തണ്ണിത്തോട്ടില്‍ കെഎസ്ഇബി സബ് സെന്‍റര്‍ അനുവദിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : ദീര്‍ഘകാലമായി തണ്ണിത്തോട് നിവാസികള്‍ അനുഭവിച്ച വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ തണ്ണിത്തോട് കേന്ദ്രീകരിച്ച് കെഎസ്ഇബി സബ് സെന്റര്‍ ആരംഭിക്കാന്‍ ഉത്തരവായതായി അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു.

ഗുണമേന്മയുള്ള വൈദ്യുതി തടസം കൂടാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. തണ്ണിത്തോട് സെൻ്റർ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. കോന്നി സബ്സ്റ്റേഷനിൽ നിന്നും കക്കാട് പവർഹൗസിൽ നിന്നും വൈദ്യുതി വിതരണം ചെയ്യാൻ കഴിയുമെന്നും എം എൽ എ അറിയിച്ചു.

 

തണ്ണിത്തോട്, തേക്ക്തോട്, നീലിപ്ലാവ് മേഖലകളിലെ 6000 ത്തോളം ഉപഭോക്താക്കൾക്കാണ് സെൻ്ററിൻ്റെ പ്രയോജനം ലഭിക്കുക. പത്തനംതിട്ട ഡിവിഷനിലെ കോന്നി മേഖല വിഭജിച്ചാണ് പുതിയ സബ് എന്‍ജിനീയര്‍ ഓഫീസ് സ്ഥാപിക്കുന്നത്. വൈദ്യുതി തടസം പരിഹരിക്കുന്നതിനായി ഒരു ഓവർസിയർ ഉൾപ്പെടെ 4 ജീവനക്കാരെ നിയമിക്കാനും ഉത്തരവായി.

ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. ഓവർസിയറെ കൂടാതെ രണ്ട് ലൈൻമാന്മാരും ഒരു ഇലക്ട്രിക്കൽ തൊഴിലാളിയുമാകും തണ്ണിത്തോട് സെൻ്ററിൽ ഉണ്ടാവുക. ജീവനക്കാർക്ക് ഉടനടി സ്ഥലത്തെത്താൻ ഒരു വാഹനവും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഒരു മൊബൈൽ ഫോണും സെൻ്ററിന് അനുവദിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എംഎൽഎ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി.

 

നാളിതുവരെ വൈദ്യുതി തടസം നേരിടുമ്പോൾ തണ്ണിത്തോട് നിവാസികൾക്ക് പരാതി നൽകാൻ 30 കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് കോന്നി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ എത്തേണ്ട അവസ്ഥയായിരുന്നു. വൈദ്യുതി സംബന്ധമായ പരാതികൾ ലഭിച്ചാൽ കെ എസ് ഇ ബി ജീവനക്കാർ സ്ഥലത്തെത്താൻ വൈകുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. രാത്രികാലങ്ങളിലും മറ്റും വൈദ്യുതി തടസപ്പെട്ടാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക പ്രയാസകരമായിരുന്നു.

ഇത്തരം ബുദ്ധിമുട്ടുകൾ പ്രദേശവാസികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എംഎൽഎ നടത്തിയ ഇടപെടലാണ് സബ് സെൻ്ററിന് അനുമതി ലഭ്യമാക്കിയത്.

error: Content is protected !!