ഉന്നതനിലവാരത്തില്‍ നിര്‍മിച്ച കുരിശുംമൂട്-വി കോട്ടയം റോഡും മാമ്മൂട്-ചന്ദനപ്പള്ളി റോഡും നാടിന് സമര്‍പ്പിച്ചു

 

മൂന്നു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കുരിശുംമൂട്- വികോട്ടയം റോഡും രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മാമ്മൂട്- ചന്ദനപ്പള്ളി റോഡും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

2.70 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശുംമൂട് വി.കോട്ടയം റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ 5.5 മീറ്റര്‍ വീതിയിലാണ് ടാറ് ചെയ്തിരിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായേക്കാവുന്ന വാഹന പെരുപ്പവും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും റോഡില്‍ നിന്ന് വെള്ളം ഒഴുകി പോകുന്നതിന് 700 മീറ്റര്‍ നീളത്തില്‍ ഓടയും ഐറിഷ് ഓടയും നിര്‍മിച്ചിട്ടുണ്ട്. അപകട സാധ്യത കുറയ്ക്കുന്നതിനായി ക്രാഷ് ബാരിയറുകളും റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. താഴൂര്‍ കടവ് ജംഗ്ഷനില്‍ നിന്ന് വകയാര്‍ ഭാഗത്തേക്ക് എളുപ്പമാര്‍ഗം എത്താന്‍ കഴിയുന്ന റോഡാണിത്.

ആനന്ദപ്പള്ളി-കൈപ്പട്ടൂര്‍ റോഡില്‍ മാമ്മൂട് ജംഗ്ഷനില്‍ ആരംഭിച്ച് ശബരിമല അനുബന്ധപാതയായ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ ചന്ദനപ്പള്ളി വരെയുളള 2.500 കിലോ മീറ്റര്‍ നീളമുള്ള റോഡാണ് മാമ്മൂട്- ചന്ദനപ്പള്ളി റോഡ്. 5.5 മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മിച്ച റോഡില്‍ കലുങ്കുകളുടെ വീതികൂട്ടല്‍, സംരക്ഷണ ഭിത്തി, മുതലായവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധയിടങ്ങളിലായി നടന്ന ചടങ്ങില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!