കോന്നി മെഡിക്കല്‍ കോളജ് പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായമാകും: മന്ത്രി കെ.കെ ശൈലജ

പാവപ്പെട്ട ഒരുപാട് ജനങ്ങള്‍ക്ക് സഹായമാകുന്ന ഒന്നായി കോന്നി മെഡിക്കല്‍കോളജ് മാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒ.പി വിഭാഗത്തിനുശേഷം ഐ.പിയും അക്കാഡമിക്ക് ബ്ലോക്കും സ്ഥാപിച്ച് മെഡിക്കല്‍ കോളേജ് പൂര്‍ണ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ തസ്തികകള്‍ക്ക് സൃഷ്ടിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2012ല്‍ അനുമതി ലഭിച്ചു നിര്‍മ്മാണം ആരംഭിച്ചെങ്കിലും 2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 2015ല്‍ പൂര്‍ത്തിയാകേണ്ട ഈ പദ്ധതി പൂര്‍ത്തിയായിരുന്നില്ല. ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തടസം സൃഷ്ടിച്ചത് പാറ നീക്കം ചെയ്യുക എന്നതായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറ പരമാവധി നീക്കം ചെയ്യുന്നതിനും കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം കിഫ്ബി മുഖേന നടപ്പാക്കുന്നതിനായി 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 338.5 കോടിയുടെ പ്രൊപ്പോസല്‍ കിഫ്ബിക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണു മെഡിക്കല്‍ കോളേജ് സാധ്യമായതെന്നും മന്ത്രി പറഞ്ഞു.

കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ
സ്വപ്ന സാക്ഷാത്ക്കാരം: കെ.രാജു

കേരളത്തിലെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തതു വഴി സാധ്യമായതെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
ഒ.പി ചികിത്സ തുടങ്ങി ആറു മാസത്തിനകം കിടത്തി ചികിത്സിക്കുവാനുള്ള ഐ.പി(ഇന്‍ പേഷ്യന്റ്) തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. ഒ.പി ആരംഭിക്കുവാനുള്ള സ്റ്റാഫുകളെ നിയോഗിച്ചു കഴിഞ്ഞു. ഇനിയും ആവശ്യമായ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കും. ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം പോലും കുറവു വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കിഫ്ബി വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. 53,000 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞു. അവയില്‍ 37,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അഞ്ഞൂറോളം പ്രവര്‍ത്തികളാണ് ഇത്തരത്തില്‍ ആരംഭിച്ചിരിക്കുന്നത്. ആറായിരം കോടി രൂപയിലധികം പേയ്‌മെന്റും നല്‍കിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

ഇത് ചരിത്ര മുഹൂര്‍ത്തം: രാജു എബ്രഹാം എംഎല്‍എ

കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനത്തോടെ ചരിത്ര മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. മലയോര മേഖലയ്ക്ക് മാത്രമല്ല ശബരിമലയ്ക്കും കോന്നി മെഡിക്കല്‍ കോളേജ് പ്രയോജനപ്രദമാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വികസന കൊടുങ്കാറ്റാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.

മലയോര മേഖലയ്ക്ക് നല്‍കിയ സമ്മാനം:
വീണാ ജോര്‍ജ് എം.എല്‍.എ

കോവിഡ് പ്രതിരോധത്തിനിടയിലും സംസ്ഥാന ആരോഗ്യ വകുപ്പ് മലയോര മേഖലയ്ക്കു നല്‍കിയ സമ്മാനമാണ് കോന്നി മെഡിക്കല്‍ കോളേജെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, റോഡുകള്‍ തുടങ്ങി എല്ലാ മേഖലയിലും വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ നാലു വര്‍ഷത്തില്‍ നടക്കുന്നത്. കോവിഡ് പ്രതിരോധ സമയത്ത് 99 ശതമാനം ജനങ്ങളും ചികിത്സക്കായി ആശ്രയിച്ചത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സൗകര്യം മെച്ചപ്പെടുത്തി കൂടുതല്‍ ആശുപത്രികള ശക്തിപ്പെടുത്തി സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നു. അതിനാല്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

ദീര്‍ഘ നാളത്തെ കാത്തിരുപ്പ് യാഥാര്‍ഥ്യമായി:
കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

ദീര്‍ഘ നാളത്തെ കാത്തിരുപ്പിനൊടുവില്‍ കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലയിലെ മാത്രമല്ല സമീപ ജില്ലയിലെ ധാരാളം പാവപ്പെട്ട ജനങ്ങള്‍ക്കും ഉപകാരപ്രദമാകും വിധമാണ് മെഡിക്കല്‍ കോളേജ് കോന്നിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം ധ്രുതഗതിയിലാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം നടന്നിട്ടുള്ളത്. മുടങ്ങി കിടന്ന നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കരാര്‍ കമ്പനിക്ക് കുടിശ്ശിക നല്‍കി പുനരാരംഭിച്ചു.
2019 ഡിസംബര്‍ മുതല്‍ ഓരോ ആഴ്ച്ചയിലും ഉദ്യോഗസ്ഥരുമായി നിരന്തരം റിവ്യൂ മീറ്റിംങ്ങുകള്‍ നടത്തി നിര്‍മ്മാണ നിര്‍ദേശങ്ങള്‍ നല്‍കിയാണ് ദ്രുതഗതിയില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കിയത്. കരാര്‍ കമ്പനിക്ക് നല്‍കിയ 110 കോടിയില്‍ 74 കോടി രൂപയും നല്‍കിയത് ഈ സര്‍ക്കാരാണ്. ഐ.പി യും രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനവും ഇനി വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഇതിനായി 338 കോടിയുടെ പദ്ധതിയ്ക്ക് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഐ.പിയ്ക്കായി തസ്തിക സൃഷ്ടിക്കാനും അനുമതി ആവശ്യപ്പെട്ടിട്ടുള്ളതായി ജനീഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!