ആഫ്രിക്കന്‍ ഒച്ചുകള്‍ തലപൊക്കി: മസ്തിഷ്ക ജ്വരം ഉണ്ടാകാന്‍ സാധ്യത

എഡിറ്റോറിയല്‍

വീണ്ടും  പെരുമഴക്കാലം .മണ്ണിനടിയില്‍ സുഖമായി കഴിഞ്ഞ കൊടും ഭീകരന്മാരായ ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും തലപൊക്കി .കോന്നിയുടെ കാര്‍ഷിക മേഖലകള്‍ കൂടാതെ വന ഭാഗത്തും ഒച്ച്‌ ശല്യം തുടങ്ങി .മണ്ണില്‍ ഈര്‍പ്പം ഉണ്ടാകുമ്പോള്‍ മുട്ടകള്‍ വിരിയും .രണ്ടാഴ്ച കൊണ്ടു കുഞ്ഞുങ്ങള്‍ വലുപ്പം വെച്ച് സസ്യങ്ങള്‍ തിന്നു തീര്‍ക്കും .ഇവയുടെ കാഷ്ടം എലികള്‍ ഭക്ഷിക്കുകയും ഇതിലൂടെ മനുഷ്യരിലേക്ക് മസ്തിഷ്കജ്വരം ബാധിക്കുകയും ചെയ്യും .വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലക്കാട് കണ്ടെത്തിയ ആഫ്രിക്കന്‍ ഒച്ചുകള്‍ പിന്നീട്സര്‍വനാശം വിതച്ചത് കോന്നി യിലായിരുന്നു .ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടമായി കോന്നി ചൈനാമുക്കിലും മാരൂര്‍ പ്പാലത്തും കാര്‍ഷിക വിളകള്‍ തിന്ന് വളര്‍ന്നു.പിന്നീട് കോന്നിക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് അടുക്കളയില്‍ ചോറില്‍ വരെ ഒച്ചിനെ കണ്ടു.ശുചീകരണത്തിന് പഞ്ചായത്ത് തൊഴില്‍ ഉറപ്പു പദ്ധതി ആവിഷ്കരിച്ചു .എന്നാല്‍ ഇന്നും പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ ഒരാഴ്ചായി കോന്നിയില്‍ മഴ .ആഫ്രിക്കന്‍ ഒച്ചുകളുടെ മുട്ടകള്‍ ഭൂമിക്കടിയില്‍ ഒരു കേടും കൂടാതെ ഉണ്ട് .ഇവ വിരിയാന്‍ തുടങ്ങിയതിന്‍റെ ലക്ഷണം കണ്ടു തുടങ്ങി.നൂറു കണക്കിന് ആഫ്രിക്കന്‍ ഒച്ച്‌ കുഞ്ഞുങ്ങള്‍ മരങ്ങളുടെ ,പാറ യിടുക്കില്‍ പെരുകുന്നു.അധികാരികള്‍ ഉണരുക.ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പരിസ്ഥിതി ദുരന്തം വീണ്ടും ഉണ്ടാകും.പീച്ചി വന ഗവേഷകര്‍ പോലും ഇപ്പോള്‍ ആഫ്രിക്കന്‍ ഒച്ചിന്റെ കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ല .കേരളത്തില്‍ നൂറ്റി പതിനാലു സ്ഥലത്ത് ഇവയുടെ സഞ്ചാര മാര്‍ഗം കണ്ടെത്തി .

കോന്നിയില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വീണ്ടും വ്യാപകമാകുന്നത് നിര്‍മാര്‍ജനം ചെയ്യണം .ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഇത്തരം ഒച്ചുകള്‍മൂലം കെനിയയില്‍ നിരവധി പേര്‍ക്ക് മസ്തിഷ്ക ജ്വരം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പ, വാഴ, തെങ്ങ്, മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇലകളും കായ്ഫലങ്ങളും എന്നിവ പൂര്‍ണ്ണമായും കാര്‍ന്നു തിന്നും . സ്രവം ശരീരത്ത് വീണാല്‍ മനുഷ്യരുടെ തൊലി ചൊറിഞ്ഞ് തടിക്കും. ഉപ്പ് ലായനിയോ പുകയില കഷായമോ ഉപയോഗിച്ച് ഇവയെ നശിപ്പിക്കണം എന്ന് പറയുമ്പോള്‍ ഇതില്‍ നിന്നും ഉള്ള രൂക്ഷമായ ദുര്‍ഗന്ധംമൂലം തലകറക്കവും ഛര്‍ദിയും ഉണ്ടാകാറുണ്ട്.
2007 കാലഘട്ടത്തിലാണ് അക്കാമിക ഫുലിക്ക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യമായി കോന്നി മാരൂര്‍ പാലം പ്രദേശത്ത്കണ്ടത് .പത്തു വര്‍ഷമായി ഇവയുടെ ശല്യം കോന്നിയില്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും.ഇവയെ നിര്‍മാര്‍ജനം ചെയ്യുവാന്‍ ബന്ധപെട്ട ആരോഗ്യ വകുപ്പിനോ ,പഞ്ചായത്തിനോ കഴിഞ്ഞില്ല.
ആദ്യം അദ്ഭുത ഒച്ചിനെ കാണാന്‍ കോന്നിയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. മുട്ടയിട്ട് പെരുകാന്‍ തുടങ്ങിയതോടെയാണ് ഇവ വരുത്തുന്ന നാശത്തെക്കുറിച്ച് ജനം അറിയാന്‍ തുടങ്ങിയത്.

ഇവയുടെ ശരീരത്തില്‍നിന്ന് പുറത്തുപോകുന്ന സ്രവത്തിന്‍റെ രൂക്ഷമായ ദുര്‍ഗന്ധം കാരണം വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും കോന്നിയിലെത്തി പഠനം നടത്തി. ഇതോടെ, കോന്നി ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഉപ്പ് ലായനി, പുകയില കഷായം എന്നിവ ഉപയോഗിച്ച് നശിപ്പിക്കാന്‍ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി രംഗത്തിറക്കി.
ഒരുപരിധിവരെ വിജയമായിരുന്നെങ്കിലും ആഫ്രിക്കന്‍ ഒച്ചുകള്‍ പൂര്‍ണമായി ഒഴിഞ്ഞുവെന്ന ധാരണയില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
ഇപ്പോള്‍ മഴ കനത്തതോടെ വീണ്ടും ആഫ്രിക്കന്‍ ഒച്ചുകള്‍ കൂട്ടത്തോടെ തലപൊക്കി. അച്ചന്‍കോവിലാറിന്‍റെ തീരപ്രദേശത്തും,വന പ്രദേശത്തും ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമാകുകയാണ്.എന്നാല്‍, ഇവയെ ഉന്മൂലനംചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.

വര്‍ഷത്തില്‍ രണ്ടുതവണ മുട്ടയിടുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ ഓരോ തവണയും 400 മുതല്‍ 900 വരെ മുട്ടകളാണ് ഇടുന്നത്. വരുംദിവസങ്ങളില്‍ ഇവയുടെ എണ്ണം കൂടി വരുകതന്നെചെയ്യും.
ഇവയെ നശിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണം .
എറണാകുളം ജില്ലയില്‍ ഇരുമ്പനം റെയില്‍വേ കോളനിയില്‍ താമസിക്കുന്ന നിരവധി കുട്ടികള്‍ക്ക് മസ്തിഷ്കജ്വരം ബാധിച്ചതിനെ കുറിച്ച് അമൃത മെഡിക്കല്‍ സയന്‍സിലെ ന്യൂറോ സംഘം പരിശോധന നടത്തുമ്പോള്‍ ഇതിന് കാരണം ആഫ്രിക്കന്‍ ഒച്ചുകളാണോയെന്ന് പരിശോധന നടത്തിയിരുന്നു . പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസര്‍ച് സെന്‍ററിലെ ഗവേഷകര്‍ ഇതിനെ സംബന്ധിച്ച് ആധികാരിക പഠനം നടത്തിയിരുന്നു.ഒച്ചിനെ തിന്നാം എന്നുള്ള ചിലരുടെ നിരീക്ഷണം വലിയ രോഗങ്ങളിലേക്ക്‌ കൊണ്ടെത്തിക്കും .ആഫ്രിക്കന്‍ ഒച്ചിനെ തിന്നാന്‍ പോയിട്ട് തൊടുക പോലും അരുതെന്ന് വന ഗവേഷണ കേന്ദ്രം  പറയുന്നു .    കോന്നിയില്‍ വീണ്ടും തല പൊക്കിയ ആഫ്രിക്കന്‍ ഒച്ചിനെ നിര്‍മാര്‍ജനം ചെയ്യാന്‍ അധികാരികള്‍ ഉടന്‍ ഇടപെടണം .

ജൂൺ 5  ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു .നമ്മുടെ നാട്ടില്‍ നിന്നും തുടങ്ങാം അവബോധവും കര്‍മ്മ പദ്ധതികളും .കോന്നിയുടെ സമഗ്ര ആരോഗ്യ പരിരക്ഷക്ക് വേണ്ടി നാട് ഉണരണം .പേരറിയാ രോഗങ്ങള്‍ കോന്നിയില്‍ നിന്നും പൊട്ടിമുളച്ച് കേരളത്തിലെ മറ്റു ഭാഗങ്ങളിലേക്കും തുടര്‍ന്ന് ഇന്ത്യയുടെ മറ്റു സംസ്ഥാനത്തേക്കും അത് വഴി ലോക രാജ്യത്തേക്കും  പടരാതിരിക്കാന്‍  മാലിന്യ നിര്‍മാര്‍ജനവും ഒച്ച്‌ നശീകരണവും തുടങ്ങാന്‍ അമാന്തിക്കരുത് .

എഡിറ്റോറിയല്‍ 

കോന്നി വാര്‍ത്ത.കോം

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!