കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പ്രതിഭാ പുരസ്ക്കാരം കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന് സമര്‍പ്പിച്ചു

 

പത്തനംതിട്ട (കോന്നി ) : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാത്ത് സംരക്ഷിക്കുന്ന ഏക കാവായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉണര്‍ത്ത് പാട്ടും ഉറക്കുപാട്ടുമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മണ്‍മറഞ്ഞ കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്കാരത്തിന് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ അര്‍ഹനായി .

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തനത് ദ്രാവിഡ കലയായ കുംഭപാട്ട് , തലയാട്ടം കളി , ഭാരതക്കളി , പാട്ടും കളിയും ഇന്നും കൊട്ടി പാടി പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ആചാര്യനാണ് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ .

കൊല്ലം വെട്ടിക്കവല ആസ്ഥാനമായി ” ഭാരതക്കളി സമിതി”യുടെ ആശാനാണ് വെട്ടിക്കവല രതീഷ് ഭവനില്‍ രവീന്ദ്രന്‍. കഴിഞ്ഞ 30 വര്‍ഷമായി ദ്രാവിഡ കലകളെ പരിപോഷിപ്പിച്ച്കൊണ്ട് വിവിധ ദേശങ്ങളില്‍ പ്രസ്തുത കലകള്‍ അവതരിപ്പിക്കുന്നു .
തനത് പ്രാചീന കലകളെ ലോകത്തിന് മുന്നില്‍ കെട്ടിയാടുകയും കൊട്ടിപാടുകയും ചെയ്യുന്ന മഹത് വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളി പ്രമുഖനായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ പ്രതിഭാ പുരസ്കാരം നല്‍കും .

കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന് 2021 ലെ പ്രതിഭാ പുരസ്ക്കാരം കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്ത കുമാര്‍ സമര്‍പ്പിച്ചു . പടേനിക്കളിയുടെ ആശാട്ടി പൊടിച്ചി , മുടിയാട്ടം കളിയുടെ ആശാട്ടി ഇന്ദിര , ഭാരതക്കളിയുടെ ഇളം മുറ ആശാന്‍ സുകു എന്നിവര്‍ക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നിന്നും അനുമോദന പുരസ്കാരം നല്‍കി ആദരിച്ചു .

error: Content is protected !!