പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപക സത്യഗ്രഹം 12ന്‌ : സിപിഐ (എം)

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക തട്ടിപ്പിലൂടെ രണ്ടായിരം കോടിയോളം രൂപ കവർന്നെടുത്ത പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് കണ്ട് കെട്ടണമെന്നും നിക്ഷേപകർക്ക് ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ട്‌ ഈ മാസം 12 ന് സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകൾക്ക്‌ മുന്നിലും നിക്ഷേപകരുടെ സത്യഗ്രഹം നടത്താൻ സിപിഐ എം പത്തനംതിട്ട ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു.
പണവും സ്വർണവും നിക്ഷേപം നടത്തിയ ആയിരക്കണക്കിന് ആളുകളുടെ ജീവിതം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിക്ഷേപകരെ കബിളിപ്പിച്ച ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഫിനാൻസ് ഉടമകളെ അറസ്‌റ്റ്‌ ചെയ്യാൻ കേരള സർക്കാരിന് കഴിഞ്ഞത് ആശ്വാസകരമാണ്.
കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടുണ്ട്. എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്താൻ പത്തനംതിട്ടയിൽ ഒരു ജില്ലാ ജഡ്ജിയെ സപെഷ്യൽ കോടതിയായി ചുമതലപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ച് സിപിഐ എം നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്ന 2019 ലെ ബിഎഡിഎസ്‌ ആക്ട് പ്രകാരം പ്രത്യേക കോടതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട് തട്ടിപ്പു നടത്തുമ്പോൾ തന്നെ ഫിനാൻസ് ഉടമകൾ വിൽപന നടത്തിയ വസ്തു വകകൾ തിരിച്ചെടുക്കുകയും നിലവിലുളളത് കണ്ടുകെട്ടുകയും വേണം.

ഈ കേസിന്റെ അന്വേഷം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേരള സർക്കാർ ഇതിനോട് യോജിപ്പ് അറിയിച്ചിട്ടുമുണ്ട്. എന്നാൽ സിബിഐ ഇക്കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ല. നിക്ഷേപകർ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ 12ന് രാവിലെ 10 മുതൽ ഒരു മണി വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ശാഖകൾക്കു മുന്നിലും നിക്ഷേപകർ നടത്തുന്ന സത്യഗ്രഹം വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അഭ്യർഥിച്ചു. കോവിഡ് മാർഗനിർദ്ദേശം പാലിച്ചാണ് സമരം നടത്തേണ്ടത്.

error: Content is protected !!