അമലഹരിതം പദ്ധതിയുമായി കുളനട ഗ്രാമപഞ്ചായത്ത്

കോന്നി വാര്‍ത്ത :   ശുചിത്വ  സംസ്‌കരണത്തില്‍ മികച്ച നേട്ടം കൈവരിച്ച് കുളനട ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഖരമാലിന്യരഹിത പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തലില്‍ കുളനട ഗ്രാമപഞ്ചായത്ത് 80 ശതമാനം മാര്‍ക്ക് നേടി നാളെ(ഒക്ടോബര്‍ 10) രാവിലെ 10ന് മുഖ്യമന്ത്രി നടത്തുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് യോഗ്യത നേടി.

മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം, പുനരുപയോഗം, പൊതുശുചിത്വം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലനം എന്നിവയാണ് ശുചിത്വ പദവി നേടുന്നതിനുള്ള പ്രധാന ഘടകങ്ങള്‍.

മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍

‘അമല ഹരിതം’ പദ്ധതി

 

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാനായി പഞ്ചായത്തിന്റെ എല്ലാ ഘടക സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പേപ്പര്‍ ബാഗ്, തുണി സഞ്ചി എന്നിവ നല്‍കിയിട്ടുണ്ട്. കുളനട ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ‘അമല ഹരിതം’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും നിരോധിച്ചു. ശിക്ഷാ നടപടികളുടെ ഭാഗമായി മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയില്‍ നടപ്പാക്കാത്ത ഒരു ഹോട്ടല്‍ പൂട്ടുകയും മൂന്നു കടകളില്‍ നിന്നും 2000 രൂപ നിരക്കില്‍ ലൈസന്‍സ് ഫീ ഈടാക്കുകയും ചെയ്തു.

എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്

ജൈവ മാലിന്യ സംസ്‌കരണത്തിനായി വീടുകളില്‍ കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇതുകൂടാതെ കുളനട ഗ്രാമപഞ്ചായത്തിലെ മത്സ്യ ചന്തയില്‍ ജൈവ മാലിന്യത്തെ വളമാക്കി മാറ്റുന്ന എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റും പ്രവര്‍ത്തിച്ചു വരുന്നു. സ്‌കൂളുകളിലും ഹോട്ടലുകളിലും ജൈവ മാലിന്യ സംസ്‌കരണ ഉപാധിയായ ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിച്ചു നല്‍കി. ഇതിലൂടെ ലഭിക്കുന്ന വളം ജൈവ പച്ചക്കറിക്ക് ഉപയോഗിക്കുന്നു.

പ്ലാസ്റ്റിക് കുപ്പി ശേഖണത്തിന് ബോട്ടില്‍ ബൂത്തുകള്‍

പഞ്ചായത്തിന്റെ എല്ലാ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആകെ 2,81,771 ചിലവില്‍ 23 ബോട്ടില്‍ ബൂത്തുകള്‍ ഉണ്ട്. കുളനട ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡുകളിലായി 34 ഹരിതകര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. അജൈവ മാലിന്യ ശേഖരണത്തിനായി എല്ലാ മാസവും ഒന്നു മുതല്‍ ഏഴുവരെയുള്ള തീയതികളില്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ കുളനട, ഉളനാട് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന എം.സി.എഫിലേക്ക് മാറ്റുകയും തുടര്‍ന്ന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു. 4,41,240 രൂപ ചിലവില്‍ 24 മിനി എം.സി.എഫുകള്‍ കുളനട ഗ്രാമപഞ്ചായത്തില്‍ ഉണ്ട്. വീടുകളില്‍ നിന്നും 50 രൂപയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 200 രൂപയും യൂസര്‍ഫീ ആയി ഈടാക്കുന്നുണ്ട്. ഒരു ഹരിത കര്‍മ്മ സേന അംഗത്തിന് 1050 മുതല്‍ 7500 രൂപ പ്രതിമാസം വരുമാനം ലഭിക്കുന്നു.

ഹരിതചട്ടം

ഗ്രാമപഞ്ചായത്തും ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വിവിധ സ്ഥാപനങ്ങളും പൊതുപരിപാടികളുമെല്ലാം ഹരിതചട്ടം പാലിക്കുന്നുണ്ട്. അംഗന്‍വാടി, സ്‌കൂള്‍, ബാങ്ക്, ഓഡിറ്റോറിയം, ഹോട്ടല്‍, റസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഹരിതചട്ടം പാലിക്കുന്നും. സമ്മേളനങ്ങള്‍, കല്യാണങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ എല്ലാം തന്നെ ഹരിതചട്ടം പാലിക്കുന്നതില്‍ പഞ്ചായത്ത് ശ്രദ്ധ ചെലുത്തുന്നു.

മാലിന്യ മഹാരാജന്‍

മാലിന്യം നാടിന് ആപത്താണ് എന്ന് വിളിച്ചോതുന്ന തരത്തിലുള്ള ‘മാലിന്യ മഹാരാജന്‍’ എന്ന ലഘു നാടകം ശുചിത്വ സന്ദേശ റാലിയില്‍ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ഒന്നാം വാര്‍ഡ് മെമ്പറായ കെ.ആര്‍.ജയചന്ദ്രന്‍ എഴുതി സംവിധാനം ചെയ്ത ‘മാലിന്യ മഹാരാജന്‍’ എന്ന നാടകത്തലൂടെ കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ പങ്കെടുത്ത് വളരെ വലിയൊരു സന്ദേശം പൊതുജനങ്ങളിലെത്തിക്കാന്‍ ഇതിലൂടെ സാധിച്ചു.

പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിരവധി ക്യാമ്പയിനുകളും ബോധവത്ക്കരണങ്ങളും നടത്തി. കുടുംബശ്രീ അംഗങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായ സംഘടനകള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി വിവിധ തലങ്ങളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

പ്ലാസ്റ്റിക്കിന് വിട; ഉളനാട് ഹരിതഗ്രാമമാകുന്നു

കുളനട ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുന്നതിന്റെ ആദ്യ പടിയായി ഉളനാട് വാര്‍ഡ് മെമ്പര്‍ പോള്‍ രാജന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എന്‍.എസ് വോളന്റിയേഴ്സ്, രാഷ്ട്രീയ-മത സംഘടനയില്‍ ഉള്ളവര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ് മുഴുവന്‍ ശുചീകരിച്ച് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് രഹിത ഗ്രാമമാക്കി പ്രഖ്യാപിച്ചു. ഹരിതകേരളം മിഷന്റെ ചുവടുപിടിച്ച് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ജലസംരക്ഷണം, മാലിന്യ സംസ്‌കരണം, കൃഷി എന്നീ മേഖലകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷിയും ചെയ്തിട്ടുണ്ട്. ഒരു വര്‍ഷക്കാലത്തോളം നീണ്ടു നിന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ ഉളനാടിനായത്. ഹരിതഗ്രാമമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡിലെ എല്ലാ വീടുകളിലും തുണിസഞ്ചികള്‍ വിതരണം ചെയ്തു. സ്‌കൂളുകളില്‍ സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കി. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളനട ഗ്രാമപഞ്ചായത്ത്, വിവിധ സാമൂഹ്യ സന്നദ്ധ സംഘടകള്‍, എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ‘പോളച്ചിറയ്ക്കായി മഴനടത്തം’ പരിപാടി സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുന്നതിന് വേണ്ടിയുമുളള പരസ്യ സന്ദേശങ്ങള്‍ വാര്‍ഡിലെ പ്രധാനപ്പെട്ട ചുവരുകളില്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നു.

കുപ്പണ്ണൂര്‍ തീരം മാലിന്യത്തില്‍ നിന്ന് മലര്‍വാടിയിലേക്ക്

ഒന്നര വര്‍ഷം മുമ്പ് യാത്രക്കാരും നാട്ടുകാരും മൂക്കു പൊത്തി നടന്ന സ്ഥലം ഇന്ന് കുളിര്‍കാറ്റ് വീശുന്ന ഉദ്യാനമായി മാറി. കുളനട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ മാലിന്യ കൂമ്പാരമായിരുന്ന കുപ്പണ്ണൂര്‍ പുഞ്ച ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാടും മാലിന്യങ്ങളും നീക്കം ചെയ്ത് പൂന്തോട്ടം നിര്‍മ്മിക്കുകയും കുട്ടികള്‍ക്കായി പാര്‍ക്കും സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ വേണ്ടി നിരീക്ഷണ ക്യാമറയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

(2020 ഒക്ടോബര്‍ 10) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തും. അന്നേദിവസം ജില്ലാ തലത്തില്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ ശുചിത്വ പദവി കരസ്ഥമാക്കിയതിനുളള ഉപഹാരവും സാക്ഷ്യപത്രവും നല്‍കും. നിലവില്‍ ഉള്ള സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്ക് നീങ്ങുകയാണ് കുളനട ഗ്രാമപഞ്ചായത്ത്. ‘സുന്ദര ഗ്രാമം സുസ്ഥിര ഗ്രാമം’ എന്ന ആശയം നിറവേറ്റി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്.

error: Content is protected !!