കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

 

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയില്‍ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
കഥകളിക്കായി ജിവിതം സമര്‍പ്പിച്ച ഗുരു എട്ട് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് ശേഷമാണ് അരങ്ങൊഴിഞ്ഞത്. ഉത്തര മലബാറിലെ കഥകളി രംഗത്തെ പുനരുജ്ജീവിപ്പിച്ച ആചാര്യനായിരുന്നു. 100 വയസിന് ശേഷവും പല വേദികളിലും കഥകളി വേഷം കെട്ടിയിരുന്നു. അരങ്ങില്‍ പകര്‍ന്നാടിയ ഗുരുവിന്റെ കൃഷ്ണ, കുചേല വേഷങ്ങള്‍ ആസ്വാദകര്‍ക്ക് എന്നും പ്രിയങ്കരമായിരുന്നു. കഥകളിയുടെ വടക്കന്‍രീതിയായ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

മടന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കഥകളിക്ക് പുറമെ കേരള നടനമെന്ന കലാരൂപത്തിന് പ്രചാരം നല്‍കുന്നതിലും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രധാന പങ്കാണ് വഹിച്ചത്.

കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളില്‍ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമന്‍ നായര്‍ കലാപ്രേമികളുടെ ഹൃദയംകവര്‍ന്നു. 1983 ഏപ്രില്‍ 23-ന് ചേലിയയില്‍ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.

2017 ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1999-ല്‍ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ല്‍ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാര്‍ഡ്, 2002-ല്‍ കലാദര്‍പ്പണം നാട്യ കുലപതി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, കേരള കലാമണ്ഡലം കലാരത്‌നം അവാര്‍ഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങള്‍.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെനിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ട്വീറ്റിൽ പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തോടും ആത്മീയതയോടും ഉള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഐതിഹാസികമായിരുന്നു. നമ്മുടെ ക്ലാസിക്കൽ നൃത്തങ്ങളിൽ യുവ പ്രതിഭകളെ വളർത്തിയെടുക്കാൻ അദ്ദേഹം അസാധാരണമായ ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ് എന്റെ ചിന്തകൾ . ഓം ശാന്തി. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

error: Content is protected !!