പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ (17/02/2024 )

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ,വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലാതലത്തില്‍ തൊഴില്‍മേളകള്‍, സ്ത്രീ സംരഭകര്‍ക്ക് പരിശീലനങ്ങള്‍ തുടങ്ങി നോളജ് ഇക്കൊണമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കുന്നതില്‍ തൊഴില്‍ മേഖലയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീ എന്നിവ മുഖേന സന്ദേശപ്രചാരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തിരുവല്ലയില്‍ പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലും ആറന്മുളയില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലും കോന്നിയില്‍ മലയാലപ്പുഴ മൈക്രോ എന്റര്‍െ്രെപസസ് റിസോഴ്‌സ് സെന്ററിലും റാന്നിയില്‍ റാന്നി ഗ്രാമപഞ്ചായത്തിലുമാണ് ജോബ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ പരിചയപെടുത്തുന്നതിലൂടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തൊഴില്‍ രംഗത്ത് യുവാക്കള്‍ക്ക് പുതിയ ചുവടുവെപ്പുകള്‍ നടത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും മണ്ഡലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.
എംഎല്‍എ മാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ , അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യതിഥികളായി. ചടങ്ങില്‍ വിജ്ഞാന പത്തനംതിട്ട തൊഴില്‍പദ്ധതിയുടെ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചും അടൂര്‍ മണ്ഡലത്തിലെ ജോബ്‌സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഡപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി എന്ന വിഷയത്തില്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ സെമിനാറുകള്‍ നയിച്ചു.
തൊഴില്‍ അന്വേഷകര്‍ക്ക് ജോലി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തൊഴില്‍ അവസരങ്ങള്‍ മനസ്സിലാക്കല്‍, തല്‍സമയ കൗണ്‍സിലിംഗ് സേവനങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ ഇടമാണ് ജോബ് സ്‌റ്റേഷനുകള്‍.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. എസ്. മോഹനന്‍, മുന്‍ എംഎല്‍എ കെ സി രാജാഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആര്‍ നാഥ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്.ആദില, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങളുമായി
വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി

ജില്ലയില്‍ തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ നല്‍കാനായി വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ഉറപ്പാണ് തൊഴില്‍. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ന്റെ തുടര്‍ച്ചയായി ജില്ലയിലെ ഡിഡബ്ല്യൂഎംഎസ് (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് )പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് തൊഴിലുറപ്പാക്കുന്ന പരിപാടിയാണിത്. സംസ്ഥാനസര്‍ക്കാരിന്റെ നോളേജ് ഇക്കണോമി മിഷനും ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് തൊഴിലന്വേഷകരെ ജോബ് സ്‌റ്റേഷനുകളില്‍ എത്തിക്കും.

കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പ്ലാറ്റ്‌ഫോമിലെ മാച്ച്ഡ് ജോബ്‌സ് എന്ന പേജില്‍ ജില്ലയ്ക്കുവേണ്ടി 5700ല്‍പ്പരം വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ ചുരുങ്ങിയത് 5000 തൊഴിലന്വേഷകര്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

കരിയര്‍ കൗണ്‍സിലര്‍മാര്‍, നോളെജ് മിഷന്റെ സീനിയര്‍ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ ടീം ജോബ് സ്‌റ്റേഷനില്‍ സജ്ജമായിരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് യോജിച്ച കരിയര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന കരിയര്‍ അസസ്‌മെന്റ് , പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിട്ടുള്ള എല്ലാ തൊഴിലവസരങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള സഹായം, പട്ടികജാതിപട്ടികവര്‍ഗ വിഭാഗം, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ള തൊഴിലന്വേഷകര്‍ക്കുള്ള പ്രത്യേക പദ്ധതികളെപ്പറ്റിയുടെ വിവരങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ജോബ് സ്‌റ്റേഷനില്‍ നിന്നും ലഭ്യമാണ്. ജില്ലയിലെ ആദ്യജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയില്‍ മറ്റു മണ്ഡലങ്ങളിലും ജോബ് സ്‌റ്റേഷനുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും.

ശിശുസൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

കുട്ടികളുടെ ആവശ്യം കണ്ടറിഞ്ഞ് ശിശുസൗഹൃദ ലോകം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ നടന്ന കുട്ടികളുടെ പാര്‍ക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നു മന്ത്രി. കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മിക്കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സഹായകമാകും വിധം കളിസ്ഥലവും ആവശ്യമായ സാധനങ്ങളും സജ്ജമാക്കും. ഭിന്നശേഷിസൗഹൃദമായ ബ്ലോക്ക് പഞ്ചായത്ത് വയോജന, ശിശു സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തങ്ങളും മാതൃകാപരമായി ഏറ്റെടുത്തു നടപ്പാക്കുന്നു. സംസ്ഥാനത്തെ ശിശുസൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് 2023-24വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് സാമൂഹിക വൈകാരിക വളര്‍ച്ചയ്ക്കും വികസനത്തിനും ഭിന്നശേഷി സൗഹൃദ സൗകര്യങ്ങളോടുകൂടിയ പാര്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ് അനീഷ്മോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൂലി ദിലീപ്, രജിത കുഞ്ഞുമോന്‍, ലാലി ജോണ്‍, വാര്‍ഡ് മെമ്പര്‍ ഷീജ മോനച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍കുമാര്‍, എല്‍എസ്ജിഡി പന്തളം അസി. എഞ്ചിനീയര്‍ ശ്രീജകുഞ്ഞമ്മ, സിഡിപിഒ എസ് സുമയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യ മേഖലയില്‍  കൂടുതല്‍ ആധുനിക
സൗകര്യങ്ങള്‍ സജ്ജമാക്കും:  മന്ത്രി വീണാ ജോര്‍ജ്

ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ആരോഗ്യ മേഖലയില്‍  കൂടുതല്‍ സൗകര്യങ്ങള്‍  സര്‍ക്കാര്‍  സജ്ജമാക്കുന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പുതിയകാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നത് സര്‍ക്കാര്‍ നയം.

എല്ല മേഖലയിലും നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.  ആര്‍ദ്രം മിഷനിലൂടെ  ആശുപത്രികള്‍ രോഗീസൗഹൃദമാക്കുന്നു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ കിഫ്ബി, നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 30 കോടി രൂപയുടെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 49 കോടി രൂപയുടെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍15 കോടി രൂപയുടെയും  റാന്നി ആശുപത്രിയില്‍ 15 കോടി രൂപയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ആറന്മുളയിലെ ആരോഗ്യകേന്ദ്രങ്ങള്‍, റോഡ്, സ്‌കൂള്‍ തുടങ്ങിയവയുടെ വികസനത്തിനു സര്‍ക്കാര്‍ ഫണ്ടും എംഎല്‍എ ആസ്തി വികസന ഫണ്ടും ലഭ്യമാക്കി.  ബ്ലോക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ (സിഎച്ച്‌സി) ആയി തിരഞ്ഞെടുത്ത വല്ലന സിഎച്ച്‌സി ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി  2.5 കോടി രൂപയാണ് അനുവദിച്ചത്.  കുളനടയില്‍ വയറപ്പുഴ പാലം, മണ്ണാക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

69 ലക്ഷം രൂപ ചെലവഴിച്ചാണ് കുളനട ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വീണാ ജോര്‍ജ് എംഎല്‍എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപയും കുടുംബാരോഗ്യകേന്ദ്രമാക്കുന്നതിനു എന്‍എച്ച്എമ്മില്‍ നിന്നും 14 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2600 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൊതുമരാമത്ത് കെട്ടിടവിഭാഗവും എച്ച് എല്‍എല്‍ ഏജന്‍സിയും  വഴിയാണ് പൂര്‍ത്തീയായത്. കുടുംബാരോഗ്യകേന്ദ്രമായ പുതിയ കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, ഒപി റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, പ്രീ ചെക് റൂം, ഡ്രസിങ് റൂം, നിരീക്ഷണ മുറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ഇന്‍ജെക്ഷന്‍ റൂം, സെര്‍വര്‍ റും, ടോയ്‌ലറ്റ് എന്നിവയുണ്ട്. . കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ ഒന്‍പത്  മുതല്‍ വൈകീട്ട് ആറു വരെ ഒ പി പ്രവര്‍ത്തിക്കും. ജീവിതശൈലീരോഗ നിര്‍ണ്ണയ ക്ലിനിക് ശ്വാസ്, ആശ്വാസ് ക്ലിനിക്, വയോജനക്ലിനിക്, പാലിയേറ്റീവ് കെയര്‍ ഒ. പി, ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്, പ്രതിരോധ കുത്തിവയ്പ്, എല്ലാ ദിവസവും ലാബിന്റെ സേവനം, മാസത്തില്‍ രണ്ട്, നാല് ചൊവാഴ്ചകളില്‍ കണ്ണിന്റെ ഒ. പി എന്നീ സേവനങ്ങള്‍ ലഭിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. മോഹന്‍ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ മോനച്ചന്‍, ബിജു പരമേശ്വരന്‍, സാറാമ്മ കുഞ്ഞുകുഞ്ഞ്, ആര്‍. ബിന്ദു, സിബി നൈനാന്‍ മാത്യു, അഡ്വ. വി. ബി. സുജിത്, മിനി സാം,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, കുളനട എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ജിനു ജി ജോസഫ്,രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വികസനത്തിന്റെ പുതിയ സാധ്യതകളിലേക്ക് വഴിതുറന്ന് പത്തനംതിട്ട നഗരസഭാ ബജറ്റ്

പത്തനംതിട്ട നഗരത്തിന്റെ പുതിയ സാധ്യതകള്‍ കണ്ടെത്തി അതിലൂടെ വികസനത്തിലേക്ക് വഴി തുറക്കുന്ന വിവിധ പദ്ധതികളുമായി 2024-25 സാമ്പത്തിക വര്‍ഷത്തെ നഗരസഭാ ബജറ്റ് അവതരിപ്പിച്ചു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണും നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണുമായ ആമിന ഹൈദരാലി ബജറ്റ് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ നയപ്രഖ്യാപനം നടത്തി.

പരിമിതികളില്‍ നിന്നുകൊണ്ട് പുതിയ സാധ്യതകള്‍ തേടുകയും നഗരത്തെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി വരുന്ന 30 വര്‍ഷത്തെ മുന്നില്‍ക്കണ്ട് തയ്യാറാക്കിയ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രായോഗികവും യുക്തിസഹവുമായ ഇടപെടലുകളിലൂടെ വികസനത്തെ മുന്നോട്ടു നയിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണയാണ് അനിവാര്യമെന്നും  നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

ആധുനിക കാലത്തിന്റെ സാങ്കേതികവിദ്യയായ നിര്‍മിത ബുദ്ധിയെ നഗരവികസനത്തില്‍ ഉപയോഗപ്പെടുത്തുന്ന എഐ ടെക് ടവര്‍, ശബരിമല ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഹബ് ആന്‍ഡ് ശ്രീ അയ്യപ്പ ഹൈടെക് കണ്‍വെന്‍ഷന്‍ സെന്റര്‍, ജസ്റ്റിസ് ഫാത്തിമ ബീവിക്കും കെ കെ നായര്‍ക്കും സ്മാരകം ഒരുക്കുന്ന സെന്‍ട്രല്‍ സ്‌ക്വയര്‍ കം ഹാപ്പിനസ് പാര്‍ക്ക്, നഗരസഭബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ പുതിയ ഘട്ടം, നഗര സൗന്ദര്യവല്‍ക്കരണം രണ്ടാം ഘട്ടം തുടങ്ങി അതിഥി തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ലേബര്‍ കാര്‍ഡ് നല്‍കുന്നത് ഉള്‍പ്പെടെ 99,72,38,142 രൂപയുടെ ബജറ്റാണ് ഭരണസമിതി മുന്നോട്ടുവച്ചത്.

* ഐ ടി പാര്‍ക്ക് & എഐ ടെക് ടവര്‍
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ലോകം കീഴടക്കുന്ന കാലത്ത് അതിന്റെ സാധ്യതകളെ നഗരവികസനത്തില്‍ പ്രയോജനപ്പെടുത്തുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നഗരസഭാ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. ഐടി എഐ അധിഷ്ഠിത സംരംഭങ്ങളില്‍ തൊഴില് തേടി വിദേശത്തേക്ക് പോകുന്ന ലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് ജന്മനാട്ടില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണിത്. നഗരസഭയുടെ പഴയ ബസ് സ്റ്റാന്‍ഡില്‍ എ ഐ ടെക് ടവര്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തി. കേന്ദ്രസര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് അനുമതി നേടുകയാണ് ലക്ഷ്യം.

* സെന്‍ട്രല്‍ സ്‌ക്വയര്‍ കം ഹാപ്പിനസ് പാര്‍ക്ക്
രാജ്യത്തിന്റെ പ്രഥമ സുപ്രീംകോടതി വനിത ജഡ്ജിയും പത്തനംതിട്ടയുടെ അഭിമാനവുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്കും ജില്ലയുടെ പിതാവായ കെ കെ നായര്‍ക്കും സ്മാരകം ഉള്‍പ്പെടുത്തിയും സാമൂഹ്യ ജീവിതത്തില്‍ പൊതു ഇടത്തിന്റെ പ്രസക്തി ഉള്‍ക്കൊണ്ടുമാണ് സെന്‍ട്രല്‍ സ്‌ക്വയര്‍ കം ഹാപ്പിനസ് പാര്‍ക്ക് പ്രഖ്യാപിക്കുന്നത്. അബാന്‍ ജംഗ്ഷനില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലത്ത് ഒരുക്കുന്ന സെന്‍ട്രല്‍ സ്‌ക്വയറില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പൊതുയോഗങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ഇടവും ഉണ്ടാകും. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

* ശബരിമല ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഹബ്ബ് ആന്‍ഡ് ശ്രീ അയ്യപ്പ ഹൈടെക് കണ്‍വെന്‍ഷന്‍ സെന്റര്‍
ജില്ലയുടെ തീര്‍ഥാടന – ടൂറിസം മേഖലകളിലെ പ്രാധാന്യം കണക്കിലെടുത്ത് നഗര വികസനത്തിന്റെ ഭാഗമാക്കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്ന പദ്ധതികളില്‍ ഒന്നായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ളതാണ് ട്രാന്‍സിറ്റ് ഹബ്ബ്. തീര്‍ഥാടന ലക്ഷങ്ങള്‍ സംഗമിക്കുന്ന നഗരത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ടൂറിസം രംഗത്തെ സാധ്യതകളും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയുടെ തിലകക്കുറിയായി മാറുന്ന ശബരിമല ഇന്റര്‍നാഷണല്‍ ട്രാന്‍സിറ്റ് ഹബ്ബ് ആന്‍ഡ് ശ്രീ അയ്യപ്പ ഹൈടെക് കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിക്ക് 100 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്ത് നഗരത്തിന്റെ വലിയ ചുവടുവെപ്പായി മാറുന്ന ചുട്ടിപ്പാറ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി രണ്ട് കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി.

* ദേശീയ അംഗീകാരം നേടിയ ശുചിത്വ മാലിന്യമുക്ത പദ്ധതികളുടെ തുടര്‍ച്ച
സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് ഗതി വേഗം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ലോകബാങ്ക് വിഹിതമായ രണ്ടുകോടി രൂപയ്ക്ക് പുറമേ മാലിന്യസംസ്‌കരണത്തിന് സ്ഥലം വാങ്ങി സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ കൂടി വകയിരുത്തി. നിലവില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന എം സി എഫ്, ആര്‍ആര്‍എഫ് ബയോഗ്യാസ് പ്ലാന്റുകള്‍, റിംഗ്/ബിന്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം ആവശ്യമായ ഇലക്ട്രിക് വാഹനങ്ങളും സാങ്കേതിക ഉപകരണങ്ങളും വാങ്ങി നല്‍കി ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകളും ഇതോടൊപ്പം ഭരണ സമിതി മുന്നോട്ടുവെക്കുന്നു.

* അമൃത് 2.0 കുടിവെള്ള പദ്ധതി
മലയോര പ്രദേശമായ നഗരസഭയില്‍ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് കുടിവെള്ള ദൗര്‍ലഭ്യം. ഇത് പരിഹരിക്കാന്‍ നിലവില്‍ നടപടികള്‍ ആരംഭിച്ച 13 കോടി രൂപ ചെലവു വരുന്ന പത്ത് ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണശാല, മൂന്നരക്കോടി രൂപ ചെലവഴിച്ചു നടത്തുന്ന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കല്‍ പ്രവൃത്തികള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി. സുബല പാര്‍ക്ക് അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.

* നഗര സൗന്ദര്യവല്‍ക്കരണം രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പത്ത് കോടി രൂപക്ക് പിഡബ്ല്യുഡി വകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും.
* ഹാജി സി മീരാസാഹിബ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിനും മൂന്ന്, നാല് നിലകളുടെ നിര്‍മ്മാണത്തിനുമായി 10 കോടി രൂപ വകയിരുത്തി.
* കുമ്പഴയിലെയും പത്തനംതിട്ടയിലെയും മത്സ്യ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണത്തിന് 50 ലക്ഷം രൂപ, അറവുശാല ആധുനികവല്‍ക്കരണത്തിന് ഒരു കോടി രൂപ.
* പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും അനുബന്ധ മേഖലയ്ക്കും രണ്ടുകോടി രൂപ.
* കായിക മേഖലയുടെ വികസനത്തിന് കളിസ്ഥലങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം, സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് കോച്ചിങ്ങുകള്‍ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം എന്നിവയ്ക്കായി 25 ലക്ഷം രൂപ വകയിരുത്തി.
* ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഷെല്‍ട്ടര്‍ ഹോം, തൊഴില്‍ പരിശീലനം തുടങ്ങിയവയ്ക്കായി 15 ലക്ഷം രൂപ, ദരിദ്രര്‍ക്കുള്ള മൈക്രോ പ്ലാന്‍ പദ്ധതിക്കായി 10 ലക്ഷം രൂപ തുടങ്ങിയവ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
* സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങല്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണം, എന്നിവ ഉള്‍പ്പെടെ ഒരു കോടി രൂപ വകയിരുത്തി.
* വനിതാ മള്‍ട്ടി ജിം , അതിഥി തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ലേബര്‍ കാര്‍ഡ്, മെഡിക്കല്‍ ക്യാമ്പ്, കൃഷി സ്ഥലങ്ങളില്‍ സോളാര്‍ ഫെന്‍സിംഗ്, കാര്‍ഷിക മേഖലയ്ക്ക് വിത്തും വളവും, വിവിധ റോഡുകള്‍, പാലങ്ങള്‍, നദീതീര സംരക്ഷണം, കോളനികളുടെ സമഗ്ര വികസനം, തൊഴിലധിഷ്ഠിത കോച്ചിംഗ് സെന്ററുകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, തുടങ്ങി നഗരത്തിലെ ജനങ്ങളുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമഗ്ര പദ്ധതിയാണ് പുതിയ ബജറ്റില്‍ നഗരസഭ മുന്നോട്ടുവയ്ക്കുന്നത്.

 

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് വിവിധ പരിശീലനപരിപാടികള്‍ക്ക് അര്‍ഹരായ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യത : പത്താംക്ലാസ് പാസ്.  5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, അംഗീകൃത സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. ഹൗസ് വയറിംഗ്, കമ്പ്യൂട്ടറൈസിഡ് അക്കൗണ്ടിംഗ് (ടാലി), വുമണ്‍ ടെയിലര്‍, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ഉദ്യാമി, അലുമിനിയം ഫേബ്രിക്കേഷന്‍, പപ്പടം, അച്ചാര്‍, മസാല പൗഡര്‍ മേക്കിംഗ്, കാന്‍ഡില്‍ മേക്കിംഗ്, ട്രാവല്‍ ആന്റ് ടൂറിസം ഗൈഡ്,  ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ്, പേപ്പര്‍ കവര്‍, എന്‍വലപ്പ് ആന്റ് ഫൈല്‍ മേക്കിംഗ്, റബ്ബര്‍ ടാപ്പിംഗ് എന്നിവയിലാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍  സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 08330010232 , 04682270243

ബാനറുകളും ഹോര്‍ഡിംഗുകളും നീക്കം ചെയ്യണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി ഇല്ലാതെ സ്ഥാപിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും ഏഴ് ദിവസത്തിനുളളില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആയവ ഗ്രാമപഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യും. നീക്കം ചെയ്യുന്നതിന് ചെലവായ തുകയും  പിഴയും ബോര്‍ഡുകള്‍/ ബാനറുകള്‍ /ഹോര്‍ഡിംഗുകള്‍ എന്നിവ സ്ഥാപിച്ചവരില്‍ നിന്നും ഇടാക്കുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണെന്നും സെക്രട്ടറി അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി യോഗം 20ന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം ഫെബ്രുവരി 20ന് ഉച്ചയ്ക്ക് ശേഷം 2.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

നാടിനുള്ള സമ്മാനം :  മന്ത്രി വീണാജോര്‍ജ്:നിര്‍മാണം 25 ലക്ഷം രൂപ ചെലവില്‍

ആനപ്പാറ  ഗവ. എല്‍പിജിഎസിന്റെ പുതിയ ബ്ലോക്ക് നാടിനുള്ള സമ്മാനമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആനപ്പാറ ഗവ. എല്‍പിജിഎസിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കി മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ നയം. നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അധ്യായമാണ്. ഏറെ സന്തോഷമുള്ള നിമിഷമാണ്. അധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം നടത്തിയത്. ഇനിയും കൂടുതല്‍ വികസനം സാധ്യമാക്കുമെന്നും  എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

കേരളസര്‍ക്കാരിന്റെ ലക്ഷ്യം സമഗ്രവികസനമാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നാടിന്റെ ഭാവി വിദ്യാഭ്യാസത്തിലാണ്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനവും, മികച്ച ഉന്നതവിദ്യാഭ്യാസവും പ്രധാന അജണ്ടയാണെന്നും നഗരസഭയുടെ ബജറ്റില്‍ ഇത്തവണ രണ്ട് കോടി രൂപയാണ് പൊതുവിദ്യാഭ്യാസത്തിനായി മാറ്റി വച്ചിട്ടുള്ളതെന്നും ചെയര്‍മാന്‍ പറഞ്ഞു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ് ഷൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ് ഷെമീര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എംസി ഷെരീഫ്, എ അഷ്റഫ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസി ഡാനിയേല്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാലിയേറ്റീവ്  നഴ്സ് നിയമനം
ഓമല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും  ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന സാന്ത്വന പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ്  നഴ്സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 18 മുതല്‍ 39 വയസുവരെ പ്രായമുളള എഎന്‍എം/ ജെപിഎച്ച് എന്‍ കോഴ്സ് /ജിഎന്‍ എം/ ബി എസ് സി നഴ്സിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ അംഗീകരിച്ച കോളജുകളില്‍ നിന്നും  ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്സ് പാസായിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന.
ഫോണ്‍ : 9495018958.

കോഴിവളര്‍ത്തല്‍ പരിശീലനം
കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ -ഇക്കണോമിക് ഡെവലപ്മെന്റ് വികസന പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 21,22,23 തീയതികളില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കോഴിവളര്‍ത്തല്‍ പരിശീലനം ആരംഭിക്കുന്നു.  തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്കുകളില്‍ /പഞ്ചായത്തുകല്‍ നിന്നും  എസ്എച്ച് ജി /എന്‍ എച്ച് ജി / കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശീലന പരിപാടികളില്‍ പങ്കെടുക്കാം. താമസം, ഭക്ഷണം, യാത്രാപടി എന്നിവ ലഭിക്കും.
ഫോണ്‍- 9496687657, 9496320409

 

error: Content is protected !!