ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/03/2024 )

 

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി : ജില്ലാ കളക്ടർ

വരുന്ന ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.

ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് കോപ്പി സമർപ്പിക്കാത്ത സ്ഥാപന ധാവികൾക്കെതിരെയും നോട്ടീസ് നൽകിയതായി കളക്ടർ അറിയിച്ചു.

തെരഞ്ഞെടുപ്പ് നീരീക്ഷകര്‍

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനായി അരുണ്‍ കുമാര്‍ കേംഭവി ഐഎസിനെ നിയമിച്ചു. ചെലവ് നിരീക്ഷകന്‍ ആയി കമലേഷ് കുമാര്‍ മീണ ഐആര്‍എസ് പോലീസ് നിരീക്ഷകനായി എച്ച് രാംതലെഗ്ലിയാന ഐപിഎസിനെയും നിയമിച്ചിട്ടുണ്ട്. ചെലവ് നിരീക്ഷനായ കമലേഷ് കുമാര്‍ മീണ 27 ന് ജില്ലയില്‍ എത്തും.

പോളിംഗ് ബൂത്ത് അറിയാം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും തങ്ങളുടെ പോളിംഗ് ബൂത്തുകള്‍ കണ്ടെത്താനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

https://electoralsearch.eci.gov.in എന്ന കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്താല്‍ പോളിംഗ് ബൂത്ത് കണ്ടെത്താം. അല്ലെങ്കില്‍ വോട്ടറുടെ പേര്, വയസ്, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയും വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നല്‍കിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന കോഡ് കൃത്യമായി നല്‍കണം.

ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും ഹെല്‍പ് ലൈന്‍ നമ്പറായ 1950ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ്: പൊതുജനപങ്കാളിത്തം ഉറപ്പാക്കാന്‍ സെല്‍ഫി പോയിന്റ്

തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്ന സെല്‍ഫി പോയിന്റുകള്‍ ശ്രദ്ധേയമാകുന്നു. തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനായി ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവ സംയുക്തമായാണ് സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്.

‘ഞാന്‍ വോട്ട് ചെയ്യും’ എന്ന സന്ദേശമാണ് സെല്‍ഫി പോയിന്റിലൂടെ നല്‍കുന്നത്. കളക്ടറേറ്റ് പരിസരത്ത് സ്ഥാപിച്ച സെല്‍ഫി പോയിന്റ് രണ്ടു ദിവസം മുമ്പ് കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. അടൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍ റവന്യു ടവറിലും കോന്നി, റാന്നി മണ്ഡലങ്ങളില്‍ മിനി സിവില്‍ സ്റ്റേഷനുകളിലുമാണ് സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പരസ്യം: മീഡിയ സര്‍ട്ടിഫിക്കേഷന്‍ സമിതിയുടെ അംഗീകാരം ഉറപ്പാക്കണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യ-ശ്രവ്യ-സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുന്‍കൂര്‍ അംഗീകാരം നേടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍ , റേഡിയോ/ പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കാണ് എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടത്.

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ

പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ സംപ്രേഷണം ചെയ്യുന്നതിന് മൂന്നു ദിവസം മുമ്പെങ്കിലും നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളോ വ്യക്തികളോ ആണെങ്കില്‍ ഏഴു ദിവസം മുന്‍പ് അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ആശയ കുറിപ്പും (ട്രാന്‍സ്‌ക്രിപ്റ്റും) സമര്‍പ്പിക്കണം.

ബള്‍ക്ക് എസ്എംസ്, വോയ്സ് മെസേജുകള്‍, സാമൂഹ്യ മാധ്യമം, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സി.ഡി. പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/ സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോയെന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുന്നു

ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ജില്ലയില്‍ സമാധാനപരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നാമനിര്‍ദേശകപത്രിക സമര്‍പ്പണം മാര്‍ച്ച് 28 ന് ആരംഭിക്കും. ഏപ്രില്‍ നാലാം തീയതിയാണ് അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടുമാണ്. വോട്ടെടുപ്പ് ഏപ്രില്‍ 26നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.

സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി 15 ഫ്‌ളയിങ് സ്‌ക്വാഡുകള്‍, 15 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, അഞ്ച് വീഡിയോ സര്‍വൈലന്‍സ് ടീം, അഞ്ചു ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ്, എന്നിവ പ്രവര്‍ത്തിക്കുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുളള ഇടപാടുകളും നിരീക്ഷിക്കും. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നിരീക്ഷിക്കും. എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള സാധന സാമഗ്രികളുടെ അംഗീകരിക്കപ്പെട്ട റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  www.pathanamthitta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

 

സ്വീപ്പ് ലോഗോ ഫോർമേഷനിൽ വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു ജില്ലാ കളക്ടർ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീപ്പ് ലോഗോ ഫോർമേഷനിൽ വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നു ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍. തിരുവല്ല പുഷ്പഗിരി മെഡിസിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സ്വീപ്പിന്റെ ഭാഗമായാണ് ലോഗോ ഫോർമേഷൻ നടന്നത്.

നാടിനെ നയിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം പ്രയോജനപ്പെടുത്തി എല്ലാ വിദ്യാർത്ഥികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുഷ്പഗിരി ഫാർമസി , ഡെന്റൽ , നഴ്സിംഗ് കോളജുകളിലെ വിദ്യാർഥികൾ പങ്കെടുത്ത സ്വീപ് ലോഗോ ഫോർമേഷൻ സംഘടിപ്പിച്ചത്. ഞാന്‍ വോട്ട് ചെയ്യും എന്ന സന്ദേശമുള്ള സെൽഫി കോർണറിൽ നിന്ന് സെൽഫി എടുത്ത കളക്ടർ സിഗ്നേച്ചർ വാൾ ക്യാമ്പയിനിലും പങ്കെടുത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കലും ഫ്ലാഷ്മോബും പരിപാടിയോടനുബന്ധിച്ചു നടന്നു.

തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ, പുഷ്പഗിരി മെഡിസിറ്റി പ്രിൻസിപ്പൽ ഫാ. എബി, വൈസ് പ്രിൻസിപ്പൽ ഡോ. എസ് സുനിൽ, പുഷ്പഗിരി ഫാർമസി കോളേജ് , ഡെന്റൽ കോളേജ് , നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.

error: Content is protected !!