ശുചിത്വ പദവി നേട്ടം കൈവരിച്ച് ജില്ലയിലെ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍

ശുചിത്വ പദവി നേടിയ സീതത്തോട് ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും അഡ്വ. കെ.യു. ജനിഷ്‌കുമാര്‍ എംഎല്‍എ സമ്മാനിക്കുന്നുകൈമാറി .

കോന്നി വാര്‍ത്ത ഡോട്ട് കോം : ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുചിത്വ പദവി പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയ 501 ഗ്രാമപഞ്ചായത്തുകള്‍ക്കും 58 നഗരസഭകള്‍ക്കും 30 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് ശുചിത്വ പദവി നല്‍കിയത്.
നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 250 തദ്ദേശഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയിലെത്തിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, അതിന്റെ ഇരട്ടിയിലേറെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി മാറാനുളള തീവ്രശ്രമത്തിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ സംരംഭങ്ങളാക്കി മാറ്റുമെന്നും ഹരിതസംരംഭങ്ങളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ രംഗത്ത് ചാലകശക്തികളായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മസേനകള്‍ക്ക് മതിയായ വിധം യൂസര്‍ഫീ സംവിധാനം ലഭിക്കുന്ന അവസ്ഥ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ശുചിത്വ പദവി പ്രഖ്യാപനത്തിന്റെ നിറവില്‍
ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍
ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കി ജില്ലയിലെ 35 ഗ്രാമപഞ്ചായത്തുകളും രണ്ടു നഗരസഭകളും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി. തുമ്പമണ്‍, കുളനട, ആറന്മുള, മെഴുവേലി, പന്തളം തെക്കേക്കര, കോന്നി, മൈലപ്ര, പ്രമാടം, തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ, വള്ളിക്കോട്, റാന്നി പഴവങ്ങാടി, സീതത്തോട്, നാറാണമൂഴി, വെച്ചൂച്ചിറ, കടപ്ര, നിരണം, കുറ്റൂര്‍, നെടുമ്പ്രം, ചെന്നീര്‍ക്കര, ചെറുകോല്‍, ഇലന്തൂര്‍, ഓമല്ലൂര്‍, എഴുമറ്റൂര്‍, തോട്ടപ്പുഴശേരി, മല്ലപ്പള്ളി, കുന്നന്താനം, ആനിക്കാട്, കല്ലൂപ്പാറ, പള്ളിക്കല്‍, കൊടുമണ്‍, കലഞ്ഞൂര്‍, ഏനാദിമംഗലം, ഏറത്ത് എന്നീ ഗ്രാമപഞ്ചായത്തുകളും പന്തളം, തിരുവല്ല എന്നീ നഗരസഭകളും പന്തളം, കോന്നി ബ്ലോക്കുകളുമാണ് ജില്ലയില്‍ നിന്നും ശുചിത്വ പദവി പ്രഖ്യാപനത്തിന് അര്‍ഹമായത്.
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശുചിത്വ പദവി പ്രഖ്യാപനം വീഡിയോ വാള്‍ വഴി പ്രദര്‍ശിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ അതത് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി തിരുവല്ല നഗരസഭയുടെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ പദവി പ്രഖ്യാപനത്തില്‍ പങ്കെടുത്തു. കേരളത്തിലെ ഓരോ നഗരസഭകളും ഗ്രാമപഞ്ചായത്തുകളും മാലിന്യ സംസ്‌കരണ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെ നേരിട്ട് കൈവരിച്ച ഈ നേട്ടം നാടിന് മുതല്‍ക്കൂട്ടാണെന്നും ശുചിത്വ പദവി പ്രഖ്യാപനത്തില്‍ എംപി പറഞ്ഞു. പ്ലാസ്റ്റിക് ശേഖരിച്ച് പൊടി ആക്കി നിര്‍മാര്‍ജനം ചെയ്ത തിരുവല്ല മുനിസിപ്പാലിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ശുചിത്വ പദവി നേടുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കേരളത്തിന് തന്നെ മാതൃകയാകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനത്തില്‍ പങ്കെടുത്തു സംസാരിച്ച രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് ശുചിത്വ പദവി പുരസ്‌കാര സമര്‍പ്പണവും നടത്തി. മാത്യു ടി.തോമസ് എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, വീണാ ജോര്‍ജ് എംഎല്‍എ എന്നിവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
സീതത്തോട് ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി നേടിയതിനുള്ള പ്രശസ്തി പത്രവും പുരസ്‌കാര സമര്‍പ്പണവും അഡ്വ. കെ.യു. ജനിഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിക്കുന്നത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെയും ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള എന്നിവയെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലും ശുചിത്വ പദവി പ്രഖ്യാപനത്തില്‍ പങ്കെടുത്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനത്തില്‍ സാമൂഹിക പ്രവര്‍ത്തക ഡോ.എം.എസ്. സുനില്‍, സന്നദ്ധ പ്രവര്‍ത്തകന്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതത് ബ്ലോക്കുകളിലെ ശുചിത്വ പദവി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തുകളില്‍ പങ്കെടുത്തു. ശുചിത്വ പദവി പ്രഖ്യാപനത്തിന് ശേഷം ശുചിത്വ പദവി നേടിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാര സമര്‍പ്പണവും പ്രശസ്തിപത്ര വിതരണവും നടത്തി. തുടര്‍ന്ന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും മാലിന്യ സംസ്‌കരണ മേഖലയില്‍ ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. നിലവിലുളള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ ശുചിത്വ പദവി കൈവരിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം.

error: Content is protected !!