വെച്ചൂച്ചിറ പോളിടെക്‌നിക്കിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 12 ന്

 

മുഖ്യമന്ത്രി നിര്‍വഹിക്കും

വെച്ചൂച്ചിറ പോളിടെക്‌നിക്കിന് പുതിയ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. പോളിടെക്‌നിക്കിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമെന്ന് രാജു ഏബ്രഹാം എം എല്‍എ അറിയിച്ചു. മൂന്ന് നിലകളിലായി നടുമുറ്റം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് മനോഹരമായ പോളിടെക്‌നിക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഇവയ്‌ക്കെല്ലാം കൂടി 15 കോടി രൂപയോളമാണ് ആകെ വിനിയോഗിച്ചത്.

1998ല്‍ പ്രവര്‍ത്തനമാരംഭിച്ച പോളിടെക്‌നിക്ക് ഇതുവരെ വാടക കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവന്നത്. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, ബയോമെഡിക്കല്‍ എന്നിങ്ങനെ മൂന്ന് കോഴ്‌സുകളാണ് ഇവിടെ ഉള്ളത്. 540 കുട്ടികള്‍ പഠനം നടത്തുന്നു. വെച്ചുച്ചിറ എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റിയുടെ എട്ട് ഏക്കര്‍ സ്ഥലവും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ രണ്ട് എക്കര്‍ സ്ഥലവുമാണ് പോളിടെക്‌നിക്കിനായി വിട്ടു നല്‍കിയിരിക്കുന്നത്.

പുതിയ കോളജ് കെട്ടിടത്തിന് 5140 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഫര്‍ണിഷിംഗും ഫര്‍ണിച്ചറുകളും എല്ലാം ക്രമീകരിച്ചു. പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നാണ് ഇവിടെ ജല ലഭ്യത ഉറപ്പാക്കിയിരിക്കുന്നത്. പുതിയ വര്‍ക്ക്‌ഷോപ്പ്, കാന്റീന്‍, ഡ്രോയിംഗ് ഹാള്‍ എന്നിവയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

error: Content is protected !!