പോപ്പുലര്‍ തട്ടിപ്പ് : പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ കണ്ടെത്തി

 

 

 

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതികളെ കോന്നി വകയാറിലെ വീട്ടിലെത്തിച്ചു തെളിവുകള്‍ ശേഖരിച്ചു. കോടതിയില്‍നിന്നും പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതികളായ റോയ് ഡാനിയേല്‍, പ്രഭാതോമസ്, റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെയാണ് വകയാറിലെ വീട്ടില്‍ അന്വേഷണസംഘം എത്തിച്ചത്. ജില്ലാപോലീസ് മേധാവി കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ കോന്നി, കൂടല്‍, ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രമാണങ്ങള്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.
ജില്ലാപോലീസ് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രേഖകള്‍ പരിശോധിച്ചത്. തെളിവെടുപ്പും പരിശോധനയും വൈകിയും തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു വലിയ ഗൂഡാലോചനയോ, ആസൂത്രണമോ നടന്നിട്ടുണ്ടോ എന്നത് വെളിച്ചത്തുകൊണ്ടുവരാന്‍ തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് അന്വേഷണം നീക്കുകയാണെന്നും നിക്ഷേപതുകകള്‍ മാറ്റിയിട്ടുണ്ടെങ്കില്‍ അത് എങ്ങോട്ടൊക്കെ ആകാമെന്നും തുടങ്ങിയ സര്‍വവിവരങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. പോലീസ് ശക്തമായ അന്വേഷണം നടത്തി വഞ്ചിതരായവര്‍ക്കു നീതി ലഭ്യമാക്കും. അന്വേഷണം കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകാന്‍ അന്വേഷണസംഘത്തിന് കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ട്. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരുമെന്നും പ്രതികളുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരിശോധന നടത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
റിമാന്‍ഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിരുന്നു. പോപ്പുലര്‍ ഫിനാന്‍സിന്റെ ശാഖകള്‍ കേന്ദ്രീകരിച്ചുനടന്ന തട്ടിപ്പും നിക്ഷേപതുകകള്‍ എവിടേക്ക് മാറ്റിയെന്നതും കണ്ടെത്തേണ്ടതുണ്ട്. പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു പരാതികള്‍ വരുന്നുണ്ടെന്നും, അവയെല്ലാം കോന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ചേര്‍ത്ത് അന്വേഷണം തുടരുമെന്നും ജില്ലാപോലീസ് മേധാവി ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!