞ്ചരിച്ച റോയിയും ഭാര്യയും മക്കള്‍ പിടിയിലായതോടെ പത്തനംതിട്ട പോലീസില്‍ കീഴടങ്ങി .

പ്രതികളുടെ 15 വാഹനം പോലീസ് കണ്ടെത്തി . കേരളത്തിന് പുറത്തെ ഏതാനും വസ്തുക്കളും പോലീസ് കണ്ടെത്തിയിരുന്നു . കോന്നി ടൌണിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സ്ഥാവര വസ്തുക്കള്‍ കോന്നി തഹസീല്‍ദാര്‍ മുദ്ര വെച്ചിരുന്നു . ഇത് ലേല നടപടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു .

പ്രതികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ലേലം വിളിച്ച് നിക്ഷേകരുടെ കട ബാധ്യതകള്‍ തീര്‍ക്കുവാന്‍ ഉള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്ത് നിന്നും തുടങ്ങി എങ്കിലും കാര്യമായ വിജയം കണ്ടില്ല . നിക്ഷേപക തുകകള്‍ തിരികെ ലഭിക്കാന്‍ നിക്ഷേപകര്‍ ഇന്നും ശ്രമത്തില്‍ ആണ് . സി എസ്സ് നായരുടെ നേതൃത്വത്തില്‍ നിക്ഷേപകര്‍ നിരന്തര നിയമ പോരാട്ടത്തില്‍ ആണ് .പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കോന്നി വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ നീണ്ട മാസങ്ങള്‍ പ്രതിഷേധം സമരം നടത്തിയിരുന്നു . സി ബി ഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ ആണ് ഇവിടെയുള്ള സമരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയയിൽനിന്ന് പഴയ കമ്പ്യൂട്ടറുകൾ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയതിലൂടെയാണ് തട്ടിപ്പിന്റെ ആസൂത്രണം തുടങ്ങിയതെന്നാണ് വിലയിരുത്തല്‍.

അഞ്ചു ലക്ഷം നിക്ഷേപിച്ചാൽ ആറു വർഷം കൊണ്ട് ഇരട്ടി തുക ഒറ്റയടിക്ക് നഷ്ടമായത് ലക്ഷങ്ങൾ നിക്ഷേപിച്ചവരുടെ മുഴുവൻ സമ്പാദ്യവും. നിക്ഷേപം ഇരട്ടിപ്പിക്കൽ വാഗ്ദാനത്തിന്റെ പുറത്ത് നൽകിയത് കടലാസ് കമ്പനികളുടെ ഷെയറുകൾ. ആട്, തേക്ക്, മാഞ്ചിയം പ്ലാന്റേഷൻ തട്ടിപ്പിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് ആണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നടത്തിയത്

error: Content is protected !!