പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 02/02/2024)

ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍:പബ്ലിക് ഹിയറിംഗ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും ; ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം

കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി ഫെബ്രുവരി നാലിന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹാളില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ആരോഗ്യ, വനിത ശിശു വികസന മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. കേരളത്തിലെ ഹോം നഴ്സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച ജില്ലാ ലേബര്‍ ഓഫീസര്‍ സനല്‍ എ. സലാം നയിക്കും.

ഹോം നഴ്‌സുമാരായി പ്രവര്‍ത്തിക്കുന്ന സഹോദരിമാരുടെ പ്രശ്‌നങ്ങള്‍ അവരില്‍നിന്ന് നേരിട്ട് മനസിലാക്കുന്നതിനാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്. പബ്ലിക് ഹിയറിംഗില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശിപാര്‍ശ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം.

പത്തനംതിട്ട ജനറല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം മൂലം നിലവിലുണ്ടായിരുന്ന അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പൊളിച്ചുനീക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണ്. പൊളിച്ചുനീക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളുള്ള 23.75 കോടിയുടെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റാണ് സജ്ജമാക്കുന്നത്. 50,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു നിലകളിലായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ ട്രയാജ് സംവിധാനം, കാഷ്വാലിറ്റി സൗകര്യങ്ങള്‍, ഐസിയു, എച്ച്.ഡി.യു. ഐസൊലേഷന്‍ വാര്‍ഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്ററുകള്‍, നഴ്സിംഗ് സ്റ്റേഷന്‍, പരിശോധനാ മുറി എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ്
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. പ്രായപരിധി 18-45 വയസ്സ് . ക്ലാസ്സുകള്‍ ഉടനെ ആരംഭിക്കും. കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററിലാണ് പരിശീലനം. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. താല്പ്പര്യമുള്ളവര്‍ ഫെബ്രുവരി 10 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ് : www.asapkerala.gov.in. ഫോണ്‍ : 7356572327,7994497989.

 

ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും

പത്തനംതിട്ട നഗരസഭയുടെയും ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ക്യാന്‍സര്‍ രോഗ നിര്‍ണയക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന വിളര്‍ച്ച, കരള്‍ രോഗം, കിഡ്‌നി രോഗം, തൈറോയ്ഡ്, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ലഘു പരിശോധനകളിലൂടെ മുന്‍കൂട്ടി കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്തി ലഭ്യമാക്കുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യം.

നഗരസഭയിലെ 32 വാര്‍ഡുകളിലെയും പൊതുജനങ്ങള്‍ക്കായി നഗരത്തിലെ വിവിധ ഭാഗങ്ങളിലായി അടിസ്ഥാന ആരോഗ്യ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും, ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സും നടത്തുമെന്ന്  നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. വഞ്ചിമുക്ക് ജംഗ്ഷന്‍ അഴൂര്‍ ( ഫെബ്രുവരി ആറ് ), യുപിഎച്ച്‌സി കുമ്പഴ( ഫെബ്രുവരി എട്ട് ), ഗവ.എല്‍.പി.എസ്, വെട്ടിപ്പുറം( ഫെബ്രുവരി 10 ),ഗവ. എല്‍ പി എസ് ആനപ്പാറ( ഫെബ്രുവരി 13 )  എന്നിവിടങ്ങളില്‍ തുടര്‍ന്നും ക്യാമ്പുകള്‍ സംഘടിപ്പിക്കും.

30 വയസ്സിനുമേല്‍ പ്രായമുളള സ്ത്രീകള്‍, വായില്‍ ചുവന്നതും വെളുത്തതുമായ പാടുകളും, ഉണങ്ങാത്ത മുറിവും ഉളളവര്‍, സ്തനങ്ങളില്‍ തടിപ്പ്, മുഴകള്‍ ഉളളതായി സംശയിക്കുന്നവര്‍, അസാധാരണവും തുടര്‍ച്ചയായും രക്തസ്രാവമുളളവര്‍, ലൈംഗിക ബന്ധത്തിനുശേഷം രക്തസ്രാവമുളളവര്‍, മാസമുറ നിലച്ചതിനുശേഷം, ശരീരഭാഗം അമിതമായി കുറയുന്നവര്‍, അടിവയറ്റില്‍ വേദന, വെള്ളപോക്ക്, മൂത്രം ഒഴിക്കുമ്പോള്‍ നീറ്റല്‍ അനുഭവിക്കുന്നവര്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദനയില്ലാത്ത മുഴകള്‍ ഉളളവര്‍, രക്തസ്രാവമുളളവര്‍, രണ്ട് ആഴ്ചയില്‍ കൂടുതല്‍ ചുമയുള്ളവര്‍, ചുമക്കുമ്പോള്‍ രക്തം വരുന്നവര്‍, തൊണ്ടയില്‍ മുഴകള്‍ ഉളളവര്‍ തുടങ്ങിയവര്‍ക്ക്  ക്യാമ്പ് ഉപകാരപ്രദമാകും.

നഗരസഭാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ക്യാമ്പില്‍  നഗരസഭ ആരോഗ്യകാര്യ സമിതി അധ്യക്ഷന്‍ ജെറി അലക്‌സ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സിന്ധു അനില്‍, ആര്‍ സാബു, മേഴ്‌സി വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പി കെ സുഷമാ , ആര്‍.എം. ഒ. ഡോക്ടര്‍.ദിവ്യ ആര്‍ ജയന്‍, എല്‍.എച്ച് എ ഷിജുല, പി.ആര്‍.ഒ സുധീഷ് ജി പിള്ള, ജെഎച്ച്‌ഐ ജ്യോതിലാല്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ ജി ശശിധരന്‍ പിള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

സെലക്ഷന്‍ ട്രയല്‍
തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2024-2025 വര്‍ഷത്തെ അഞ്ചാം ക്ലാസ്, 11-ാം ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ് സി, എസ് റ്റി വിഭാഗത്തിലുളളവര്‍ക്ക് മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള  കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി ഫെബ്രുവരി 27ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട  മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. നിലവില്‍ നാല് , പത്ത്  ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. അഞ്ചാം  ക്ലാസിലെ പ്രവേശനം   ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 11-ാം ക്ലാസിലെ പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.  പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍ സൗകര്യമുണ്ട്.  മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.
ഫോണ്‍ :  0471 2381601, 9447694394

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (ബൈ ട്രാന്‍സ്ഫര്‍)(കാറ്റഗറി നം. 498/2022) തസ്തികയുടെ  24.01.2024 ലെ  05/2024/ഡിഒഎച്ച് നമ്പര്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665

ആസൂത്രണ സമിതിയോഗം 7 ന്
പത്തനംതിട്ട ജില്ലാ ആസൂത്രണസമിതി യോഗം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് ശേഷം  മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ വയോ അഭ്യുദയ് യോജന(എ വി വൈ എ വൈ)പദ്ധതിയിലേക്ക് സോഷ്യല്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി ഒന്‍പതിന് 11 ന് റാന്നി വയലത്തല ഗവ. വൃദ്ധമന്ദിരത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂന്  പങ്കെടുക്കാം. യോഗ്യത സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം/ബിരുദാനന്തര ബിരുദം.സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ – സര്‍ക്കാരേതര സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ.
ഫോണ്‍ – 0468 2325168 , 9447363557

അറിയിപ്പ്
ഭിന്നശേഷി വയോജന മേഖലകളിലെ വിവിധ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി മോഹനന്‍ അറിയിച്ചു. സഹചാരി, വിജയാമൃതം, സ്വാശ്രയ പദ്ധതി, പരിണയം, വയോരക്ഷ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റ് (sjd.kerala.gov.in) സന്ദര്‍ശിക്കാം.
ഫോണ്‍- 0468 2325168
                                                                                                           
സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിച്ചു
കിടപ്പിലായ രോഗികള്‍ക്ക്  പരിചരണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുവാന്‍  പുതിയ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനുള്ള  സംസ്ഥാനതല ക്യാമ്പയിന്‍ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി അവരെ സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമിക്കുന്നത്.

ഓരോ വാര്‍ഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും വാര്‍ഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കല്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും.അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരും സാമൂഹിക സന്നദ്ധസേനയുടെ വെബ്സൈറ്റില്‍ (https://sannadhasena.kerala.gov.in/volunteerregistration ) രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ സന്നദ്ധത അറിയിക്കണം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കും.ഫോണ്‍ – 7736205554

ടെന്‍ഡര്‍
പുളിക്കീഴ് ഐ സി ഡി എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി  15 ന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കണം.
ഫോണ്‍ :0469-2610016

 
രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം
2023-24 അധ്യയന വര്‍ഷം പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും നിലവില്‍ 75ശതമാനം (2024 ജനുവരി വരെ) ഹാജര്‍ ഉളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും.അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരം, രക്ഷകര്‍ത്താക്കളില്‍ ഒരാളുടെ പേര് വിവരങ്ങള്‍ , ബാങ്ക് അക്കൗണ്ട് (പാസ് ബുക്ക് പകര്‍പ്പ് ) ഫോണ്‍ നമ്പര്‍  എന്നിവ  ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ 75 ശതമാനം ഹാജര്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ്  ഓഫീസില്‍ ലഭ്യമാക്കണം. എം ആര്‍ എസ്, സര്‍ക്കാര്‍ ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നു പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15
ഫോണ്‍ :04735- 227703

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികവര്‍ഗ വികസന വകുപ്പ് മുഖാന്തിരം റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ  നിലവിലുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സീയര്‍ ഒഴിവിലേക്ക് അര്‍ഹരായ പട്ടികവര്‍ഗ യുവതീ യുവാക്കളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി നിയോഗിക്കും. പ്രായം 21-35 നും മധ്യേ. യോഗ്യത : സിവില്‍  എഞ്ചിനീയറിംഗ് ബിരുദം /ബി ടെക്/ ഡിപ്ലോമ/ ഐടിഐ (സിവില്‍) സര്‍ട്ടിഫിക്കറ്റ്. പ്രതിമാസം 18000 രൂപ നിരക്കില്‍ ഓണറേറിയം. നിയമനകാലാവധി ഒരു വര്‍ഷം. ഉദ്യോഗാര്‍ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സഹിതം ജില്ലാ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഫെബ്രുവരി ഏഴിന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍ : 0473-5227703

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
പത്തനംതിട്ട ജില്ലയിലെ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എപിബി -കെഎപി മൂന്ന് ബറ്റാലിയന്‍)  (കാറ്റഗറി  നമ്പര്‍ 537/2022) തസ്തികയുടെ 14.11.2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്കായി  ഫെബ്രുവരി 6,7,8,9,12,13,14,15,16 എന്നീ തീയതികളില്‍ (9 ദിവസങ്ങള്‍) ,കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്-അടൂര്‍- വടക്കടത്തുകാവ്, ഇഎംഎസ് സ്റ്റേഡിയം, കൊടുമണ്‍, പത്തനംതിട്ട എന്നിവിടങ്ങളിലും 6,7,8,9 എന്നീ തീയതികളില്‍ എസ്.എന്‍ കോളേജ് ഗ്രൗണ്ട് കൊല്ലം, എം.എം. എന്‍.എസ്.എസ്  കോളേജ് ഗ്രൗണ്ട് കൊട്ടിയം, കൊല്ലം എന്നിവടങ്ങളിലും രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
ഫോണ്‍: 0468 2222665

മാധ്യമപുരസ്‌കാരം
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ഇടുക്കിയില്‍ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമം പടവ് 2024 നോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്ക് പുരസ്‌കാരം നല്‍കുന്നു. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സൃഷ്ടികളാണ് അവാര്‍ഡിനായി പരിഗണിയ്ക്കുന്നത്. പത്ര- മാസികകളിലേയും ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലേയും മികച്ച റിപ്പോര്‍ട്ടുകള്‍/ ഫീച്ചറുകള്‍/ ഡോക്കുമെന്ററി/ മാഗസിന്‍ പ്രോഗ്രാം/ ഫോട്ടോഗ്രാഫ് എന്നീ ഇനങ്ങളില്‍ പ്രത്യേക വിഭാഗങ്ങളായാണ് എന്‍ട്രികള്‍ പരിഗണിയ്ക്കപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും വകുപ്പിന്റെ www.dairydevelopment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 ന്  വൈകിട്ട് അഞ്ചുവരെ.
ഫോണ്‍-9495818683, 9995240861, 9446467244

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുക്കള തോട്ടം നിര്‍മ്മിക്കുന്നതിനായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ നടത്തിയ സൗജന്യ പച്ചകറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് നിര്‍വഹിച്ചു. വഴുതന, തക്കാളി, വെണ്ട, പച്ചമുളക്, തുടങ്ങിയ ഹൈബ്രിഡ് തൈകളാണ് നല്‍കിയത്. റാന്നി ബ്ലോക്ക് അഗ്രോ സര്‍വ്വീസ് സെന്റര്‍ നഴ്‌സറിയാണ് തൈകള്‍ തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നടത്തിയ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ വി വര്‍ക്കി, പഞ്ചായത്ത് അംഗം ജോയി ജോസഫ്, കൃഷി അസിസ്റ്റന്റ് അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും, ജില്ലാ വ്യവസായ കേന്ദ്രവും, താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേളയുടെ ഉദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.

പുതിയ സംരംഭം ആരംഭിക്കുന്നതിന് തയ്യാറായി വന്നിട്ടുള്ളവര്‍ക്ക് ബാങ്ക് വായ്പയും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ലൈസന്‍സും, ലോണെടുത്ത സംരംഭകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും നല്‍കുന്നതിനാണ് മേള സംഘടിപ്പിച്ചത്.മേളയില്‍ പങ്കെടുത്ത സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, വായ്പാ അനുവാദവും, ലൈസന്‍സ്, സബ്‌സിഡിയും വിതരണം ചെയ്തു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകളും സ്വീകരിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗങ്ങളായ പ്രിയ ജ്യോതികുമാര്‍, എന്‍ കെ ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം അംബിക ദേവരാജന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വ്യവസായ വികസന ഓഫീസര്‍ കെ ജയപ്രസാദ്, ഇ ഡി ഇ എ അഭി, ബാങ്ക് ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

വികസന സെമിനാര്‍ നടന്നു
പെരിങ്ങര ഗ്രാമപഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. കൃഷി, ശുചിത്വം, ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 വീടുകളുടെ പൂര്‍ത്തീകരണം, ഗ്രാമീണ റോഡുകളുടെ അടിസ്ഥാനവികസനം, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, കോളനികളുടെ നവീകരണം, വെള്ളപൊക്ക ദുരിതാശ്വാസ കേന്ദ്രം തുടങ്ങിയവയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള കരട് പദ്ധതി രേഖയാണ് അവതരിപ്പിച്ചത്.
വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍, സ്ഥിര സമിതി അധ്യക്ഷരായ ജയ ഏബ്രഹാം, ടി വി വിഷ്ണു നമ്പൂതിരി, സുഭദ്ര രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാലില്‍, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു, റിക്കു മോനി വര്‍ഗീസ്, മാത്തന്‍ ജോസഫ്, അശ്വതി രാമചന്ദ്രന്‍, ശര്‍മിള സുനില്‍, ഷീന മാത്യു, സനല്‍കുമാരി, സൂസന്‍ ഏബ്രഹാം, ചന്ദ്ര എസ് കുമാര്‍, സെക്രട്ടറി ഷാജി എ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

സ്മാര്‍ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം
പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനയുടെ യൂസര്‍ ഫീ കളക്ഷനുമായി ബന്ധപ്പെട്ടുള്ള സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പിന്റെ ഉദ്ഘാടനം ക്യു ആര്‍ കോഡ് പതിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. ഒരു മാസം കൊണ്ട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും മുഴുവന്‍ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് പതിപ്പിക്കുമെന്നു അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍, അംഗങ്ങളായ ജയ ഏബ്രഹാം, ശര്‍മിള സുനില്‍, സെക്രട്ടറി ഷാജി എ തമ്പി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മീനു തുടങ്ങിയവര്‍ പങ്കെടുത്തു.

 

തണ്ണീര്‍ത്തടദിനം ആചരിച്ചു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തണ്ണീര്‍ത്തട ദിനാചരണം സംഘടിപ്പിച്ചു. കണ്ണശ്ശ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു.

 

ജൈവ വൈവിധ്യ മാനേജിംഗ് (ബിഎംസി) ചെയര്‍മാന്‍ ജിനു തോമ്പുംകുഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആര്‍ പണിക്കര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ഏബ്രഹാം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ എം രമേഷ് കുമാര്‍, ബ്ലോക്ക് വനിതാ ക്ഷേമ ഓഫീസര്‍ സി എല്‍ ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈകളും നട്ടു

ബാല പാര്‍ലമെന്റ് (ഫെബ്രുവരി  3)

ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ബാലപാര്‍ലമെന്റ് നടക്കും. മല്ലപ്പള്ളി മാര്‍ ഡയനേഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന  ബാലപാര്‍ലമെന്റിന്റെ ഉദ്ഘാടനം രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കിണങ്ങിയ ലോകം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട ശ്രദ്ധതിരിക്കലിന്റെ ഭാഗമായാണ് സംസ്ഥാന ശിശുക്ഷേമ സമിതിയും ജില്ലാ ബാലസംഘവും ബാല പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.

 

 

error: Content is protected !!