കേരളത്തില്‍ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കും

 

കടൽ കടക്കാൻ കേരളത്തിന്റെ നേന്ത്രക്കായ; ട്രയൽ കയറ്റുമതി അടുത്ത മാർച്ചിൽ
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയൽ കയറ്റുമതി നടത്തുക.

കേരളത്തിലെ കയറ്റുമതി ഏജൻസിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കർഷകർക്കും കയറ്റുമതിക്കാർക്കും വേണ്ട സൗകര്യങ്ങൾ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാൾ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടൽ മാർഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തിൽ ഒരു കണ്ടൈനർ (10 ടൺ) നേന്ത്രക്കായ അടുത്ത വർഷം മാർച്ചിൽ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാൽ കേരളത്തിലെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.

തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കർഷകരിൽ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക. കഴിഞ്ഞ ജൂലായിൽ നട്ട തൈകൾ അടുത്ത ഫെബ്രുവരിയിൽ വിളവെടുത്ത ശേഷം കയറ്റിയയയ്ക്കും. മാർച്ചിലെ ട്രയൽ കഴിഞ്ഞാലുടൻ കൂടുതൽ നേന്ത്രക്കായ കയറ്റി അയയ്ക്കും.

നേന്ത്രക്കുലകൾ 80 മുതൽ 85 ശതമാനം മൂപ്പിൽ വിളവെടുക്കുകയും ഇത് കൃഷിയിടത്തിൽ വച്ച് തന്നെ പടലകളാക്കി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് കറയോ, പാടുകളോ ഇല്ലാതെ കായ്കൾ പായ്ക്ക് ഹൗസിൽ എത്തിക്കും. ഇവിടെ പ്രീകൂളിംഗിനും ശുദ്ധീകരണ പ്രക്രിയകൾക്കും ശേഷം, കേടുപാടോ മറ്റു ക്ഷതങ്ങളോ വരാതെ ശ്രദ്ധയോടെ സംഭരിക്കും. ഇവ ഈർപ്പം മാറ്റി കാർട്ടൺ ബോക്സുകളിലാക്കി ആവശ്യമായ താപനില, ഊഷ്മാവ് എന്നിവ ക്രമീകരിച്ച് പ്രത്യേക കണ്ടെയ്നറുകളിലാക്കുന്നു. പായ്ക്ക് ഹൗസ് പരിചരണം കൃത്യമായി രേഖപ്പെടുത്തി സുതാര്യമായ ട്രെയിസബിളിറ്റി സംവിധാനവും, ക്യൂആർ കോഡിംഗ് സംവിധാനവും വഴി ഉൽപ്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തും.
വിദേശ കയറ്റുമതിയിലൂടെ കർഷികോൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില കർഷകക്ക് ലഭിക്കും. കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും.

ഈ പദ്ധതി വിജയകരമായാൽ കേരളത്തിലെ ഉത്പ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുനാകും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ജില്ലയിലെ കമ്മനത്ത് പായ്ക്ക് ഹൗസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ പരിയാരത്ത് പായ്ക്ക് ഹൗസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കും. ഇടുക്കി ജില്ലയിൽ ഒരു വെജിറ്റബിൾ അഗ്രോ പാർക്ക് സ്ഥാപിക്കാൻ വിശദമായ പ്രോജക്റ്റ് പ്രപ്പോസലും തയ്യാറാക്കി വരുന്നു.

error: Content is protected !!