മൊബൈല്‍ ആപ്പിലൂടെ വായ്പ തട്ടിപ്പ്

 

മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിതമായ നടപടിക്രമങ്ങളിലൂടെ ലോണ്‍ നല്‍കുന്നു എന്ന രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാപോലീസ് മേധാവി. കെ.ജി. സൈമണ്‍ അറിയിച്ചു.

സ്‌നാപ്ഇറ്റ്, കാഷ്ബീ, റുപീ ബസാര്‍, റുപീ ഫാക്ടറി, മണിബോക്‌സ്, ഗോ കാഷ്, ഗോള്‍ഡ് ബൌള്‍, നീഡ് റുപീ, ഗെറ്റ് റുപീ എന്നിവ ചതിക്കുഴിയില്‍ പെടുത്തുന്ന അത്തരം ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങള്‍ക്ക് ഉദാഹരണം ആണ്.
റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രം കാലാവധിയില്‍ അനുവദിക്കുന്ന ഇത്തരം തട്ടിപ്പ് വായ്പകളില്‍ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ കൂടുകയും മാസങ്ങള്‍ക്കുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകുകയും ചെയ്യും.

തിരിച്ചടവ് മുടങ്ങിയാല്‍ വായ്പ എടുത്തയാളിന്റെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അവരെ ജാമ്യം നിര്‍ത്തി വായ്പ എടുത്തതായും വായ്പ തിരിച്ചടയ്ക്കുന്നില്ല എന്നും വ്യാജമായും അപമാനിക്കുന്നതരത്തിലും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും.

ഇത്തരം തട്ടിപ്പുകളെപറ്റി മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. ഇത്തരം മൊബൈല്‍ ആപ്പുകളെ പറ്റി റിവ്യൂ ചെയ്ത ശേഷം മാത്രംഡൗണ്‍ലോഡ് ചെയ്യുക. ഇത്തരം ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് മൊബൈല്‍ ഒണ്‍ലി നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍ബിഎഫ്‌സി)രജിസ്ട്രഷന്‍ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.

ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ പലരും അനുവാദം കൊടുക്കാറുണ്ട്. ഇത് അപകടകരമാണ്. ഏതു ബാങ്ക് അല്ലെങ്കില്‍ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്ന് വ്യക്തമല്ലെങ്കില്‍ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ എത്ര വരുമെന്നു മനസിലാക്കണം.

പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റു ഫീസുകള്‍ ഈടാക്കുന്നതും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ കുറ്റകരമാണ്. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതും വായ്പ തിരിച്ചു പിടിക്കുന്നതിനായി മോശമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

error: Content is protected !!