ലോക് സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ലോക് സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്
: ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിൽ തത്സമയ നിരീക്ഷണം

ലോക് സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാൽ ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിക്കും.

ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യൽ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കൺട്രോൾ റൂമുകൾ സജ്ജമാക്കുക.

error: Content is protected !!