പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/01/2024 )

അര്‍ഹതയുള്ളവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന  സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനോപകാരപ്രദമായ ഒരു വലിയ കര്‍ത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ്  മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്.  നവകേരളസദസ്സിലും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിച്ചവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ താലൂക്കിലെ 10 കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ഫെബ്രുവരി അഞ്ചിന് ശേഷം 90 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. അക്ഷയ സെന്റര്‍ മുഖേനയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ ഫെബ്രുവരി അഞ്ചിന് ശേഷം പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബര്‍ 10 മുതല്‍ 30 വരെയുള്ള തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരെയും നവകേരളസദസ്സില്‍ അപേക്ഷിച്ചവരെയുമാണ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ. ഷിബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, വകുപ്പുതല ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു.

 

നാഷണല്‍ ട്രസ്റ്റ് ഹിയറിങ്്: 14 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു
ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷാകര്‍ത്തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്  ഹിയറിങില്‍ 14 പേര്‍ക്ക് രക്ഷിതാക്കളെ അനുവദിച്ചു. ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റിയിലാണ് അപേക്ഷകര്‍ക്ക് നിയമപരമായി രക്ഷിതാക്കളെ അനുവദിച്ചത്. വസ്തു, പെന്‍ഷന്‍, വഴി സംബന്ധമായ രണ്ടു വീതം അപേക്ഷകളും വസ്തു സംബന്ധമായി  നിയമ ഉപദേശം തേടിയ ഒരു അപേക്ഷയും തീര്‍പ്പാക്കി. വസ്തു സംബന്ധമായുള്ള രണ്ടു അപേക്ഷകള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിയമ ഉപദേശത്തിനു കൈമാറി.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ വിഭാഗക്കാരെയാണ് നാഷണല്‍ ട്രസ്റ്റിന്റെ കമ്മിറ്റി പരിഗണിക്കുന്നത്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴില്‍  ജില്ലയിലെ ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങള്‍ അപേക്ഷകരുടെ  കുടുംബങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച്  വിശദമായി പഠിച്ച ശേഷമാണ് അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പു വരുത്തുന്ന തരത്തില്‍ അപേക്ഷകളില്‍ തീരുമാനം എടുക്കുന്നത്.
കണ്‍വീനര്‍ കെ.പി രമേശ്, ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജ് സി എസ് രാജശ്രീ, അംഗങ്ങളായ കെ.എം. കുര്യന്‍, അഡീഷണല്‍ ജില്ലാ പോലീസ് ചീഫ് ആര്‍. പ്രദീപ് കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ബി. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശീയ സമ്മതിദായക ദിനാഘോഷം ഇന്ന് (25)

ദേശീയ സമ്മതിദായക ദിനാഘോഷം 2024 ന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു (25) 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബു നിര്‍വഹിക്കും. ചടങ്ങില്‍ നോവലിസ്റ്റും കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ജില്ലാ സ്വീപ്പ് ഐക്കണുമായ ബെന്യാമിന്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലികൊടുക്കും. എഡിഎം ബി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി കളക്ടര്‍മാര്‍,  വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ വോട്ടേഴ്സ് ഡേ അറിവരങ്ങ് 2024 എന്ന പേരില്‍ ക്വിസ് മത്സരം ഇന്ന് (25) തിരുവല്ല സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍സില്‍ നടത്തും.

അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.എ നാച്ചുറല്‍ സയന്‍സ് താല്‍ക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി- എന്‍ എസ്, ബി.എഡ്, കെ -ടെറ്റ് യോഗ്യത ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 29 രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04735 251153

ടെന്‍ഡര്‍

മല്ലപ്പള്ളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ഏഴു പഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍  സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച് ഉച്ചയ്ക്ക് ഒരുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പള്ളി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0468 2681233.

ടെണ്ടര്‍ ക്ഷണിച്ചു.
പറക്കോട് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയപരിധിയിലെ നാലു പഞ്ചായത്തുകളിലെ 111 അങ്കണവാടികള്‍ക്ക് 2023 -2024  സാമ്പത്തിക വര്‍ഷത്തേക്ക്  ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താല്പര്യമുള്ള  വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴിന് ഉച്ചക്ക് പന്ത്രണ്ടു വരെ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ടു വരെ. വിശദ വിവരങ്ങള്‍ക്ക് പറക്കോട് ശിശുവികസനപദ്ധതി ഓഫിസുമായി ബന്ധപ്പെടുക.

 

എബിസി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജനങ്ങളുടെ
സഹകരണം ഉണ്ടാകണം: മന്ത്രി ജെ ചിഞ്ചുറാണി

എബിസി സെന്ററുകള്‍ ആരംഭിക്കുന്നതിനു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുളിക്കീഴ് മൃഗാശുപത്രിക്ക് സമീപം എബിസി (ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍) കേന്ദ്രത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നു മന്ത്രി.  തെരുവു നായ്ക്കള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ബ്ലോക്കുകളിലും എബിസി സെന്റര്‍ ആരംഭിക്കണമെന്നു തദ്ദേശ സ്വയം ഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും തീരുമാനിച്ചത്. ഫണ്ടുണ്ടെങ്കിലും പല ജില്ലകളിലും സെന്ററിനു സ്ഥലം ലഭ്യമാകാത്ത അവസ്ഥയാണ്. എബിസി സെന്റര്‍ ആരംഭിക്കുന്നതിനു പ്രദേശികമായി സ്ഥലം ലഭ്യമാക്കാന്‍ ജനങ്ങളുടെ സഹായം ഉണ്ടാകണം. ചിലയിടങ്ങളില്‍ സെന്റര്‍ ആരംഭിക്കുന്നതിനു മൃഗാശുപത്രിക്ക് സമീപം സ്ഥലം ഏറ്റെടുത്തു. എബിസി സെന്ററിനായി റവന്യുഭൂമി ആദ്യം നല്‍കിയത് പത്തനംതിട്ട ജില്ലായാണെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധ്യംകരണവും വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് വാക്‌സിനേഷനും ലൈസന്‍സ് സംവിധാനവും വഴി പ്രവര്‍ത്തനം ശക്തമാക്കും. ജില്ലകള്‍ ആവശ്യപ്പെടുത്തതനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കള്‍ പെരുകുന്നത് തടയുകയാണ് എബിസി സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ വഹിച്ചു. തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുകയെന്നതാണ് പ്രായോഗികമായി ചെയ്യാന്‍ സാധിക്കുന്നത്. ക്രമനുഗതമായി സമൂഹത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമാണ് എബിസി കേന്ദ്രത്തിലൂടെ നടപ്പാക്കുന്നത്. ഭക്ഷണം പദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുന്ന ജീവിതരീതിയില്‍ മാറ്റം ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ജില്ലയുടെ എബിസി കേന്ദ്രം പുളിക്കീഴ് മൃഗാശുപത്രിക്ക് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആധുനീക സംവിധാനം ഉള്‍ക്കൊള്ളുന്ന കെട്ടിടം ഒരു കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.ശാസ്ത്രീയ മൃഗ ചികിത്സാ ഉറപ്പു വരുത്താന്‍ കഴിയുന്ന സ്ഥാപനമാണിത്. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ആര്‍. സനല്‍കുമാര്‍,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി. പി. അനന്തകൃഷ്ണന്‍, ത്രിതലപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഭൂമി തരം മാറ്റല്‍ അദാലത്ത് : തിരുവല്ല റവന്യൂ ഡിവിഷനില്‍
315 അപേക്ഷകള്‍ തീര്‍പ്പാക്കി

ഭൂമി തരം മാറ്റല്‍ അദാലത്തില്‍ തിരുവല്ല റവന്യൂ ഡിവിഷനില്‍ സൗജന്യ തരം മാറ്റം അനുവദിച്ച് 315 അപേക്ഷകള്‍ തീര്‍പ്പാക്കി. തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന അദാലത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ 178 അപേക്ഷകര്‍ക്ക് ഉത്തരവ് വിതരണം ചെയ്തു. സൗജന്യ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്. തിരുവല്ല റവന്യു ഡിവിഷനു കീഴിലുള്ള മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്കുകളില്‍ നിന്നായി ലഭിച്ച അപേക്ഷകളാണ് തീര്‍പ്പാക്കിയത്.
അവശേഷിക്കുന്ന ഏഴെണ്ണത്തിലെയും കുറവുകള്‍ പരിഹരിച്ച് ജനുവരി 30നു മുന്‍പായി തീര്‍പ്പാക്കും. തിരുവല്ല റവന്യു ഡിവിഷന് കീഴില്‍ സൗജന്യ തരംമാറ്റത്തിന് അര്‍ഹതയുളള അപേക്ഷകളില്‍ 97 ശതമാനം തീര്‍പ്പ് ആയി. ഭൂമി തരംമാറ്റി ലഭിക്കാനായി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്കാണ് അദാലത്ത് ആശ്വാസമായത്. റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അഡ്വ.മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എ ഷിബു, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൊഴില്‍ മേള
കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരും കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 25 ന് രാവിലെ ഒന്‍പതിന് തിരുവല്ല ഡയറ്റ് സെന്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ളതും പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും നിര്‍ബന്ധമായും കൊണ്ടുവരണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. ഫോണ്‍ – 8075754285

സംരഭകത്വ വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) ഫെബ്രുവരി അഞ്ച് മുതല്‍ ഒന്‍പത് വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍  വര്‍ക്ഷോപ്പ് സംഘടിപ്പിക്കും.താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഫെബ്രുവരി രണ്ടിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍ – 0484 2532890, 2550322, 9605542061

error: Content is protected !!