കോന്നിയുടെ ടൂറിസം സാധ്യതകൾ തുറന്നിട്ട് കുമ്മണ്ണൂർ തോട്

കാര്യമായ വികസനപദ്ധതികളൊന്നും കുമ്മണ്ണൂരിനെ അനുഗ്രഹിച്ചിട്ടില്ല

റഷീദ് മുളന്തറ
കോന്നി വാര്‍ത്ത : കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ പ്രകൃതിയാൽ അനുഗൃഹീതമായ ഹരിത മനോഹരമായ കോന്നിയുടെ കിഴക്കൻ മലയോര ഗ്രാമമാണ് കുമ്മണ്ണൂർ.
കോന്നിയിൽ നിന്നും ഏകദേശം 5.5 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം.. കോന്നി ഗവ:മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തിയിൽ വെച്ചു കുമ്മണ്ണൂർ റോഡ് വഴി പിരിയുന്നു.

ഗ്രാമവികസനത്തിനായി ചങ്ക് പറിച്ചു കൊടുക്കാൻ തയ്യാറുള്ള ഒരു ജനതയെങ്കിലും കാര്യമായ വികസനപദ്ധതികളൊന്നും കുമ്മണ്ണൂരിനെ അനുഗ്രഹിച്ചിട്ടില്ല.
വനാതിർത്തി പങ്കിടുന്ന കുമ്മണ്ണൂർ മേഖലയിലെ പ്രധാന ആകർഷണമാണ് വനത്തെയും ഗ്രാമത്തെയും വേർതിരിക്കുന്ന ദൃശ്യ ഭംഗിയും പ്രകൃതി രമണീയവുമായ കുമ്മണ്ണൂർ തോട്
കുമ്മണ്ണൂർ ഫോറെസ്റ്റ് സ്റ്റേഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്ററോളം ദൂരത്തിൽ ഉൾവന പ്രദേശമായ ഞള്ളൂർ കാക്കര ഫോറസ്റ്റ് റിസർവ്വില്‍ നിന്നും മരമഞ്ചാങ്കുഴി കിളിക്കുളം ഭാഗത്തു നിന്നും ചെറിയ തോടുകൾ സംഗമിച്ചു കുമ്മണ്ണൂർ വലിയതോട് ഉത്ഭവിക്കുന്നതായി കണക്കാക്കുന്നു.

തോടിന്റെ ഏകദേശം ആറു കിലോമീറ്റർ ദൂരം ഉൾവനത്തിലൂടെ മാത്രമാണ് ഒഴുക്ക്. അതുകൊണ്ടു തന്നെ യാതൊരു മാലിന്യങ്ങളുമില്ലാത്ത ശുദ്ധമായ ജലമാണ്.
ഉൾ വനത്തിൽ പ്രകൃതി രമണീയമായ കാട്ടരുവികളും ചെറു തോടുകളും മരങ്ങളും മലകളും പാറക്കെട്ടുകളുമൊക്കെയായി തിരിഞ്ഞും മറിഞ്ഞും വാദ്യ മേളങ്ങളെ അനുകരിച്ചു ശാന്തവും സൗമ്യവുമായി ഒഴുകി അച്ഛൻകോവിലാറിൽ സംഗമിക്കുന്ന തോടിന്റെ മനോഹാരിത വിവരണാതീതമാണ്..
അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും ശബരിമലയിൽ ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ അച്ചന്‍കോവിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രദർശനം പൂർത്തിയാക്കി പരമ്പരാഗത വന പാതയായ തുറ ചെമ്പാല കടമ്പു പാറ – മണ്ണാറപ്പാറ – ഉളിയനാട്- കടിയാർ -നടുവത്തു മൂഴി ബംഗ്ളാവ് വഴി കാൽനടയായി ഏകദേശം 45 കിലോമീറ്റർ വഴി നടന്നു കുമ്മണ്ണൂർ മൂഴി തോട്ടിൽ ദേഹ ശുദ്ധി വരുത്തുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ട്. കുമ്മണ്ണൂർ നിവാസി ഷാജി മുഹമ്മദിന്റെ ആതിഥ്യം സ്വീകരിച്ചു അദ്ദേഹത്തിന്റെ വസതിയിൽ വിശ്രമിക്കുന്ന പതിവ് കാലങ്ങളായി ഇപ്പോഴും തുടരുന്നു.
കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കുമ്മണ്ണൂർ തോടിനെയും ഉൾപ്പെടുത്താനും ടൂറിസ്റ്റ് സ്പോട്ടുകൾ നിശ്ചയിച്ചു കുട്ടവഞ്ചി സവാരി പോലുള്ള സംവിധാനങ്ങൾ കൂടി ഒരുക്കിയാൽ വനം ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്.ഒപ്പം
കുമ്മണ്ണൂർ പ്രദേശത്തിന്റെ വികസനവും സാധ്യമാകും.
നിലവിൽ കുമ്മണ്ണൂർ വഴി അച്ചൻകോവിൽ വരെ റോഡ് ഉള്ളതാണ്. ഈ പ്രദേശം ടൂറിസത്തിനായി വളരെ അനുയോജ്യമായ പ്രദേശമാണെങ്കിലും നാളിതുവരെ യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല.
പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ അധികൃതർപരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികൾ ആഗ്രഹിക്കുന്നത്..

error: Content is protected !!