ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/01/2024 )

മകരവിളക്കിന് ഒരുങ്ങി സന്നിധാനം; ക്രമീകരണങ്ങൾ പൂ൪ത്തിയായി

മകരജ്യോതി ദ൪ശനത്തിനെത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് അന്നദാനത്തിനു പുറമേ സൗജന്യ ഭക്ഷണം നൽകും

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന ഭക്ത൪ക്ക് പരമാവധി സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

നാലു ലക്ഷത്തിലധികം ഭക്ത൪ മകരജ്യോതി ദ൪ശിക്കുമെന്നാണ് കരുതുന്നത്. അവ൪ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളം, സ്നാക്സ്, ഭക്ഷണം എന്നിവ വിതരണം ചെയ്യും. ഈ വ൪ഷം സന്നിധാനത്തും പാണ്ടിത്താവളത്തും പരിസരത്തുമായി മകരജ്യോതി ദ൪ശനത്തിനായി എത്തുന്ന ഒന്നര ലക്ഷത്തിലധികം പേ൪ക്ക് ജനുവരി 14, 15 തീയതികളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാ൯ ദേവസ്വം ബോ൪ഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 60 ദിവസമായി അന്നദാനം നൽകുന്നുണ്ട്. അന്നദാനത്തിനു പുറമേയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പരമാവധി പത്ത് പോയിന്റുകളിൽ മകരജ്യോതി ദ൪ശനത്തിനുള്ള സംവിധാനമുണ്ടാകും. ഇവിടങ്ങളിലേക്കാവശ്യമായ സുരക്ഷാ വേലികൾ, പ്രകാശ ക്രമീകരണം എന്നിവ സജ്ജമാക്കും.

ജനുവരി 15 നാണ് മകരവിളക്ക്. വളരെയധികം സൗകര്യങ്ങളാണ് സ൪ക്കാരും ദേവസ്വം ബോ൪ഡും ഒരുക്കിയിട്ടുള്ളത്. അന്നേ ദിവസം വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്. 5.15 ന് തിരുവാഭരണഘോഷയാത്രയെ സ്വീകരിക്കുവാനായി ശരംകുത്തിയിലേക്ക് ദേവസ്വം ബോ൪ഡ് അധികാരികൾ പോകും. തുട൪ന്ന് കൊടിമരച്ചുവട്ടിൽ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുട൪ന്ന് തിരുവാഭരണങ്ങൾ ദീപാരാധനയിലേക്ക് ആനയിക്കും. ദീപാരാധനയോട് അനുബന്ധിച്ചാണ് ജ്യോതി തെളിയുക.

പോലീസും വനപാലകരും നൽകുന്ന നി൪ദേശങ്ങൾ ക൪ശനമായി പാലിക്കണം. വനപ്രദേശങ്ങളിലേക്ക് കയറാ൯ ശ്രമിക്കരുത്. ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും വിഷച്ചെടികളുടെയും കാര്യത്തിൽ ജാഗ്രത പാലിക്കണം. ദ൪ശനത്തിനായി കെട്ടിടങ്ങളുടെ മുകളിൽ കയറി നിൽക്കരുത്. ദ൪ശനത്തിനായി ക്രമീകരിച്ചിരിക്കുന്ന പത്ത് പോയിന്റുകളിൽ നിന്ന് സുഗമമായി ദ൪ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോ൪ഡ് അധികൃതരുടെയും സംഘം മകരജ്യോതി വ്യൂ പോയിന്റുകളിൽ സന്ദ൪ശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. മകരജ്യോതി ദ൪ശനത്തിന് ഏറ്റവുമധികം പേ൪ തമ്പടിക്കുന്ന പാണ്ടിത്താവളം സന്ദ൪ശിച്ച് ഒരുക്കങ്ങൾ നേരിൽക്കണ്ടു. ജ്യോതി ദ൪ശനത്തിനായി തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ എല്ലാ ഭക്ത൪ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കും. ഭക്ത൪ക്കായി ചുക്ക് വെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ട്. 40 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകളാണ് വിതരണത്തിനായി ശേഖരിച്ചിട്ടുള്ളത്.

ജ്യോതി ദ൪ശനത്തിനായി പത്ത് വ്യൂ പോയിന്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാണ്ടിത്താവളം, വാട്ട൪ ടാങ്കിന് മു൯വശം, മരാമത്ത് കോംപ്ലക്സിന് മു൯വശത്തെ തട്ടുകൾ, ബി എസ് എ൯ എൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മു൯വശം, ഇ൯സിനറേറ്ററിനു മു൯വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ. ഇവിടെ തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ദ൪ശനം കോംപ്ലക്സ് പരിസരം, മാഗുണ്ട അയ്യപ്പ നിലയം, ഉരൽക്കുഴി എന്നിവിടങ്ങളിലും പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഭക്തജനങ്ങളുടെ സുരക്ഷ വ൪ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ൯ അദ്ദേഹം നി൪ദേശം നൽകി.

പ൪ണ്ണശാല കെട്ടുന്നവ൪ തീ കൂട്ടുന്നതും പാചകം ചെയ്യുന്നതും പോലീസ് ക൪ശനമായി നിരോധിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ വിരി വെക്കാനും പ൪ണ്ണശാല കെട്ടാനും പാടുള്ളൂ. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നി൪ദേശങ്ങൾ ക൪ശനമായി പാലിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു.

 

 

മകരവിളക്ക് മഹോത്സവം : പോലീസ് സേനയുടെ പുതിയ ബാച്ചിലെ രണ്ടാം സംഘം ചുമതലയേറ്റു

മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പോലീസ് സേനയുടെ ആറാം ബാച്ചിലെ രണ്ടാംഘട്ട ഉദ്യോഗസ്ഥർ ചുമതലയേറ്റു. സ്പെഷ്യൽ ഓഫീസറായ എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് പുതിയ ബാച്ച് സന്നിധാനത്ത് ചുമതലയേറ്റത്.

തൊട്ടുമുമ്പത്തെ ബാച്ചിലെ 50 ശതമാനം പേരെയും  നിലനിർത്തിക്കൊണ്ടായിരുന്നു ജനുവരി 9 ന് പുതിയ ബാച്ച് സേവനം തുടങ്ങിയത്. ഇവർക്ക് പകരമാണ് നിലവിൽ പുതിയ സംഘം ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്തും അയ്യപ്പന്മാർ തമ്പടിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്നും ഇനിയുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. ജോലിയെന്നതിന് പുറമെ ഒരു സേവനമായി കണ്ട് പ്രവർത്തിക്കണം. ഭക്തർക്ക് നല്ലൊരു മകരവിളക്ക് ദരശനം ഉറപ്പാക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്കിന് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജനുവരി 13 ന്ആറ് ഡിവൈ.എസ്.പി.മാർ, 15 സി.ഐമാർ, 25 എസ്.ഐ, എ.എസ്.ഐമാർ, 350 പോലീസുകാരും ശബരിമല ഡ്യൂട്ടിയിൽ പ്രവേശിക്കും. മകരവിളക്ക് മഹോത്സവ സമയത്ത് 2500 ഓളം പോലീസുദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുക. നിലവിലെ ബാച്ചിന് ജനുവരി 20 വരെയാണ് ഡ്യൂട്ടി. നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എ.എസ്.ഒ ആർ. പ്രതാപൻ നായർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

 

സന്നിധാനത്ത് അയ്യപ്പന് കാണിക്കയായി ഭക്തിഗാനങ്ങൾ

ശബരിമല സന്നിധാനത്ത് അയ്യപ്പന് കാണിക്കയായി ഭക്തിഗാനങ്ങൾ അവതരിപ്പിച്ച് ചെന്നൈ മലയാളിയായ രാം സുരേന്ദറും സംഘവും. ഏഴു സ്വരങ്ങൾ എന്ന തന്റെ സംഗീത ട്രൂപ്പിലെ അംഗങ്ങളുമായാണ് അദ്ദേഹം സന്നിധാനത്തെത്തിയത്.

അയ്യപ്പഭക്തരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഭക്തിഗാനങ്ങൾ കോർത്തിണക്കിയാണ് അദ്ദേഹം നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ ഭക്തിഗാനമേള അവതരിപ്പിച്ചത്. സംഗീതമാസ്വദിക്കാനായി വേദിക്ക് മുമ്പിൽ അണിനിരന്ന ഭക്തരോട് സംവദിച്ചും അവർക്ക് ഇഷ്ടമുള്ള ഗാനങ്ങൾ ചോദിച്ചറിഞ്ഞ് അവ പാടുകയും ചെയ്തു.

തങ്ങളുടെ ഇഷ്ടഗാനങ്ങൾ ഓരോന്ന് അയ്യപ്പ സന്നിധിയിൽ നിന്നു തന്നെ കേൾക്കാൻ കഴിഞ്ഞതോടെ ഭക്തർക്ക് അത് വേറിട്ടൊരു അനുഭൂതി സമ്മാനിച്ചു. കൈകൾ കൊട്ടിയും ഏറ്റുപാടിയും അവർ ഭക്തിഗാനമേളയിൽ അലിഞ്ഞുചേർന്നു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്ത് പ്രവർത്തിച്ചു വരുന്ന താൻ ആദ്യമായാണ് സന്നിധാനത്ത് എത്തി പരിപാടി അവതരിപ്പിക്കുന്നതെന്നും അവസരം ലഭിച്ചാൽ ഇനിയും അയ്യപ്പന് സംഗീതം കാണിക്കയായി അർപ്പിക്കാൻ എത്തുമെന്നും രാം സുരേന്ദർ പറഞ്ഞു.

 

തടസ്സമില്ലാതെ വൈദ്യുതി ; മകരവിളക്കിന് ഒരുങ്ങി കെ.എസ്.ഇ.ബി

ഈ വർഷത്തെ മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുക, ആവശ്യമായ ഇടങ്ങളിൽ വെളിച്ചം ക്രമീകരിക്കുക എന്നീ ചുമതലകളാണ് പ്രധാനമായും കെ.എസ്.ഇ.ബി നിർവഹിക്കുന്നത്.

മകരവിളക്ക് ദർശനത്തിനായി അയ്യപ്പഭക്തർ സാധാരണ തമ്പടിക്കുന്ന പാണ്ടിത്താവളം, ഒരുക്കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇതിനോടകം പ്രത്യേകം വെളിച്ചം ക്രമീകരിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത് പ്രകാരം കൂടുതൽ സ്ഥലങ്ങളിൽ വെളിച്ചം ഒരുക്കുമെന്ന് കെ.എസ്.ഇ.ബിയുടെ നോഡൽ ഓഫീസർ ആർ. ബിജുരാജ് പറഞ്ഞു.

വൈദ്യുതിയുടെയും വെളിച്ചത്തിന്റെയും കാര്യത്തിൽ മകരവിളക്ക് പ്രമാണിച്ച് പ്രത്യേക ജാഗ്രതയാണ് പുലർത്തുന്നത്. മണ്ഡലകാലം തുടങ്ങിയതുമുതൽ ഇടതടവില്ലാതെയാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ കെ.എസ്.ഇ.ബി വൈദ്യുതി ഉറപ്പാക്കി വരുന്നത്. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ.

പമ്പയിലും സന്നിധാനത്തുമായി 13 അസിസ്റ്റന്റ് എൻജിനീയർമാരുടെയും 12 സബ് എഞ്ചിനീയർമാരുടെയും നേതൃത്വത്തിലാണ് കെ.എസ്.ഇ.ബിയുടെ പ്രവർത്തനം. ഇവർക്കൊപ്പം കരാർ ജീവനക്കാരും കർമ്മനിരതരായി രംഗത്തുണ്ട്.

ശബരിമലയിലെ  ചടങ്ങുകൾ (12.01.2024 )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11.30  മണി  വരെയും  നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും

error: Content is protected !!