വീടും പരിസരവും ശുചീകരിക്കാം

വീടും പരിസരവും ശുചീകരിക്കാം
പ്രളയാനന്തരം വീടും പരിസരവും ശുചീകരിക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍. ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുക. ഈച്ചശല്യം ഒഴിവാക്കാന്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ആവശ്യമുള്ള ഇടങ്ങളില്‍ വിതറുക. ആദ്യം ടാങ്കിലും ഓവര്‍ ഹെഡ് ടാങ്കിലും ഉള്ള വെള്ളം ഒഴുക്കി കളയുക. ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ടാങ്കും ഓവര്‍ഹെഡ് ടാങ്കും ഉരച്ച് കഴുകുക. അതിനുശേഷം വെള്ളം നിറയ്ക്കുക.

ലിക്വിഡ് ക്ലോറിനേഷന്‍
1000 ലിറ്റര്‍ ജലത്തില്‍ 20 മി. ലിറ്റര്‍ ദ്രാവക ക്ലോറിന്‍ ചേര്‍ക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഇരട്ടി അളവില്‍ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിന് ശേഷം ഉപയോഗിക്കാം.

ഡി.സി.എസ് ബ്ലീച്ചിംഗ് ലായനി
10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും സാധാരണ സോപ്പ് പൊടിയും ചേര്‍ക്കുക. കുഴമ്പ് പരുവത്തിലാക്കിയ ശേഷം നന്നായി ഇളക്കുക. അഞ്ച്-പത്ത് മിനിറ്റ് വയ്ക്കുക. മുകളില്‍ വരുന്ന തെളിഞ്ഞ ലായനി അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം.

ക്ലോറിന്‍ ഗുളിക ഉപയോഗം 
20 ലിറ്റര്‍ വെള്ളത്തില്‍ 0.5 ഗ്രാം ക്ലോറിന്‍ ഗുളികയും 500 ലിറ്റര്‍ വെള്ളത്തില്‍ 12.5 ഗ്രാം ക്ലോറിന്‍ ഗുളികയും 1000 ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം ക്ലോറിന്‍ ഗുളികയുമാണ് പൊടിച്ച് ചേര്‍ക്കേണ്ടത്. ക്ലോറിനേഷന്‍ ചെയ്ത് അരമണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.

കിണര്‍വെള്ളം
ഗുണമേന്മയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിക്കാം. വെള്ളപ്പൊക്കം മൂലം ഉണ്ടായ മലിനീകരണം മാറ്റുന്നതിന് 1000 ലിറ്റര്‍ വെള്ളത്തിന് അഞ്ച് ഗ്രാം എന്ന തോതില്‍ ആണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്. കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. തുടര്‍ന്ന് അല്‍പ്പം വെള്ളം ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് കുഴമ്പ് രൂപത്തില്‍ ആക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം ചേര്‍ത്ത് നന്നായി കലക്കി 10 മിനിറ്റ് തെളിയാന്‍ അനുവദിക്കുക. വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച ശേഷം സാവധാനം കിണറ്റിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു ക്ലോറിന്‍ ലായനി കിണര്‍ വെള്ളത്തില്‍ നന്നായി കലര്‍ത്തുക. ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!