പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ : സംസ്ഥാനതല ഉദ്ഘാടനം

 

വാക്‌സിന്‍ നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനേഷന് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ ആരോഗ്യ മേഖലയെ തന്നെ പിന്നോട്ട് നയിക്കാന്‍ കാരണമാകും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 30 വയസിനു മേലെയുള്ള എല്ലാവര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ ഭവനസന്ദര്ശനം നടത്തി ശൈലീ ആപ്പ് വഴി വിവരശേഖരണം നടത്തിവരുന്നു. കേരളത്തിന്റെ ആരോഗ്യമേഖല ഒന്നാമതായി തുടരുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. നിരവധി കര്‍മപദ്ധതികള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു.

രോഗാതുരത കുറക്കുക, രോഗ നിര്‍മാര്‍ജ്ജനം സാധ്യമാക്കുക എന്നിവയാണ് സംസ്ഥാനസര്‍ക്കാര്‍ പ്രധാനമായി ലക്ഷ്യമാക്കുന്നത്. കേരളം പോലെയുള്ള പുരോഗന സമൂഹങ്ങളില്‍ രോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി അവരെ സുരക്ഷിതരാക്കണമെന്ന ഓര്‍മപ്പെടുത്തലാണ് സംസ്ഥാനതലത്തില്‍ നടക്കുന്ന ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത് .
അഞ്ച് വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്ഠിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഇന്ന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ചു വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി അവരെ സുരക്ഷിതരാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി.മീനാക്ഷി വിഷയാവതരണം നടത്തി. ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, , ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, സ്‌റ്റേറ്റ് മാസ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ആര്‍.സി.എച്ച് ഓഫീസര്‍ കെ.കെ ശ്യാംകുമാര്‍, ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.എം ബിജു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂര്‍ താലൂക്ക് തല ഉദ്ഘാടനം നിര്‍വഹിച്ചു

പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം അടൂര്‍ താലൂക്കുതല ഉദ്ഘാടനം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡപ്യൂട്ടി സ്പീക്കര്‍  ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.

പോളിയോ രോഗത്തെ തുരത്താന്‍ നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സാധിച്ചുവെന്നും വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ആരും യാതൊരു മടിയും കാണിക്കരുതെന്നും അദേഹം പറഞ്ഞു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി നിരവധി ബൂത്തുകളും, ആരോഗ്യ പ്രവര്‍ത്തകരേയും സജ്ജമാക്കിയിട്ടുണ്ട്.

എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കും. ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ സോമന്‍, നന്ദു, കോശി മിഖായേല്‍, ആശുപത്രി ഇന്‍സ്‌പെക്ടര്‍ നിഷ, നേഴ്‌സിങ്ങ് സൂപ്രണ്ട് രജിത തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!